അപകടകാരിയായ തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അപകടകരമെന്ന് കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് വ്യക്തമാക്കി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം നിയമവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് മനേക ഗാന്ധി പറഞ്ഞു. നായ്ക്കളെ കൂടുതല്‍ അക്രമോത്സുകരാക്കാനേ നീക്കം സഹായിക്കൂ എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. നായ്ക്കളുടെ വന്ധ്യംകരണമാണ് പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമെന്ന്‍ ചൂണ്ടിക്കാട്ടിയ അവര്‍ ഇതിനായി ദേശീയ മൃഗക്ഷേമ ബോര്‍ഡ് നല്‍കിയ പണമെല്ലാം കേരളം എന്ത് ചെയ്തുവെന്നും ആരാഞ്ഞു. അപകടകാരികളായ നായ്ക്കളെ കൊല്ലാനുള്ള തീരുമാനം ഏതൊരു തെരുവ് നായയേയും കൊല്ലാനായി ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
നായ്ക്കളെ കൊല്ലുന്നത് പെണ്‍പട്ടികള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്ന് അവര്‍ പറഞ്ഞു. പുറത്തുനിന്ന് നായകള്‍ വരാനും സാധ്യത കൂടും. താന്‍ കേരളീയരുടെ ഒപ്പം തന്നെയാണെന്നും എന്നാല്‍ നായ്ക്കളെ കൊല്ലുന്നത് വഴി നിയമം ലംഘിക്കുകയും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് തുടരുകയുമാണ് ആളുകള്‍ ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ അഞ്ച് ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടായിരുന്നത് വന്ധ്യംകരണം നടപ്പിലാക്കിയതോടെ 70,000 ആയി കുറഞ്ഞെന്ന് ആവര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ ജനസംഖ്യയും മാലിന്യവും ഇക്കാലയളവില്‍ ഉയരുകയാണ് ഉണ്ടായത്. മാലിന്യം വര്‍ധിക്കുന്തോറും എലികള്‍ വര്‍ധിക്കുകയും അവയെ തിന്നാന്‍ നായകളും വരികയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ കനത്ത നഗരവല്‍ക്കരണവും മാലിന്യ വര്‍ധനവും തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നായ്ക്കളെ കൊല്ലരുതെന്ന് 2015 നവംബറിലും ഈ വര്‍ഷം മാര്‍ച്ചിലും സുപ്രീംകോടതി വ്യക്തമാക്കിയതാണെന്ന് പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചാല്‍, മൃഗക്ഷേമ ബോര്‍ഡും മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് വന്ധ്യംകരണം നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിന് വ്യക്തമായ നടപടിക്രമങ്ങളും സുപ്രീംകോടതി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. നായ്ക്കളെ കൊന്നൊടുക്കുന്നത് പ്രശ്നത്തിന് പരിഹാരമല്ലെന്ന് ഇത് നടപ്പിലാക്കാന്‍ ശ്രമിച്ച മുംബൈ കോര്‍പറേഷന്‍ വ്യക്തമാക്കിയതാണെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസനീയമല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കേരളത്തില്‍ വിനോദ സഞ്ചാര സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായിട്ടുള്ള ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരുണ്ടെന്നു അദ്ദേഹം ആരോപിച്ചു. സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ പെരുപ്പിച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.