Skip to main content

ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തെരുവ്  നായ്ക്കളെ പ്രത്യകം മരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ഇതിനുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കി തദ്ദേശ സ്വയം ഭരണ  സ്ഥാപനങ്ങള്‍ക്ക് അയക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് സ്ത്രീ മരിച്ചിരുന്നു.

 

നായ്ക്കളെ കൊല്ലുന്നതിനുള്ള പണം വരുന്ന പ്ലാന്‍ ഫണ്ടില്‍ വകയിരുത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി  അത് മതിയാവാതെ വരികയാണെങ്കില്‍ ബജറ്റില്‍ പ്രത്യേക തുക വകയിരുത്തുമെന്ന് പറഞ്ഞു.

 

തെരുവുനായ വ്യാപനം തടയാന്‍ വന്ധ്യംകരണം അടക്കമുള്ളവ ഉള്‍പ്പെട്ട എ.ബി.സി പ്രോജക്ട് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു തെരുവുനായയെ വന്ധ്യംകരിക്കാന്‍ 2000 രൂപ ചിലവ് വരും. ആവശ്യത്തിന് ഡോക്ടര്‍മാരും വേണം. വെറ്റിനറി മെഡിസിന്‍ വിദ്യാര്‍ത്ഥികളുടെ കോഴ്‍സിന്റെ അവസാന വര്‍ഷം സ്റ്റൈപന്റ് നല്‍കി ഇതിന് ഉപയോഗിക്കാന്‍ കഴിയുമോ എന്ന് അതത് സ്ഥാപന മേധാവികളുമായി ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് ബ്ലോക്കുകളില്‍ ഒരു വന്ധ്യംകരണ യൂണിറ്റ് എന്ന തരത്തിലാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.