ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കപ്പെട്ട എം.ജി.രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
38,171 ഏക്കറോളം വരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 21 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹാരിസണ്‍ മലയാളം അധികൃതര്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലര്‍ക്കും വിറ്റെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ഹാരിസണിന്റെ പക്കല്‍ നിലവിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തി ഇവ തിരിച്ചു പിടിക്കാന്‍ എം.ജി രാജമാണിക്യത്തെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. തുടര്‍ന്ന് വിവിധ ജില്ലകളിലായി ഹാരിസണിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ രാജമാണിക്യം സ്വീകരിച്ചു. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.