Skip to main content
കൊഹിമ

 

നാഗാലാന്‍ഡിലെ ദിമാപൂരില്‍ ബലാല്‍സംഗക്കേസിലെ പ്രതിയെ വ്യാഴാഴ്ച വൈകുന്നേരം ആള്‍ക്കൂട്ടം ജയില്‍ ഭേദിച്ച് പുറത്തിറക്കി വധിച്ചു. നഗ്നനാക്കി പരസ്യമായി നടത്തിച്ച ശേഷമാണ് വധിച്ചത്. ആള്‍ക്കൂട്ടത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.

 

സ്ഥിതിഗിതികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ആശങ്ക പ്രകടിപ്പിച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചതായും കേന്ദ്ര-സംസ്ഥാന സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സിങ്ങ് വെള്ളിയാഴ്ച പറഞ്ഞു. സുരക്ഷാ പിഴവുകള്‍ അന്വേഷിക്കുമെന്ന് നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി ടി.ആര്‍ സെലിയങ്ങ് പറഞ്ഞു.

 

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനായ ഫരീദ് ഖാന്‍ (35 ) എന്നയാളാണ് കൊല്ലപ്പെട്ടത്. ദിമാപൂരില്‍ ഒരു നാഗാ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫെബ്രുവരി 24-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിമാപൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാളെ തടവില്‍ വെച്ചിരിക്കുകയായിരുന്നു.

 

നാഗാലാന്‍ഡില്‍ നിന്ന്‍ ‘വിദേശികളെ’ കണ്ടെത്തി നാടുകടത്തണമെന്ന് ആവശ്യപ്പെടുന്ന സമരങ്ങള്‍ ശക്തിപ്പെടുന്ന ഘട്ടത്തിലാണ് സംഭവം. വിദ്യാര്‍ത്ഥികളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് നിരോധനാജ്ഞ ലംഘിച്ച് ജയില്‍ ആക്രമിച്ചത്. ബുധനാഴ്ച മുതല്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

 

പോലീസ് ആദ്യം ആകാശത്തേക്കും പിന്നീട് ആള്‍ക്കൂട്ടത്തിന് നേര്‍ക്കും വെടിവെച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയെ നഗ്നനാക്കി കയര്‍ കെട്ടിവലിച്ച് ഏഴു കിലോമീറ്റര്‍ അകലെയുള്ള ദിമാപൂര്‍ പട്ടണത്തിലേക്ക് നടത്തിക്കുകയായിരുന്നു. ഇതിനിടയില്‍ അടിയും ചവിട്ടുമേറ്റ് ഇയാള്‍ മരിച്ചു. മരിച്ച ശേഷവും ആള്‍ക്കൂട്ടം ദേശീയപാതയിലൂടെ മൃതദേഹം കെട്ടിവലിച്ചു. പോലീസ് മൃതദേഹം ഏറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴും സംഘര്‍ഷമുണ്ടായി.

 

20-ല്‍ അധികം കടകള്‍ നശിപ്പിച്ച ആള്‍ക്കൂട്ടം ഒരു പോലീസ് ജീപ്പടക്കം പത്ത് വാഹനങ്ങള്‍ കത്തിച്ചു. വെടിവെപ്പില്‍ പരിക്കേറ്റ ഇനിടോ സേമ (25) എന്നയാളാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. മറ്റ് നാല് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.