ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ടും അനുബന്ധ രേഖകളും അടക്കം മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതിയെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കോടതി നിര്‍ദേശം നല്‍കി.
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ മുന്‍പ് പരിഗണിച്ചിരുന്നോ എന്നും വിമാനത്താവളത്തിന് അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 10-ന് മുമ്പ് രേഖകള്‍ ഹാജാരാക്കാനാണ് കോടതി നിര്‍ദ്ദേശം.
അതേസമയം ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആറന്മുള വിമാനത്താവള വിഷയത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും തങ്ങളുടെ നിലപാട് കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കുമെന്നും ആന്റോ ആന്റണി എ.പിയും കെ. ശിവദാസന്‍നായര്‍ എം.എല്‍.എയും പറഞ്ഞു.