Skip to main content
അഗര്‍ത്തല

 

ത്രിപുരയിലെ രാജ്യാന്തര അതിര്‍ത്തിയ്ക്കു സമീപം സമീപം മയക്കുമരുന്നിടപാടുകാരെ പിടികൂടാൻ ചെന്ന ബി.എസ്.എഫ് സൈനികര്‍ ഗ്രാമീണരുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു ബി.എസ്.എഫ് സൈനികനും ഒരു ഗ്രാമീണനുമാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഗ്രാമീണര്‍ക്കും ഒരു സൈനികനും സാരമായി പരിക്കേറ്റു. ഇതേതുടര്‍ന്ന് അഗര്‍ത്തലയില്‍ സംഘര്‍ഷം തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു.

 

സൗത്ത് രാംനഗറിൽ മയക്കുമരുന്ന് വിറ്റവരെ രക്ഷപ്പെടുത്താൻ ഗ്രാമീണര്‍ സൈനികരെ തടയുകയായിരുന്നെന്ന് ബി.എസ്.എഫ് ഡി.ഐ.ജി ബി.എസ്. റാവത്ത് പറഞ്ഞു. പ്രദേശവാസികള്‍ അതിര്‍ത്തിയ്ക്കു സമീപത്തേക്കു പോകുന്നത് തടയുകയും നാട്ടുകാരെ പിരിച്ചുവിടാന്‍ വെടിയുതിര്‍ക്കുകയും ചെയ്ത ജവാനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബി.എസ്.എഫ് അറിയിച്ചു. ജവാന്റെ ആയുധങ്ങളും സംഘം കവര്‍ന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ജവാന്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ വാദം. ഇയാളുടെ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.