Skip to main content

nikesh kumar

 

തൊട്ടു മുൻപത്തെ കുറിപ്പു വായിച്ചപ്പോൾ ചില സുഹൃത്തുക്കൾ പ്രതികരിച്ചു, നികേഷിനെ വിടാനുദ്ദേശിക്കുന്നില്ലേ എന്ന്. നികേഷിനെ പിടിക്കുക എന്നതല്ല ഈ കുറിപ്പുകളുടെ ഉദ്ദേശ്യം. അതുകൊണ്ടു തന്നെ നികേഷ് പിടിക്കപ്പെടുന്നില്ല. നികേഷ് ഒരു പ്രതിഭാസത്തിന്റെ പ്രതിനിധി മാത്രമാണ്. പതിറ്റാണ്ടുകളായി പത്ര(മാധ്യമ)സ്വാതന്ത്ര്യമെന്ന്‍ സ്വപ്‌നം കണ്ട സ്വാതന്ത്ര്യം അതിന്റെ പൂര്‍ണ്ണ ശക്തിയില്‍ ഒരു യുവമാധ്യമപ്രവർത്തകനിൽ എത്തിച്ചേർന്നപ്പോൾ ചരിത്രത്തിന്റെ പൂർത്തീകരണം അല്ലെങ്കില്‍ തുടർച്ച പോലെ എന്തു സംഭവിച്ചു എന്ന കാഴ്ചയാണ് നികേഷിലൂടെ കാണാൻ കഴിയുന്നത്. മറിച്ച്, പ്രഹരമാണ് മാധ്യമ ധർമ്മമെന്ന്  ബോധമനസ്സിലും ഉപബോധ മനസ്സിലുമുള്ള ധാരണയിൽ നിന്നാണ് നികേഷിനെ വിടാനുദ്ദേശിക്കുന്നില്ലേ എന്ന ചോദ്യം ഉയരുന്നത്. ആ ചോദ്യമുയർന്നതും രണ്ടു പതിറ്റാണ്ടിലേറെ മാധ്യമപ്രവർത്തന പരിചയമുള്ള സുഹൃത്തിൽ നിന്നാണ്.

 

പ്രഹര സ്വാതന്ത്ര്യം

 

ആ ചോദ്യം പോലും മാധ്യമസ്വഭാവം വർത്തമാനകാലത്തിൽ എവിടെ നിൽക്കുന്നു എന്ന് നമ്മെ കാണിച്ചു തരുന്നു. അതു വർത്തമാനലോകത്തിന്റെ സ്വഭാവവും പ്രകടമാക്കുന്നു. ചികിത്സയിലൂടെ ആരോഗ്യം സൃഷ്ടിക്കാം എന്ന ധാരണ പോലെ. ആരോഗ്യം എന്നു കേട്ടാൽ മാധ്യമങ്ങളുടെ സ്വാധീനത്താലും മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങളാലും മനുഷ്യമനസ്സിൽ ഉയർന്നു വരുന്ന ബിംബം ഗുളികകളും സ്റ്റെതസ്‌കോപ്പുമൊക്കെയാണ്. നല്ല ചിരിയുള്ള മുഖമോ ആരോഗ്യത്തിന്റെ സൂര്യകിരണങ്ങളേയും പേറിനിൽക്കുന്ന ഇലകളോ കായ്കളോ പഴങ്ങളോ അല്ല. ഉദാഹരണത്തിന് നമ്മുടെ ആരോഗ്യമന്ത്രിയെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയാൽ മതി. ആ സ്ഥാനവുമായി ബന്ധപ്പെട്ട് ആശുപത്രികളുടെ രൂപമായിരിക്കും മനസ്സിൽ പൊന്തിവരിക. ആരോഗ്യം നഷ്ടപ്പെടുമ്പോൾ ചികിത്സ ആവശ്യമാണ്. അതിന് അലോപ്പതി മാത്രമേ പരിഹാരമായുള്ളു എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതിനാണ് ലോകാരോഗ്യ സംഘടനയും മറ്റും ശ്രമിച്ചതും വിജയം കണ്ടതും. ആ കാഴ്ചപ്പാടാണ് മാധ്യമങ്ങളും തങ്ങളുടെ പ്രവർത്തനത്തിൽ സ്വതന്ത്ര ഇന്ത്യയിൽ പടിഞ്ഞാറിന്റെ സ്വാധീനത്തിൽ സ്വീകരിച്ചത്. അവിടെയാണ് യുദ്ധത്തിന്റെ പാതയിലേക്ക് മാധ്യമപ്രവർത്തനം മാറിയതും. സ്വതന്ത്രമായി പ്രഹരിക്കാനുള്ള അവകാശമായിരുന്നു സ്വതന്ത്ര ഇന്ത്യയിൽ നികേഷ് കാലം വരെ പത്ര(മാധ്യമ)സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. അതിനർഥം അലോപ്പതി ചികിത്സ അനാവശ്യമല്ലെന്നല്ല. അത് ആവശ്യമായ സമയത്ത് അനുയോജ്യമായ രീതിയിൽ പ്രയോഗിക്കേണ്ട ശാസ്ത്രമാണ്. ആ ശാസ്ത്രത്തെ ആനുപാതികമല്ലാത്ത ലാഭമുണ്ടാക്കാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്നതാണ് വർത്തമാനകാലം നേരിടുന്ന ഭീഷണികളിലൊന്ന്. അതുപോലെ വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ട ഒന്നാണ് പ്രഹരസ്വഭാവത്തിൽ കലാശിക്കുന്ന മാധ്യമ സ്വാതന്ത്ര്യം. അപ്പോൾ മാത്രമേ അതിന് പ്രയോജനവും ഉണ്ടാവുകയുള്ളു. അല്ലെങ്കിൽ ഇപ്പോൾ നിർവ്വീര്യമായിപ്പോയ, സൂപ്പർ ബഗ്ഗുകളുടെ വരവിനു കാരണമായ ആന്റിബയോട്ടിക്കുകളുടെ അവസ്ഥയിലാകും ആ മാധ്യമ സ്വഭാവം. ആന്റിബയോട്ടിക്കുകൾ അപ്രസക്തമാകും പോലെ.

 

പ്രഹരസ്വഭാവമുള്ള മാധ്യമ വെളിപ്പെടുത്തലുകൾ എല്ലാം ചെയ്യുന്നത് മാധ്യമ ധർമ്മത്തിന്റെ പേരിലാണ്. എന്നാൽ അവയെല്ലാം തങ്ങളുടെ മാധ്യമത്തിന്റെ പ്രചാരവും വരുമാനവും വർധിപ്പിക്കാൻ വേണ്ടി മാത്രമുള്ളതായി. നികേഷിന്റെ ചുമതലയിൽ തുടങ്ങിയ ഇന്ത്യാവിഷന്റെ പ്രചാരം വർധിക്കാനുള്ള കാരണവും അതുതന്നെയാണ്. ആ സംസ്‌കാരത്തിന്റെ തുടർച്ചയായി സാമൂഹ്യമാധ്യമങ്ങളിലും ആ പ്രവണത പ്രചരിച്ചു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലും അവയുടെ സ്വാധീനം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായി കണ്ടു തുടങ്ങിയിട്ടുണ്ട്.

 

പ്രഹരസ്വഭാവം പതിവുസ്വഭാവമായി മാറിയതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയും ശക്തിയും ക്ഷയിക്കാൻ കാരണമായത്. ചികിത്സയിലൂടെ ആരോഗ്യം വർധിപ്പിക്കാൻ ശ്രമിച്ചാൽ രോഗിയുടെ കാര്യം എന്താവുമെന്ന് ഊഹിക്കാവുന്നതു പോലെ. രോഗം വരുമ്പോൾ വിവേചനത്തോടെ ഉപയോഗിക്കേണ്ട ഒന്നാണ് ചികിത്സയെന്ന ശാസ്ത്രബോധത്തിന്റെ അഭാവത്തിൽ നിന്നാണ് ചികിത്സയെ ആരോഗ്യത്തിനായി ഉപയോഗിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ ഈ പ്രഹരസ്വഭാവം സമൂഹത്തിൽ സൃഷ്ടിച്ച വൈകാരിക-സാംസ്‌കാരിക വ്യതിയാനങ്ങൾ വളരെ വലുതാണ്. അത് എണ്ണിയാൽ തീരാത്തതും. ഇത് വ്യക്തിയുടെ വൈകാരികഘടനയെ മാറ്റിമറിക്കുന്നു. ഈ പ്രഹര സ്വഭാവത്തിന്റെ പ്രത്യക്ഷ പ്രതിഫലനമാണ് സമൂഹത്തിൽ ഹിംസയ്ക്കു വേണ്ടിയുള്ള ത്വര മനുഷ്യസമുദായത്തിന് വിനാശകരമായ വിധത്തിൽ കേരളീയ സമൂഹത്തിൽ വർധിച്ചത്. ഹിംസ എല്ലാത്തിനും മാനദണ്ഡമായി. രാഷ്ട്രീയത്തിലും കുടുംബബന്ധങ്ങളിലും മാധ്യമപ്രവർത്തനത്തിലും വ്യക്തിബന്ധത്തിലുമെല്ലാം. ഹിംസ കേരളത്തിൽ പുതിയ മൂല്യങ്ങളെത്തന്നെ സൃഷ്ടിക്കുകയുണ്ടായി. ഈ ഹിംസാത്മക കേരളീയ സംസ്‌കാരത്തിന്റെ രണ്ടു വർത്തമാനകാല പ്രതിഫലനമാണ് 2016 ജൂലായിൽ തുടങ്ങിയ മാധ്യമപ്രവർത്തക-അഭിഭാഷക സംഘട്ടനവും മാധ്യമങ്ങളുടെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെയും ഉത്തേജനത്താൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന നായ്‌ക്കൊലയും.

 

ഹിംസാത്മക സംസ്കാരം

 

ഇപ്പോൾ മാധ്യമപ്രവർത്തകർ ഹൈക്കോടതിയിൽ തങ്ങളുടെ കൃത്യനിർവ്വഹണത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി ഇന്ത്യൻ പ്രസിഡണ്ടിനെയും സുപ്രീം കോടതിയേയും സമീപിച്ചിരിക്കുന്നു. ഇരുവിഭാഗങ്ങളും ഒരുവിധ ലജ്ജയുമില്ലാതെ തെരുവിൽ തമ്മിലടിക്കുകയും ചെയ്യുകയുണ്ടായി. വിദ്യാഭ്യാസവും സംസ്‌കാരവും ഉള്ളവർ തെരുവിൽ കിടന്ന് പരസ്യമായി തമ്മിലടിക്കുന്നതിന് ലജ്ജയുള്ള കാലഘട്ടവും അങ്ങനെ ചെയ്യുന്നത് വ്യാപകമല്ലാതിരുന്ന കാലവും കേരള സമൂഹത്തില്‍ ഉണ്ടായിരുന്നു. എന്നാൽ, ഹിംസ വാക്കിലും ദൃശ്യങ്ങളിലും സമസ്ത മേഖലയിലും മാനദണ്ഡമായതോടെയാണ് ആ സ്ഥിതിക്ക് മാറ്റം വന്നത്. പ്രതികരണമെന്ന പ്രതിഭാസം തന്നെ വാക്കുകൾകൊണ്ടുള്ള ഹിംസാത്മകതയായി മാറി. ചിന്തയിൽ ഹിംസ വരുമ്പോഴാണ് അത് വാക്കുകളിലൂടെ പ്രകടമാകുന്നത്. അതാണ് പിന്നീട് ശാരീരികമായ ഹിംസയായും മാറുന്നത്. കേരള ഹൈക്കോടതിയിലെ ചില അഭിഭാഷക പ്രമാണിമാരുടെ കാർമ്മികത്വത്തിൽ മാധ്യമപ്രവർത്തകർക്കു നേരേ നടന്ന ആക്രമണവും വിലക്കും മാധ്യമങ്ങൾ പ്രചരിപ്പിച്ചതിന്റെ സാംസ്കാരിക പ്രതിഫലനമാണെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഹിംസ മാനദണ്ഡമാകുമ്പോൾ ശക്തി കൂടിയ ഹിംസ വിജയിക്കുന്നു. അതാണ് നീതിയും ന്യായവും സമൂഹത്തിൽ നടപ്പാക്കാൻ കോടതികളെ സഹായിക്കേണ്ട അഭിഭാഷകർ തങ്ങളുടെ ഉത്തരവാദിത്വവും മാന്യതയും വിസ്മരിച്ച് മാധ്യമപ്രവർത്തകരെ കോടതി സമുച്ചയത്തിനുള്ളിൽ വച്ച് തല്ലാനും അവരെ അതിനകത്തേക്ക് പിന്നീട് കയറ്റാതിരിക്കാനും തയ്യാറാകുന്നത്. വനിതാ അഭിഭാഷകമാരെ വരെ മർദ്ദിക്കാൻ അഭിഭാഷകർ തയ്യാറായി. അതു കാണിക്കുന്നത് തെരുവിൽ ഗുണ്ടായിസം കാണിക്കുന്നവർ പോലും പുലർത്തുന്ന മിതത്വം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകതെ വന്നു. ഇത് ജനായത്തത്തിനു പറ്റിയ പരിക്കാണ്. ആ പരിക്ക് അഭാഭാഷകരും മാധ്യമപ്രവർത്തകർക്കും സമൂഹത്തിലുള്ള സാധാരണക്കാരനും എല്ലാം ഒരുപോലെ പേറേണ്ടി വരുന്ന ഒന്നാണ്.

 

നികേഷ് ഇന്ന് മാധ്യമ രംഗത്ത് മാധ്യമപ്രവർത്തകനായി ഇല്ലെങ്കിലും നികേഷ് തുടങ്ങിവച്ച സംസ്‌കാരം മറ്റുള്ളവരിലൂടെ തുടരുന്നു. ഇപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും ഹൈക്കോടതിയിലെ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി രംഗത്തു വരുന്നുണ്ട്. അവരും ചെയ്യുന്നത് അഭിഭാഷകരെ ഭർത്സിച്ച്, അത്യാവശ്യം ഭീഷണിയുടെ സ്വരം മുഴക്കി പ്രശ്‌നം പരിഹരിക്കുന്നുതിന് വേണ്ടിയാണ്. മാധ്യമപ്രവർത്തകർ ജനങ്ങളുടെ അറിയാനുള്ള ആവശ്യം മുൻ  നിർത്തിയാണ് ഇപ്പോൾ പ്രസിഡണ്ടിനേയും സുപ്രീം കോടതിയേയും സമീപിച്ചിരിക്കുന്നത്. അതുതന്നെ ഒരു ഗതികേടിനെയാണ് സൂചിപ്പിക്കുന്നത് ആശുപത്രികൾക്കുള്ളിൽ രോഗികളെ ആക്രമിക്കുന്ന സൂപ്പർബഗ്ഗാണ് ഹൈക്കോടതിയിൽ കയറിയാൽ തല്ലുമെന്ന നിലപാടിലൂടെ മാധ്യമപ്രവർത്തകർക്ക് ഹൈക്കോടതിയിൽ നിലനിൽക്കുന്ന വിലക്ക്.

 

ഈ  സമീപനം താമസിയാതെ സമൂഹത്തിൽ സംഘങ്ങളും സംഘടിത വിഭാഗങ്ങളും സ്വീകരിച്ചേക്കും. ഇപ്പോൾ തന്നെ അതിന്റെ സൂചനങ്ങൾ വളരെ ശക്തമായി തന്നെ കണ്ടു തുടങ്ങിയിട്ടുണ്ട്. പോലീസ് അകമ്പടിയോടെ കോടതിയിലെത്തുന്ന കുറ്റവാളികൾ പോലും മാധ്യമപ്രവർത്തകരെ തല്ലാനും ആക്രമിക്കാനും മുതിരുന്നു. പരിഹാരത്തിന് ഹിംസയുടെ പാതയല്ലാതെ മറ്റ് വഴികളില്ല എന്ന സാംസ്‌കാരിക വൈകാരികതയുടെ ഫലമാണ് കോടതികളിൽ മാധ്യമവിലക്കുണ്ടായിട്ടും സാധാരണ ജനം അതിനെ വെറും കാഴ്ചക്കാരെപ്പോലെ നോക്കി നിൽക്കുന്നത്. അതാണ് ഗുണ്ടകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധം പെരുമാറാൻ ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകരെ പ്രേരിപ്പിക്കുന്നത്. കേരള സമൂഹത്തെ ഭൗതികമായും അല്ലാതെ നശിപ്പിക്കുന്ന അധോലോക ശക്തികളുടെ വക്കാലത്തേറ്റെടുക്കുകയും അതു അഭിഭാഷവൃത്തിയിലെ മികവായി മാറ്റിയെടുക്കാനും ചില മുതിർന്ന അഭിഭാഷകർക്ക് കഴിയുന്നതും മാറിയ അന്തരീക്ഷത്തിന്റെ സാംസ്‌കാരിക മൂല്യവ്യവസ്ഥയുടെ ഫലമായാണ്. അത്തരം അഭിഭാഷകകർക്ക് പൊതു സമൂഹത്തിലും ഭരണത്തിലും രാഷ്ട്രീയത്തിലുമെല്ലാം മാന്യമായ സ്ഥാനം ഉറപ്പാക്കാനും ഇതുമൂലം കഴിയുന്നു.

 

ധാര്‍മ്മികതാ നഷ്ടം

 

ഇവിടെയാണ് അതിസങ്കീർണ്ണവും അതിസൂക്ഷ്മവുമായ ഒരു സാംസ്‌കാരിക ഭൂമികയിലാണ് തങ്ങൾ വാക്കും ദൃശ്യങ്ങളും വസ്തുതകളും ഉപയോഗിക്കുന്നതെന്ന ബോധ്യം മാധ്യമപ്രവർത്തകരിൽ ഉണ്ടാകേണ്ടത്. അത്തരം കരുതലുകളുടെ നേരിയ അവശേഷിപ്പുകളുടെ തിരോധാനമാണ് നികേഷ് കാലത്തിലൂടെ സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും. തുടക്കത്തിൽ പ്രചാരത്തിനും വരുമാനത്തിനും ഇതു സഹായകരമായിരുന്നു. എന്നാൽ പിന്നീട് അതു വിപരീത ദിശയിലേക്കു പോകും. ഹിംസയുടെ പ്രത്യയശാസ്ത്ര പ്രതിഫലനമാണത്. കാരണം ഹിംസ നടപ്പിലാക്കാൻ പ്രത്യോകിച്ച് പരിജ്ഞാനവും പരിശീലനവും ആവശ്യമില്ല. ഹിംസാത്മകത മാത്രം മതി. അതു ജന്തുലോകത്തിന്റെ ഭാഗമായ മനുഷ്യന് ജന്തുക്കൾക്ക് കഴിയാത്ത വിധത്തിൽ കഴിയുകയും ചെയ്യും. ഈ അവസ്ഥയിലും മാധ്യമങ്ങളുടെ സാന്നിദ്ധ്യമാണ് ജനായത്ത സംവിധാനത്തിൽ അവശേഷിക്കുന്ന ആശ്വാസം. അതുകൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ അഭിഭാഷകരുടെ നിലപാട് ആപത്ക്കരമായി മാറുന്നത്. ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനു ശേഷമുള്ള നിലപാടിൽ സാംസ്‌കാരികമായ ധാർമ്മികത മാധ്യമപ്രവർത്തരിൽ നിന്നും അവർക്കു നേതൃത്വം നൽകിയവരിൽ നിന്നും ഉണ്ടായതായി കാണാൻ കഴിയും. എന്നാൽ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഹൈക്കോടതിയുടെ ഭാഗത്തു നിന്നും അതു കാണാൻ കഴിഞ്ഞില്ല. ആ അവസ്ഥയിലേക്കും സാഹചര്യങ്ങൾ നീങ്ങിയാലും ഒന്നുമില്ല എന്ന തോന്നലാണ് അവരിൽ പ്രവർത്തിക്കുന്നത്. ആ സാസ്‌കാരികാന്തരീക്ഷത്തിന്റെ സൃഷ്ടിയിൽ നിർണ്ണായക പങ്കു വഹിച്ചത് പ്രഹരസ്വഭാവത്തെ പൊതുസ്വഭാവമാക്കിയ നികേഷ്‌കാല മാധ്യമപ്രവർത്തന രീതി തന്നെയാണ്. ഒന്നുകൂടെ ഓർക്കാം നികേഷ് വെറും പ്രതിനിധി മാത്രം.

nikesh kumar

 

ഹിംസയെ സാംസ്‌കാരിക വൈകാരികതയിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ മനുഷ്യനിലുണ്ടാവുന്ന മാറ്റമാണ് കൊല്ലാനുള്ള ത്വര. ആദ്യം പ്രസ്താവനകളിലൂടെ. പിന്നീട് ശാരീരികമായും. ഇതു സാംസ്‌കാരികമായി മാറുമ്പോൾ കൊല്ലുന്നത് ഹരമായി മാറും. ഹരമായി മാറുന്നത് വിനോദമായി മാറും. അതാണ് തെരുവു നായ്ക്കളുടെ കാര്യത്തിൽ പ്രകടമായത്. ചില മാധ്യമങ്ങൾ തെരുവു നായ്ക്കളെ പ്രഖ്യാപിത ശത്രുവാക്കി. അവ ഗൂഢാലോചനയും മറ്റ് രാജ്യങ്ങളുമായി രഹസ്യധാരണയുമൊക്കെ ഉണ്ടാക്കി സംഘടിത ഭീകരപ്രവർത്തനത്തിലേർപ്പെട്ട് കേരളീയരെ ആക്രമിക്കുന്നതുപോലെയാണ് ചില മാധ്യമങ്ങൾ തെരുവുനായ്ക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്. തെരുവുനായയും ഒരു ജീവിയാണെന്നു പോലുമുള്ള പരിഗണന മാധ്യമങ്ങൾ കൊടുക്കാൻ തയ്യാറായില്ല. അതു ജനങ്ങളില്‍ ഹരം പകർന്നു. രാജ്യത്തെ നിയമത്തിന് വിരുദ്ധമാണെങ്കിലും ഭരണഘടനാ പദവികളങ്കരിക്കുന്ന ജനപ്രതിനിധികളുൾപ്പടെയുള്ളവര്‍ നായ്ക്കളെ കൊല്ലുന്നത് തങ്ങളുടെ പ്രചാരത്തിനുവേണ്ടി ഉപയോഗിക്കാൻ തുടങ്ങി.

 

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെന്ന വ്യവസായി നായയെ കൊല്ലുന്നവരെ തേടിപ്പിടിച്ച് വൻ പാരിതോഷികങ്ങൾ കൊടുക്കുന്നു. അവ വൻ ചടങ്ങുകൾ സംഘടിപ്പിച്ച് ആഘോഷിക്കപ്പെടുന്നു. സമീപകാലത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടികളിലൊന്നായി തെരുവു നായയെ കൊല്ലുന്നവർക്ക് ചിറ്റിലപ്പള്ളി പാരിതോഷികം കൊടുക്കുന്ന ചടങ്ങും തിരിച്ചു ചിറ്റിലപ്പള്ളിയെ ആദരിക്കുന്ന ചടങ്ങുകളും. ചുരുങ്ങിയ ചെലവിൽ വൻ നേട്ടമുണ്ടാക്കുക എന്ന കണ്ണും ചിറ്റിലപ്പള്ളിയുടെ നീക്കങ്ങളിൽ പ്രകടമാണ്. കാരണം ചിറ്റിലപ്പള്ളി കേരളത്തിലെ ബ്രാൻഡാണ്. മറ്റ് സ്ഥാപനങ്ങൾ ബ്രാൻഡ് അമ്പാസിഡർമാരെ ഉപോയോഗിക്കുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ അദ്ദേഹം സ്വയം ബ്രാൻഡായി മാറുകയും തന്റെ സംരംഭങ്ങളുടെ സൂപ്പർ ബ്രാൻഡ് അംബാസിഡർ ആയി മാറുകയും ചെയ്യുന്നു. കച്ചവടത്തിന്റെ പരിപ്രേക്ഷ്യത്തിൽ അതിന്റെ നഷ്ടവും ഉണ്ടാകുന്നത് മാധ്യമങ്ങൾക്കാണ്. തങ്ങളുടെ സ്ഥലവും സമയവും അതിവിദഗ്ധമായി ചെലവില്ലാതെ ഉപയോഗിക്കുന്നതിലൂടെ. 

 

കൊലപാതക സംസ്‌കാരം മലയാളിയുടെ വൈകാരികതയുടെ ഭാഗമായതിന്റെ തെളിവാണ് കൊന്ന നായ്ക്കളേയും കെട്ടിത്തൂക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുൾപ്പടെയുള്ളവർ നടത്തിയ ജഡഘോഷയാത്ര. ലോകത്തിൽ സാംസ്‌കാരികമായി അങ്ങേയറ്റം അധ:പതിച്ച ഒരു സമൂഹത്തിനു മാത്രമേ കൊല നടത്തി ഘോഷയാത്ര നടത്താൻ കഴിയുകയുള്ളു. മാധ്യമങ്ങൾ തങ്ങളുടെ പ്രവൃത്തിയെ വലിയ സാംസ്‌കാരിക പ്രവൃത്തിയായി കണ്ട് തങ്ങൾ പ്രചാരവും പ്രശസ്തിയും ലഭ്യമാക്കുമെന്ന ബോധമാണ് അവരെക്കൊണ്ട് അവ്വിധം നിയമലംഘനത്തിന് പ്രേരിപ്പിച്ചത്. നായ്ക്കളെ പരസ്യമായി കൊന്ന് അവയുടെ ജഡവുമേറി പ്രകടനം നടത്തിയതു സംബന്ധിച്ച് ഇപ്പോൾ സുപ്രീം കോടതി കേരളത്തിലെ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുന്നു. കേരളത്തിലാണോ ഇവ്വിധം നടക്കുന്നതെന്ന ആശ്ചര്യവും സുപ്രീംകോടതി പ്രകടിപ്പിച്ചിരിക്കുന്നു. ഈ കൊലവെറി തന്നെയാണ് സൗമ്യയെന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് ആ കുട്ടിയുടെ മരണത്തിന് കാരണക്കാരനായ ഗോവിന്ദച്ചാമിയെ കൊന്നാലേ തങ്ങൾക്ക് തൃപ്തി കിട്ടുകയുള്ളു എന്ന വിധത്തിൽ അലറിയ കേരളം. കൊലയെ കേരളം വിനോദമാക്കിയിരിക്കുന്നു.

 

ഹിംസാത്മക സംസ്‌കാരത്തിന്റെ സ്വാഭാവിക പരിണാമമാണ് കൊലവെറി. മലയാളി സമൂഹം ആ അവസ്ഥയുടെ മൂർധന്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉത്തരവാദി നികേഷ്‌ കുമാറാണോ? അല്ല. ആ അവസ്ഥയിലേക്ക് ഇളകിവീഴാൻ പാകമായി നിന്നിരുന്ന സമൂഹത്തില്‍, അതിനെ വീഴാതെ പിടിച്ചുനിർത്തിയിരുന്ന അവസാനത്തെ ആണിയെ നികേഷ്‌ കുമാർ ഊരിവിട്ടു. ഹിംസാത്മകത സർഗ്ഗാത്മകതയുടെ വിപരീതമാണ്. സർഗ്ഗാത്മകയുടെ ദിശയിലല്ലാത്തതെന്തും മുഷിപ്പിക്കും. മുഷിപ്പിക്കൽ എന്നാൽ സ്വാതന്ത്ര്യമില്ലായ്മയാണ്. കാരണം സ്വാതന്ത്ര്യമെന്നതാണ് ആത്യന്തികമായ സർഗ്ഗാത്മകത. മനുഷ്യൻ അടിസ്ഥാനപരമായി സർഗ്ഗാത്മക ജീവിയാണ്. അതുകൊണ്ടാണ് അവനും അവൾക്കും സർഗ്ഗാത്മകത നശിക്കുമ്പോൾ മുഷിപ്പ് അനുഭവപ്പെടുന്നത്. മുഷിപ്പ് അനുഭവപ്പെടുമ്പോൾ നിൽക്കുന്നിടത്തു നിന്നു മാറാൻ ശ്രമിക്കും. ബന്ധങ്ങൾ നശിക്കുന്നതും ഭാര്യ-ഭർതൃബന്ധം ഉലയുന്നതും ഇല്ലാതാകുന്നതിന്റെയുമൊക്കെ കാരണം ഇതു തന്നെയാണ്. അത് സ്വാതന്ത്ര്യത്തിലേക്കുള്ള പലായനകാംക്ഷയാണ്. അതാണ് നികേഷിനെക്കൊണ്ട് മാധ്യമപ്രവർത്തനത്തിൽ നിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിച്ചത്.

 

സ്വാതന്ത്ര്യത്തിലെ സര്‍ഗ്ഗാത്മകത

 

മാധ്യമപ്രവർത്തനം അനുനിമിഷം സർഗ്ഗാത്മക പ്രവർത്തനമാണ്. ഒരിക്കൽ പോലും ഒരേപോലെ ആവർത്തിക്കപ്പെടാത്ത അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ആ അനുഭവങ്ങളെ കൗതുകത്തോടെ ഏറ്റവുമൊടുവിൽ തങ്ങളുടെ മുന്നിൽ അനാവരണം ചെയ്യപ്പെട്ട ജീവിതത്തിന്റെ പുതിയ മുഹൂർത്തമെന്ന നിലയിൽ കാണുമ്പോഴാണ് സർഗ്ഗാത്മകത വിടരുന്നത്. കാരണം പുതിയ ഓരോ മുഹൂർത്തവും പുതിയ സൃഷ്ടിയാണ്. സൃഷ്ടിപരതയാണ് സർഗ്ഗാത്മകത. ആ സൃഷ്ടിപരതയുടെ രസരതിയനുഭവമാണ് സ്വാതന്ത്ര്യമെന്ന് പറയുന്നത്. അവിടെ സ്വാതന്ത്ര്യമെന്നത് പരിമിതമായ വാർപ്പ് മാതൃകാധാരണകളിൽ നിന്ന് സ്വതന്ത്രമാകുന്നു. ഒരുപക്ഷേ സ്വാതന്ത്ര്യമെന്ന സംജ്ഞയുടെ സ്വാതന്ത്ര്യം സംഭവിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യത്തെ സ്വതന്ത്രമായി കാണാനും അറിയാനും അനുഭവിക്കാനും കഴിയുകയുള്ളു. ആ സർഗ്ഗാത്മകതയിൽ അപ്രത്യക്ഷമാകുന്നതാണ് ഹിംസയും ഹിംസാത്മകതയും. ഗോവിന്ദച്ചാമിയേക്കാൾ പൈശാചികനും ക്രൂരനുമായിരുന്ന രത്‌നാകരൻ വാത്മീകയായ കഥ ഓർമ്മിപ്പിക്കുന്നതും അതു തന്നെ.

 

മാധ്യമപ്രവർത്തനം മുഷിപ്പിന്റെ നെല്ലിപ്പലകയിലെത്തിയപ്പോഴാണ് നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ചത്. ഇത്രയും കാലത്തെ നികേഷിന്റെ അനുഭവം വെറും അനുഭവങ്ങളല്ല. അവയെ പുസ്തക രൂപത്തിലാക്കി നോക്കിയാൽ ഒരു ഗ്രന്ഥശേഖരത്തിനു പര്യാപ്തമാണ്. ആ ഗ്രന്ഥശേഖരത്തിലേക്ക് നോക്കാൻ പറ്റിയ പ്രായത്തിലാണ് അദ്ദേഹം ഈ രംഗത്തു നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്. പക്ഷേ, അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയിട്ടും താൻ ശീലിച്ചുറപ്പിച്ചുപോയ മാധ്യമപ്രവർത്തക സ്വഭാവസ്വാധീനം അദ്ദേഹത്തെ പിന്തുടരുന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ് തൊട്ടിയും കയറും കരയ്ക്കിരിപ്പുണ്ടായിട്ടും ഷൂസുമിട്ട് മുണ്ടും മടക്കിക്കുത്താതെ മാധ്യമസാന്നിദ്ധ്യത്തിൽ കിണറ്റിലിറങ്ങി കലക്കവെള്ളം കോരി ഉയർത്തിക്കാട്ടിയത്.

 

കലങ്ങിയത് എന്തും തെളിയും. അല്ലെങ്കിൽ തെളിയിക്കാൻ കഴിയും. അതാണ് കലങ്ങൽ മുന്നോട്ടു വയ്ക്കുന്ന സാധ്യത. പല ഘടകങ്ങൾ കൂടിക്കലരുന്നതാണ് കലങ്ങലുണ്ടാകാൻ കാരണം. ആ ഘടകബോധത്തിലേക്കും അവയുടെ കൂടിച്ചേരലിലേക്കും അതിന്റെ രസതന്ത്രത്തിലേക്കും ശ്രദ്ധ തിരിയുമ്പോഴാണ് തെളിവിന്റെ സാധ്യതയുടെ വഴി തെളിഞ്ഞു കാണുന്നത്. നികേഷിന്റെ സ്വന്തം ഗ്രന്ഥശേഖരത്തിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കിൽ എവിടെ എങ്ങിനെ ഏതെല്ലാം കലങ്ങി എന്നു കാണാൻ കഴിയും. ആ കാഴ്ചയിലേക്ക് വരാനുള്ള സാധ്യത നികേഷ് എന്ന വ്യക്തിയിൽ ഇനിയും അവശേഷിക്കുന്നുണ്ട്. കാരണം അതിനുള്ള സത്യസന്ധത കഴിഞ്ഞ ഇരുപതു വർഷവും താൻ ജീവിച്ച സമയത്തിന്റെ കൂടുതൽ ഭാഗവും സ്‌ക്രീനിൽ ചെലവഴിച്ച നികേഷ് കേരള സമൂഹത്തിൽ നിക്ഷേപിച്ചിട്ടുണ്ട്.

 

 

മുന്‍ അദ്ധ്യായങ്ങള്‍ വായിക്കാം:

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍

നികേഷ് എന്ന താരം

നികേഷ് പറത്തിയ നൂലില്ലാപ്പട്ടങ്ങൾ

നികേഷ് ഇംപാക്ടും ജോർജ് ഇഫക്ടും

കുളിരു മാറിയ നികേഷ്‌ കാലം

രാഷ്ട്രീയമീൻ പിടിക്കാൻ ശ്രമിച്ച നികേഷ്


 ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

Ad Image