യു.എസ് രഹസ്യാന്വേഷണ ഏജന്‍സി എന്‍.എസ്.എ നടത്തുന്ന വിവരചോരണം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് റഷ്യ താമസ അനുമതി നല്‍കി. ആഗസ്ത് ഒന്ന്‍ മുതല്‍ മൂന്ന്‍ വര്‍ഷത്തേക്ക് കാലാവധിയുള്ളതാണ് അനുമതിയെന്ന്‍ സ്നോഡന്റെ അഭിഭാഷകന്‍ അറിയിച്ചു. യു.എസ് പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ മോസ്കോ വിമാനത്താവളത്തില്‍ കഴിഞ്ഞിരുന്ന സ്നോഡന് റഷ്യ ഒരു വര്‍ഷത്തെ താല്‍ക്കാലിക അഭയം നല്‍കുകയായിരുന്നു.
സ്നോഡന്‍ രാഷ്ട്രീയ അഭയത്തിനായി അപേക്ഷ നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. റഷ്യയിലെവിടേയും സഞ്ചരിക്കുന്നതിനും മൂന്ന്‍ മാസത്തില്‍ താഴെയുള്ള വിദേശ സന്ദര്‍ശനത്തിനും സ്നോഡന് അനുമതിയുണ്ട്. സ്നോഡന്‍ വൈകാതെ വാര്‍ത്താസമ്മേളനം നടത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു. റഷ്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുന്ന കാര്യത്തില്‍ സ്നോഡന്‍ തീരുമാനമെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. താമസ അനുമതിയില്‍ അഞ്ച് വര്‍ഷം കഴിയുന്നവര്‍ക്ക് റഷ്യയില്‍ പൗരത്വത്തിന് അപേക്ഷ നല്‍കാം.
2013 മെയില്‍ യു.എസില്‍ നിന്ന്‍ ഹോങ് കോങ്ങിലെത്തിയാണ് എന്‍.എസ്.എ യില്‍ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡന്‍ വിവരചോരണ സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. ഇവിടെ നിന്ന്‍ ക്യൂബയിലേക്കുള്ള യാത്രാമദ്ധ്യേ യു.എസ് പാസ്പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ മോസ്കോയില്‍ നിന്ന്‍ പുറപ്പെടാന്‍ കഴിയാതെ വരികയായിരുന്നു.