രാജ്യത്തിന്റെ പതിനാറാമത് ലോകസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് മണിയ്‌ക്ക് ആരംഭിച്ച പോളിങ് തുടക്കത്തില്‍ മന്ദഗതിയിലാണ്. ആസാമിലെ തേസ്പുര്‍, കാലിബോര്‍, ജോര്‍ഹട്ട്, ദിബ്രുഗഡ്, ലക്കിംപൂര്‍ എന്നിവിടങ്ങളിലും ത്രിപുര വെസ്റ്റിലുമാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
മുന്‍കാലങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി അസ്സമില്‍ നിരോധിക്കപ്പെട്ട വിഘടനവാദ സംഘടനയായ ഉള്‍ഫയുടെ വിഭാഗങ്ങളൊന്നും തെരഞ്ഞെടുപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയിട്ടില്ല. അതേസമയം, ഉള്‍ഫയുടെ സ്ഥാപകദിനമാണ് ഏപ്രില്‍ ഏഴു എന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. അസ്സം പോലീസിന്റേയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടേയും 240 കമ്പനികളെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.
ആറ് മണ്ഡലങ്ങളിലെ 76 ലക്ഷത്തോളം വോട്ടര്‍മാരാണുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പിനായി 1221 പോളിങ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.രണ്ട് സീറ്റുകളുള്ള ത്രിപുരയില്‍ രണ്ടു ഘട്ടങ്ങളായും 14 സീറ്റുകളുള്ള അസമില്‍ മൂന്ന് ഘട്ടങ്ങളായുമാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലുമായി 64 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ആസാമിലെ ബാക്കിയുള്ള മൂന്നു മണ്ഡലങ്ങളില്‍ ഏപ്രില്‍ 12-നും ആറു സീറ്റുകളില്‍ ഏപ്രില്‍ 24-നുമാണു വോട്ടെടുപ്പ്. ത്രിപുരയിലെ രണ്ടാമത്തെ മണ്ഡലമായ ത്രിപുര ഈസ്റ്റില്‍ ഏപ്രില്‍ 12-നും വോട്ടെടുപ്പു നടക്കും.
ആകെ ഒന്‍പത് ഘട്ടമായാണ് രാജ്യത്തെ 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനഘട്ട തെരഞ്ഞെടുപ്പ് മെയ് 12-നാണ്. മെയ് പതിനാറിന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി നിഷേധവോട്ട് രേഖപ്പെടുത്താനുള്ള അവസരം സമ്മതിദായകര്‍ക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.