ശശി തരൂരിനെ പുകച്ച് ചാടിക്കാൻ കോൺഗ്രസിൽ തീവ്രശ്രമം

ഡോ.ശശി തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു. ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വിദേശ സംഘത്തിൻറെ നായകസ്ഥാനം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ചു എന്നതാണ് തരൂരിനെതിരെ ഉന്നയിക്കുന്ന മുഖ്യ ആരോപണം. വ്യക്തി എത്ര ഉന്നതനായാലും പാർട്ടിയെ അംഗീകരിച്ചു വേണം പ്രവർത്തിക്കേണ്ടത് എന്നുള്ളത് നേതാക്കൾ ആവർത്തിക്കുന്നു.
കേരളത്തിലും അതിശക്തമായി തരൂരിനെതിരെ വികാരം ഉണ്ടാക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്. കെ സി വേണുഗോപാൽ എംപിയുടെ സ്ഥാപിത താല്പര്യമാണ് യഥാർത്ഥത്തിൽ തരൂരിനെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ അടുപ്പിക്കാതെ നിർത്തിയിരിക്കുന്നത്. അതിന് കാരണം കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും . ഉമ്മൻചാണ്ടിയെ അനുകൂലിച്ചിരുന്ന നല്ലൊരു വിഭാഗം തരൂരിനെ അനുകൂലിക്കുന്നവരാണ്.അതോടൊപ്പം തന്നെ ഘടകകക്ഷികളും സമുദായിക സംഘടനകളും ആ സമീപനത്തോട് യോജിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി യുഡിഎഫ് അധികാരം പിടിക്കണം എന്നാണ് ഈ വിഭാഗത്തിൻറെ അഭിപ്രായം. ആ ഭീഷണി തന്നെയാണ് കെസി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനകാംക്ഷികളായ നേതൃനിരയുടെ തരൂർ വിരുദ്ധതയ്ക്ക് കാരണം .
കോൺഗ്രസിൻറെ പ്രവർത്തകസമിതി അംഗമാണെങ്കിലും കോൺഗ്രസിൽ ദേശീയതലത്തിലും പ്രാദേശിക തലത്തിലും രാഷ്ട്രീയമായി നേതൃത്വപരമായ പങ്കുവയ്ക്കാൻ ശശി തരൂരിനിപ്പോൾ സാധ്യമാകുന്നില്ല. അക്കാരണം കൂടി കണക്കിലെടുത്താണ് ശശി തരൂർ തൻറെ നീക്കങ്ങൾ നടത്തുന്നത്. അദ്ദേഹം ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് തൻറെ വഴി നോക്കേണ്ടിവരുമെന്ന് തരൂർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടമുണ്ട്