Skip to main content

കൊല്‍ക്കത്ത:  പൊലീസ് കസ്റ്റഡിയില്‍ എസ്.എഫ്.ഐ. നേതാവ് സുദിപ്ത ഗുപ്ത(23) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ആഹ്വാനം ചെയ്ത ബന്ദ്‌ കൊല്‍ക്കത്തയില്‍ പൂര്‍ണ്ണം. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സുദിപ്ത കൊല്ലപ്പെട്ടത്.  സംഭവത്തില്‍ മനുഷ്യാവകാശക്കമ്മീഷന്‍ പ്രത്യേക അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.

 

എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ്‌സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ബസ് അതിവേഗത്തില്‍ വളവുതിരിഞ്ഞപ്പോള്‍ തെറിച്ചുവീണ് തല പോസ്റ്റിലിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നിലപാട്.  സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ബസ് ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.  

 

എന്നാല്‍ പോലീസ് മര്‍ദനംമൂലമാണ് സുദീപ്ത കൊല്ലപ്പെട്ടതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. ബസില്‍ വച്ച് പൊലീസ് സുദിപ്തയുടെ തലയ്ക്കു പ്രഹരിച്ചെന്നും അടിയുടെ ശക്തിയില്‍ ഒരു കണ്ണ് പുറത്തേക്ക് തള്ളിയതായും എസ്.എഫ്.ഐ. ജനറല്‍ സെക്രട്ടറി ശതരുപ് ഘോഷ് പറഞ്ഞു. സുദിപ്തക്ക് ഉടന്‍ ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിഷേധിച്ചതായി ഘോഷ് പറഞ്ഞു.