ഇരുപതു വർഷം സ്വയം സ്വാതന്ത്ര്യം നിശ്ചയിച്ചുകൊണ്ട് നികേഷ് മാദ്ധ്യമപ്രവർത്തനം നടത്തി. ആ സ്വാതന്ത്ര്യം അനിയന്ത്രിതമായ സ്വാതന്ത്ര്യമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മാദ്ധ്യമ സ്വാതന്ത്ര്യം. അപ്പോഴെല്ലാം ഉന്നയിക്കപ്പെട്ട കടിഞ്ഞാണുകളില്ലാതെയാണ് നികേഷ് പ്രവർത്തിച്ചത്. എന്നിട്ടും നികേഷിന് മാദ്ധ്യമപ്രവർത്തനം മടുത്തു. രണ്ടു പതിറ്റാണ്ടുകൊണ്ട് നികേഷ് ലംഘിക്കാൻ പരിധികളില്ലാത്ത അവസ്ഥയിലെത്തി. ലംഘനങ്ങളാണ് മാദ്ധ്യമപ്രവർത്തനമെന്ന ഒരു ധാരണ എല്ലാവരിലുമെന്ന പോലെ നികേഷിലും പ്രവർത്തിച്ചിരിക്കാം. കേരളത്തിൽ അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്ന, ഇപ്പോൾ സക്രിയ മാദ്ധ്യമപ്രവർത്തനത്തിൽ നിന്ന് വിരമിച്ചു നിൽക്കുന്ന മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ 2015ൽ എഴുതിയ ലേഖനത്തിൽ നടത്തിയ ഒരു പരാമർശം ശ്രദ്ധേയമാണ്. മറ്റൊരു പ്രമുഖ മാദ്ധ്യമപ്രവർത്തകന്റെ സപ്തതി വേളയിലാണ് അദ്ദേഹം ആ പരാമർശം നടത്തിയത്. സപ്തതി ആഘോഷിക്കുന്ന പത്രപ്രവർത്തകൻ പ്രവർത്തിച്ച മാദ്ധ്യമത്തിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കാൻ അദ്ദേഹം പ്രയോഗിച്ചത് ആ മാദ്ധ്യമത്തിന്റെ 'പ്രഹരശേഷി'യായിരുന്നു. 1950കളിൽ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഒരു മാദ്ധ്യമത്തിന്റെ പ്രസക്തിയെ പ്രഹരശഷിയുമായി ബന്ധപ്പെടുത്തി കാണുന്നുവെങ്കിൽ നികേഷ് കുമാർ ആ പ്രഹരം നടത്തിയതിൽ അസ്വാഭാവികത കാണാൻ കഴിയില്ല.
കടിഞ്ഞാണുകളില്ലാതെ പ്രഹരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നോ മാദ്ധ്യമ സ്വാതന്ത്ര്യം അര നൂറ്റാണ്ടു കാലം ഇന്ത്യ ചർച്ച ചെയ്തിരുന്നത്. അങ്ങനെയായിരുന്നുവെങ്കിൽ ആ മാദ്ധ്യമപ്രവർത്തനത്തിന്റെ ദയനീയ പരാജയമാണ് അതു മടുത്തതിലൂടെ നികേഷ് പ്രഖ്യാപിച്ചിരിക്കുന്നത്. വീണ്ടും ഓർക്കാം, നികേഷ് നമ്മളിലൊരാളാണ്. നമ്മളിലെ ധാരണകളും തെറ്റിദ്ധാരണകളുമാണ് നികേഷിലൂടെ പ്രകടമായത്. എന്തും നിർജ്ജീവമാകുമ്പോഴാണ് മരവിപ്പ് അഥവാ മടുപ്പ് അനുഭവപ്പെടുന്നത്. അങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ മാദ്ധ്യമപ്രവർത്തനം ഒരു തരം മരവിപ്പിനെ നേരിടുന്നു. മരവിപ്പ് എന്നു പറയുന്നത് മരണം തന്നെ. ആ ഘട്ടം കഴിയുന്നതെന്തും ജീർണ്ണിക്കും. ആ ജീർണ്ണതയുടെ മുഖമാണ് സരിത എസ്. നായർ എന്ന യുവതിയിലൂടെ കേരളത്തിലെ മാദ്ധ്യമങ്ങൾ രണ്ടു വര്‍ഷം കൊണ്ടാടിയ സോളാർ അഴിമതിക്കേസ്. കേരളത്തിലെ സാമൂഹ്യ , സാംസ്കാരിക, വൈകാരിക, വൈചാരിക തലത്തിൽ ആ കേസ്സുണ്ടാക്കിയ അനുരണനങ്ങൾ ഭാവിയിൽ ആത്മാർഥതയോടെ സൂക്ഷ്മമായി പഠിക്കപ്പെടുക തന്നെ ചെയ്യും.
രണ്ടു പതിറ്റാണ്ടത്തെ സ്വാതന്ത്ര്യത്തോടെയുള്ള മാദ്ധ്യമപ്രവർത്തനം കഴിഞ്ഞ് നികേഷ് ആ രംഗം മടുത്തു വിടുമ്പോൾ കാതലായ ഒരു വിഷയം ഉയർന്നു വരുന്നു. മാദ്ധ്യമപ്രവർത്തനവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം. അതിലേക്കു നോക്കുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും മാദ്ധ്യമപ്രവർത്തനത്തെ കുറിച്ചുമുള്ള അസ്ഥാനത്തായ കാഴ്ചപ്പാടാണ് നികേഷ് കുമാറിനെ രണ്ടു പതിറ്റാണ്ടു കൊണ്ട് മാദ്ധ്യമപ്രവർത്തനത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രേരിപ്പിച്ചതെന്ന്‍ കാണാം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മാദ്ധ്യമപ്രവർത്തനത്തിൽ നിന്ന് നികേഷ് സ്വാതന്ത്ര്യം നേടുകയായിരുന്നു. സ്വാതന്ത്ര്യമാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം. പട്ടിണി ഉൾപ്പടെയുള്ള എല്ലാ ദു:ഖങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം. അതിനാൽ മാദ്ധ്യമപ്രവർത്തനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലക്ഷ്യം ഒന്നു തന്നെ. ആ ലക്ഷ്യം, ലക്ഷ്യമായി സുവ്യക്തതയോടും സുദൃഢതയോടും നികേഷിൽ ഉറച്ചില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനാകില്ല. അദ്ദേഹത്തിന്റെ മുന്നിൽ വർത്തമാനകാല മാതൃകകൾ ഇല്ലായിരുന്നു. ഉണ്ടായിരുന്ന മാതൃകകളാകട്ടെ നികേഷ് ആഘോഷിച്ച മാതൃകയുടെ അർധാവസ്ഥയിലുള്ളതായിരുന്നു. ഒരു പക്ഷേ ആ ഒഴിഞ്ഞു കിടന്നിരുന്ന പകുതി നികേഷ് നികത്തുകയായിരുന്നു.
കരിയിലകൾ പോലെ പറന്ന വാർത്തകൾ
ഇന്ത്യാവിഷൻ വിട്ട് റിപ്പോർട്ടർ ചാനൽ തുടങ്ങുന്നതിനു മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പ് നികേഷ് കുമാറിന്റെ കവർച്ചിത്രത്തോടൊപ്പം അഭിമുഖം കൊടുക്കുകയുണ്ടായി. ആ പ്രാധാന്യം അദ്ദേഹത്തിനു ലഭിച്ചത് നികേഷ് മാദ്ധ്യമപ്രവർത്തനത്തിൽ സ്വാതന്ത്ര്യം ഉപയോഗിച്ച് പ്രഹരം നടത്തിയതിന്റെ പേരിലാണ്. അതാണ് ധീരമായ മാദ്ധ്യമപ്രവർത്തനം എന്ന ബോധത്തിന്റെ അടിസ്ഥാനമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം മുഖച്ചിത്രമാകാനും അഭിമുഖം ഉണ്ടാകാനും കാരണമായത്. അത് തന്നെ മാദ്ധ്യമപ്രവർത്തനത്തെ കുറിച്ച് ആ മേഖലയിൽ ഉറച്ച ധാരണ വ്യക്തമാക്കുന്നു. ആ അഭിമുഖത്തിൽ അദ്ദേഹം ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. മുഖ്യമായും അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ യുദ്ധം. ആ യുദ്ധപാതയിലായിരുന്നു നികേഷ്. പക്ഷേ മാദ്ധ്യമപ്രവർത്തനത്തിന്റെ ത്രിൽ നഷ്ടമായി അതവസാനിപ്പിക്കുമ്പോൾ കേരളത്തിൽ അഴിമതിയുടെ അവസ്ഥ ചരിത്രത്തിലെ ഏറ്റവും കൂടിയ അവസ്ഥയിലേക്ക് ഉയര്‍ന്നിരുന്നു. സ്വയമെന്നോണം നികേഷ് തന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ അഭിമുഖം നടത്തിയ ഏഷ്യാനെറ്റ് ലേഖകനോടായി ചോദിക്കുന്നു, ഇത്രയൊക്കെ ചെയ്തിട്ടും എന്തു ഫലമെന്ന്. നേരത്തേ സൂചിപ്പിച്ച, മാതൃഭൂമിയിൽ വന്ന അഭിമുഖത്തിൽ നികേഷ് മുഖ്യമായും പ്രസ്താവിച്ചത് റിപ്പോർട്ടർ ചാനൽ പ്രവർത്തനം തുടങ്ങുമ്പോൾ ഇവിടെ ആകാശത്ത് വാർത്തകൾ കെട്ടുപാടുകളില്ലാതെ പറന്നു നടക്കുമെന്നാണ്. കരിയിലകൾ പോലെ വാർത്തകൾ പറന്നു. അതാണ് നികേഷിനു പറ്റിയ അപകടവും. വാർത്തകൾ പട്ടം പോലെയേ പറക്കാവൂ. അപ്പോൾ മാത്രമേ അത് അതിദൂരം മുകളിലേക്കു പറക്കുകയുള്ളു. മാത്രമല്ല ഉദ്ദേശിക്കാത്ത സമയത്തും സ്ഥലത്തും അവ പതിക്കുകയുമില്ല. എന്നാൽ നൂലില്ലാതെ പറക്കുന്ന കരിയിലയും കടലാസും കാറ്റു നിലയ്ക്കുമ്പോൾ നിലം പൊത്തും. എന്തും ഏതും ചെയ്യുമ്പോൾ നിയന്ത്രണം അഥവാ ഡിസിപ്ലിൻ ആവശ്യമാണ്. അല്ലെങ്കിൽ തോന്നിയ പോലെ നിരത്തിൽ ഓടുന്ന വാഹനം പോലെയാകും. അത് അപകടമുണ്ടാക്കും. നല്ല നിയന്ത്രണത്തോടെ വാഹനം ഓടിക്കുന്നയാൾക്കു മാത്രമേ ആ വാഹനത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും വേഗത്തിൽ കൊണ്ടുപോകാനം സാധിക്കുകയുള്ളു.
എല്ലാം തുറന്നു കാണിച്ച് അഴിമതിക്കാരെ പൊതുജനമധ്യത്തിൽ മോശക്കാരാക്കി സാമൂഹ്യ അടി കൊടുക്കുക എന്ന ചിന്തയുടെ തടവറയിലാണ് ഇന്നും മാദ്ധ്യമപ്രവർത്തന രംഗം. നികേഷ് അതിൽ ഏറ്റവും മുന്നിലും. ആ ചിന്തയിൽ അകപ്പെട്ടു പോകുന്നതുകൊണ്ടാണ് അവ്വിധമുള്ള മാദ്ധ്യമപ്രവർത്തനം നടക്കുന്നത്. അഴിമതി നടത്തുന്നവരും അതുപോലെ തന്നെ ചില ചിന്തകളിൽ അകപ്പെട്ട് അതിന്റെ തടവറയിൽ കഴിയുന്നു. അതിനാലാണ് ധനം സമ്പാദിച്ച് തങ്ങൾ നേരിടുന്ന അസ്വാതന്ത്ര്യങ്ങളിൽ നിന്നു സ്വതന്ത്രരാകാം എന്നു കരുതി അഴിമതി നടത്തുന്നത്. ഇവിടെ മാദ്ധ്യമ പ്രവർത്തകരും അഴിമതിക്കാരും വ്യത്യസ്തമാണെങ്കിലും ചിന്തകളുടെ തടവറയിലാണ്. തടവറ ഏതു തന്നെയായാലും അതിനു പുറത്തു കടക്കുന്നതാണ് സ്വാതന്ത്ര്യം. അഴിമതിക്കാരെ സ്വതന്ത്രമാക്കും വിധം മാദ്ധ്യമപ്രവർത്തനം മാറണമെങ്കിൽ ആദ്യം അകപ്പെട്ടുപോയ ചിന്തകളിൽ നിന്ന് മാദ്ധ്യമപ്രവർത്തകർ മുക്തമാകണം. ഇവിടെയാണ് മാദ്ധ്യമപ്രവർത്തനത്തിൽ സ്വാതന്ത്ര്യം പ്രസക്തമാകുന്നത്. തീർച്ചയായും ജനായത്ത സംവിധാനത്തിൽ ചിലപ്പോൾ വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിൽ നിന്നും ഭരണകൂടവും നിക്ഷിപ്ത താൽപ്പര്യക്കാരും മാദ്ധ്യമങ്ങളെ പല വിധത്തിൽ തടയാറുണ്ട്. അത്തരം സംഭവങ്ങൾ സമൂഹത്തിൽ ഇടവിട്ടും അല്ലാതെയും ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോഴും പ്രാഥമികമായി മാദ്ധ്യമപ്രവർത്തകൻ സ്വയം അകപ്പെട്ടു കിടക്കുന്ന ചിന്തകളിൽ നിന്ന് സ്വാതന്ത്ര്യം നേടേണ്ടതായുണ്ട്. എങ്കിൽ മാത്രമേ ബാഹ്യശക്തികൾ ഏൽപ്പിക്കുന്ന വിലങ്ങുകൾ ഇല്ലാതാക്കാനും അവയുണ്ടാകുമ്പോൾ അവയെ മറികടക്കാനും സാധിക്കുകയുള്ളു.
ആകാശത്തിലേക്ക് പട്ടം ഉയർന്നു പറക്കുമ്പോൾ അതു നിയന്ത്രിക്കപ്പെടുന്ന നൂൽ കാണാതെ വരും. വാർത്തയുടെ നിയന്ത്രണം അവ്വിധം പത്രാധിപരിൽ ഉണ്ടായിരിക്കണം.അപ്പോൾ മാത്രമേ പത്രാധിപർക്ക് ഉത്തരവാദിത്വം എന്ന അനിവാര്യഭാവം ഉണ്ടാവുകയുള്ളു. പാറിപ്പറന്നു നടക്കുന്ന വാർത്തകളാകമ്പോൾ ഇല്ലാതാകുന്നതും ഉത്തരവാദിത്വമാണ്. മാദ്ധ്യമപ്രവർത്തകന്റെ വാക്കു കൊണ്ടുള്ളതായാലും എഴുത്തുകൊണ്ടുള്ളതായാലും ദൃശ്യം കൊണ്ടുള്ളതായാലും ഓരോ ചെറു ചലനവും സമൂഹത്തിലും സമൂഹത്തിലെ വ്യക്തികളിലുമുള്ള ഇടപെടലാണ്. അതുകൊണ്ടാണ് മനുഷ്യന്റെ മാത്രം ശേഷിയായ വിവേചനം ഏറ്റവും മൂർത്തമായ വിധത്തിൽ മാദ്ധ്യമപ്രവർത്തകരിൽ ഉണ്ടാകണമെന്ന് പറയുന്നത്. ഈ വിവേചനത്തിലാണ് ഏതു തെരഞ്ഞെടുക്കണം ഏത് ഒഴിവാക്കണം അതുമല്ലെങ്കിൽ വേറിട്ടു കാണിക്കണം എന്ന് തീരുമാനിക്കുന്നത്. സമൂഹത്തെയും വ്യക്തിയെയും മുന്നിൽ കണ്ട് ഈ ശേഷി അതിസൂക്ഷ്മമായും കൂർമ്മതയോടും ഉപയോഗിക്കുമ്പോഴാണ് ഒരു വ്യക്തി മാദ്ധ്യമപ്രവർത്തകനാകുന്നത്. അതിനെയാണ് നിയന്ത്രണം എന്നു പറയുന്നത്. അഥവാ പട്ടത്തിന്റെ നൂൽ. അച്ചടക്കമില്ലായ്മയെ സ്വാതന്ത്ര്യമെന്ന് തെറ്റിദ്ധരിക്കുമ്പോഴാണ് വിവേചനമില്ലാതെ വാർത്തകൾ അവതരിക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തെ അച്ചടക്കമില്ലായ്മയുമായി ചേർത്തു വച്ച് മനസ്സിലാക്കിയതാണ് സ്വതന്ത്ര ഇന്ത്യ നേരിട്ടതും നേരിടുന്നതുമായ മുഖ്യ പ്രശ്നവും. ഈ സങ്കൽപ്പത്തിലാണ് ചാനൽ വിപ്ലവകാലത്തിനു തൊട്ടുമുൻപു വരെ പത്രസ്വതന്ത്ര്യത്തെ കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരുന്നതും.
നൂലില്ലാതെ, പട്ടം പോലെ തോന്നിച്ച കടലാസ് രൂപങ്ങൾ അന്തരീക്ഷത്തിൽ പറന്ന്‍ നടന്ന് താഴെ വീണ് നിലത്ത് പതിഞ്ഞു കിടക്കന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിന്റേത്. അതിൽ കൂടുതലും അഴിമതിക്കെതിരെ പറന്ന വാർത്തകൾ. അങ്ങനെ വീണ നൂലില്ലാ പട്ടങ്ങൾ കൊണ്ട് തറയും അന്തരീക്ഷവും നിറഞ്ഞിരിക്കുന്നു. എവിടെ നോക്കിയാലും അൽപ്പ ഉയരത്തിൽ പാറി നടക്കുന്ന അഴിമതി വാർത്തകൾ. അതും നൂലില്ലാ പട്ടങ്ങളായതിനാൽ അധികം ഉയരത്തിലേക്ക് തല മലർത്തി നോക്കേണ്ടിയും വരുന്നില്ല. ഇതിൽ ചവിട്ടിയും ദേഹത്ത് തട്ടിയും നടക്കുന്ന ജനം എങ്ങനെ മടുക്കാതിരിക്കും. ആർക്കാണ് ഇത്തരം ഉയർന്നു പൊങ്ങാത്ത പട്ടങ്ങൾ കാണാനും ശ്രദ്ധിക്കാനും താൽപ്പര്യം. നൂലാൽ നിയന്ത്രിച്ച് പട്ടം പറത്തുന്നതിന്റെ ഹരം അല്ലെങ്കിൽ ത്രിൽ കടലാസുകഷണങ്ങൾ അന്തരീക്ഷത്തിലേക്ക് എറിഞ്ഞു കളിക്കുന്നതിൽ കിട്ടുകയുമില്ല. (തുടരും)
വായിക്കുക:
നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം
മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍
ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.