Skip to main content
തിരുവനന്തപുരം

ramesh chennithalaബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട പരാതികള്‍ തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി പ്രഖ്യാപിച്ചു. ബ്ലേഡ് മാഫിയക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

ബ്ലേഡ് മാഫിയയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി നിവേദിതാ പി. ഹരനും ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ബ്ലേഡ് മാഫിയക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷന്‍ കുബേര്‍' തുടരും. ഇതിനായി ഓരോ ജില്ലയിലും ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

 

ബ്ലേഡ് മാഫിയകളില്‍ നിന്നും ഭീഷണി നേരിടുന്നവര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഫോണ്‍ വഴിയോ സോഷ്യല്‍ മീഡിയകളിലൂടെയോ ആഭ്യന്തര മന്ത്രിക്ക് പരാതികള്‍ അറിയിക്കാം. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സുക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി. ആഭ്യന്തരവകുപ്പ് മന്ത്രിയുടെ മൊബൈല്‍ നമ്പര്‍ : 9447777100.

Tags