ബാര്‍ ലൈസന്‍സ് വിഷയത്തില്‍ താന്‍ മുന്നോട്ടുവച്ച ഫോര്‍മുല പ്രസക്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തന്റെ ഫോര്‍മുലയെക്കുറിച്ച് ചര്‍ച്ച നടന്നുവരികയാണെന്നും ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതൊക്കെ ഉടനെ പരിഹരിക്കപ്പെടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ ടു സ്റ്റാര്‍ സൗകര്യമുള്ളവയ്ക്ക് മാത്രം ലൈസന്‍സ് നല്‍കണമെന്നും നിലവില്‍ ലൈസന്‍സ് നല്‍കിയവയില്‍ നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടണമെന്നുമുള്ള നിര്‍ദേശങ്ങളാണ് ചെന്നിത്തല മുന്നോട്ട് വച്ചിട്ടുള്ളത്. ഒരാള്‍ മദ്യവിരുദ്ധനും മറ്റെല്ലാവരും മദ്യ ലോബികളുടെ ആളുകളുമാണെന്ന നിലപാട് ശരിയല്ലെന്നുള്ള കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.