Skip to main content
കോഴിക്കോട്‌

ആർ.എം.പി. നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി ഇന്ന്‍ (ബുധനാഴ്ച). മാറാട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ആര്‍. നാരായണപിഷാരടിയാണ് വിധി പ്രഖ്യാപിക്കുക. ടി.പി കൊല്ലപ്പെട്ട്‌ ഒരു വര്‍ഷവും എട്ട് മാസവും 18 ദിവസവും പൂര്‍ത്തിയാവുന്ന വേളയിലാണു വിചാരണക്കോടതി വിധി പറയുന്നത്‌.

 

സി.പി.എം. വിട്ട്‌ ഒഞ്ചിയത്ത്‌ ആര്‍.എം.പി. എന്ന വിമത സംഘടനയ്‌ക്കു നേതൃത്വം നല്‍കിയ ടി.പി.ചന്ദ്രശേഖരന്‍ 2012 മേയ്‌ നാലിനു രാത്രി പത്തേകാലോടെ വള്ളിക്കാട്‌ ടൗണിലാണു വെട്ടേറ്റു മരിച്ചത്‌. പ്രത്യേകാന്വേഷണസംഘം പ്രതിചേര്‍ത്ത 76 പേരില്‍ 36 പേരാണു വിധി കാത്തിരിക്കുന്നത്‌.


കൊലയാളിസംഘത്തിനു പുറമെ സി.പി.എം കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം പി. മോഹനന്‍, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. 76 പ്രതികളില്‍ 24-ാം പ്രതി ടി.എം.രാഹുല്‍, 52-ാം പ്രതി കെ. മുഹമ്മദ്‌ സാഹിര്‍ എന്നിവരെ പിടികൂടാനായിട്ടില്ല.

 

സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കാരായി രാജന്‍ ഉള്‍പ്പെടെ 22 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ രണ്ടു ഘട്ടങ്ങളിലായി വിചാരണക്കോടതി വെറുതെവിട്ടു. സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷ്‌ ഉള്‍പ്പെടെ മറ്റു 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. വിധി കാത്തിരിക്കുന്നവരില്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളാണു ടി.പിയെ വെട്ടിക്കൊന്നതെന്നാണ്‌ അന്വേഷണസംഘം കണ്ടെത്തിയത്‌.


ഫെബ്രുവരി 11-നു എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ സാക്ഷിവിസ്‌താരം തുടങ്ങി. വിചാരണക്കിടെ ജൂലൈ അഞ്ചിന്‌ ഒമ്പതാം പ്രതി സി. എച്ച്‌. അശോകന്‍ കാന്‍സര്‍ബാധയെ തുടര്‍ന്നു മരിച്ചു. അവശേഷിക്കുന്ന 56 പേരില്‍ 20 പേരെ വെറുതേവിട്ടു കൊണ്ടു സെപ്‌റ്റംബര്‍ 12-നു കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചു. 


കൊലപാതക കാരണത്താലും കൊലപ്പെടുത്തിയ രീതിയാലും ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെ 166 സാക്ഷികളെയാണു വിചാരണക്കോടതി വിസ്‌തരിച്ചത്‌. 52 പേര്‍ പ്രതിഭാഗത്തിന്‌ അനുകൂലമായി മൊഴിനല്‍കി. 2013 ജൂൈല 31-നകം വിചാരണാ നടപടി പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി മാറാട്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതിക്കു നല്‍കിയ നിര്‍ദേശം. ഇതു പിന്നീടു പലതവണ നീട്ടി ഈ വര്‍ഷം ജനുവരി 30 വരെ സമയം അനുവദിക്കുകയായിരുന്നു.