ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ എം. കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷനായി വെള്ളിയാഴ്ച വീണ്ടും തെരഞ്ഞെടുത്തു. ഇത് പതിനൊന്നാം തവണയാണ് കരുണാനിധി ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1969 പാര്‍ട്ടി സ്ഥാപകനായ സി.എന്‍ അണ്ണാദുരൈയുടെ മരണത്തിന് ശേഷം കരുണാനിധിയാണ് ഡി.എം.കെയുടെ അദ്ധ്യക്ഷന്‍.
മുതിര്‍ന്ന നേതാവ് കെ. അന്‍പഴകനെ ജനറല്‍ സെക്രട്ടറിയായും കരുണാനിധിയുടെ മകന് എം.കെ സ്റ്റാലിനെ ഖജാന്‍ജിയായും വീണ്ടും തെരഞ്ഞെടുത്തു. നേരത്തെ, നാല് വര്‍ഷ കാലാവധിയുള്ള അദ്ധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള കരുണാനിധിയുടെ തീരുമാനത്തില്‍ സ്റ്റാലിന് അതൃപ്തനാണെന്നും ഖജാന്‍ജി സ്ഥാനം രാജിവെച്ചതായും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും മറ്റും വിവിധ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 2013-ല്‍ പാര്‍ട്ടിയില്‍ തന്റെ പിന്‍ഗാമിയായി സ്റ്റാലിനെ കരുണാനിധി പ്രഖ്യാപിച്ചിരുന്നു.
രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴി വനിതാ വിഭാഗത്തിന്റെ സെക്രട്ടറിയാണ്.