നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

കെ.ജി.
Sat, 07-05-2016 12:45:30 PM ;
nikesh kumar
Image Courtesy: M V Nikesh Kumar @ Facebook

അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാർ പഠനവിധേയമാകേണ്ട വ്യക്തിത്വമാണ്. ആ പഠനം ഒരു സാമൂഹ്യവീക്ഷണത്തിൽ നടത്തേണ്ടതുമാണ്. കാരണം, അത് അദ്ദേഹത്തെ വ്യക്തിപരമായി വിഷമിപ്പിക്കുന്നതാകരുത്. ഒരു വ്യക്തിക്ക് ആ വ്യക്തിയായി തുടരാനേ കഴിയുകയുള്ളു. ഓരോ വ്യക്തിക്കും പ്രത്യേകമായ സവിശേഷതയുണ്ട്. ആ സവിശേഷതയാണ് ആ വ്യക്തിയെ ലോകത്തിലുള്ള മറ്റ് വ്യക്തികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതു മനസ്സിലാക്കുമ്പോഴാണ് മറ്റൊരു വ്യക്തിയെ അയാളുടെ ചെയ്തികളിലൂടെ നോക്കിക്കാണാതെ, സ്നേഹത്തോടെ കാണാൻ കഴിയുക. അതേസമയം ഈ വ്യത്യസ്തതകൾ എന്താണെന്ന് സമൂഹം തിരിച്ചറിയണം. കാരണം, ഒരു വ്യക്തിയുടെ പ്രവൃത്തി സമൂഹത്തെ നേരിട്ടും അല്ലാതെയും ബാധിച്ചുകൊണ്ടിരിക്കും. വീട്ടിനുള്ളിലെ സംഭാഷണ സംസ്കാരമാണ് ഒരു വ്യക്തി വീടിനു പുറത്തേക്കിറങ്ങുമ്പോഴും പാലിക്കുക. അതുകൊണ്ടാണ് സമൂഹത്തെ പരിഗണിക്കുമ്പോൾ ആ പരിഗണനയിൽ വീട്, കുടുംബം എന്നിവയ്ക്ക് പ്രഥമഗണനീയത നൽകപ്പെടുന്നത്.

 

ഒരു സാധാരണ വ്യക്തിയുടെ പെരുമാറ്റം പോലും ഇവ്വിധം സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുമ്പോൾ അറിയപ്പെടുന്ന വ്യക്തിയുടെ ചിന്തകളും പെരുമാറ്റങ്ങളും സമീപനങ്ങളും നേരിട്ട് സമൂഹത്തെ അതിദ്രുതം സ്വാധീനിച്ചുകൊണ്ടിരിക്കും. അതിന്റെ പ്രതിഫലനങ്ങൾ ചിലപ്പോൾ തലമുറകളോളം വ്യാപിച്ചെന്നുമിരിക്കും. എം.ടി വാസുദേവൻ നായർ അടിയൊഴുക്ക് എന്ന സിനിമയിൽ നായകന്റെ പശ്ചാത്തലന്യായീകരണവാദത്തിലൂന്നി ആ നായകനെക്കൊണ്ട് ഒരു തെറി പറയിപ്പിക്കുന്നുണ്ട്. അതിനുശേഷം ഇന്നുവരെയുള്ള മലയാള സിനിമകളെടുത്തു നോക്കിയാൽ പച്ചത്തെറിയുടെ കാഠിന്യം കൂടിക്കുടി വരുന്നത് കാണാം. എം.ടി ഒരു തെറി ഉപയോഗിക്കുമ്പോൾ തെറിപ്രയോഗത്തിന് അംഗീകാരം ലഭിക്കുന്നു. ആംഗലേയത്തിൽ എൻഡോഴ്‌സ്‌മെന്റ് എന്ന്  പറയുന്നപോലെ. അത്തരത്തിലുള്ള തെറിപ്രയോഗങ്ങൾ സിനിമയിൽ വ്യാപകവും പ്രചാരത്തിലുമാകുന്നതോടെ അത് സാമാന്യ ജനങ്ങൾക്കിടയിൽ ഉപയോഗത്തിലേക്കെത്തുന്നു. ഏറെ നാൾ കഴിയുമ്പോൾ ആ തെറിയുടെ മൂര്‍ച്ച കുറയുന്നു. അതിനാൽ അതിനേക്കാൾ മുന്തിയ തെറി കടന്നുവരുന്നു. വീണ്ടും ആ തെറി സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടം നേടുന്നു. തെറി മുഖ്യധാരയിൽ ഇടം നേടിയതു കൊണ്ട് എന്താ കുഴപ്പം എന്നൊരു ചോദ്യമുണ്ട്. അതിനുത്തരം ആത്മാർഥമായി പറഞ്ഞാൽ ഒരു കുഴപ്പവുമില്ല. ചിലർക്ക് ചില ദുർഗന്ധം ശ്വസിക്കുന്നത് വളരെ ഇഷ്ടമായിരിക്കും. ചിലർക്ക് ദുർഗന്ധം ലഹരി പോലും നൽകാറുണ്ട്. ആംഗലേയ കാൽപ്പനിക കവി കോളിറിഡ്ജ് ചീഞ്ഞ കവിതയ്ക്ക് പ്രചോദനം കിട്ടുന്നതിനായി ചീഞ്ഞ തക്കാളി മേശയ്ക്കടിയിലെ കൂടയിൽ വയ്ക്കാറുണ്ടായിരുന്നുവത്രെ. അങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങൾ ന്യായീകരണത്തിന് എടുത്തു കാണിക്കാനുണ്ടാകും. ദുർഗന്ധം അധികം ശ്വസിച്ചാൽ അത് ആരോഗ്യത്തിനു ഹാനികരമാണ്. അതുപോലെ തെറിപ്രയോഗം സ്വാഭാവിക സംഭാഷണത്തിലെ ഭാഗമാകുന്ന വ്യക്തിയുടെ സംസ്കാരത്തിന്റെ ഗതി കീഴേക്കായിരിക്കും. അയാളുടെ സാമീപ്യം പോലും മറ്റുള്ളവർക്ക് അലോസരമുണ്ടാക്കുന്നതായിരിക്കും. തെറി സ്വഭാവികമായി ഉപയോഗിക്കുന്നവർ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരാകില്ല.

 

mt vasudevan nair
Image Courtesy: Mullookkaaran @ Wikimedia

മനുഷ്യന്റെ സത്തയാണ് വാക്ക്. തെറിയും വാക്കാണ്. നല്ല വാക്കിനായി ഉപയോഗിക്കുന്ന അതേ വാക്കുപയോഗിച്ചാണ് തെറിയുടെ വാക്കുകളും മെനയുന്നത്. ഒരു വ്യക്തി തെറി ഉപയോഗിക്കുന്നത് ഒരു അവസ്ഥയെ വിശേഷിപ്പിക്കാനല്ല. മറിച്ച് അയാളുടെ കാഴ്ചപ്പാടിൽ മറ്റൊന്നിനെ ഇകഴ്ത്തിക്കാണിക്കാനാണ്. യഥാർഥത്തിൽ തെറി പറയുന്ന വ്യക്തി മറ്റ് വ്യക്തികളെ ഇകഴ്ത്തുകയോ സംഭവങ്ങളെ വിവരിക്കുകയോ അല്ല ചെയ്യുന്നത്. ആ വ്യക്തി അയാളെ നിർവചിക്കുകയാണ്. അവിടെ എം.ടി വാസുദേവൻ നായരുടെ വാദം ന്യായീകരിക്കപ്പെടുന്നു. എന്നാൽ ഇതിനേക്കാൾ സഭ്യമല്ലാത്ത, ശബ്ദതാരാവലിയിൽ ബ്രാക്കറ്റിൽ അശ്ലീല പദം എന്നു കൊടുത്തിട്ടുള്ള വാക്ക് എം.ടി പോലും ഉപയോഗിക്കുന്നില്ല. കാരണം മഹാതെറി പറയാൻ പാടില്ല എന്നുളള ബോധം എം.ടിയിലും പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് തെറിക്കോണിയിലെ താഴെ പടിയിലുള്ള തെറിയെ ആ കഥാപാത്രത്തിന്റെ നാവിലേക്ക് എം.ടി വിന്യസിച്ചത്.

 

ഇതൊക്കെ എന്തിനാണ് നികേഷ് കുമാറിന്റെ കാര്യം പറഞ്ഞു വരുമ്പോൾ പറയുന്നതെന്നായിരിക്കും. നികേഷ് കുമാർ വാക്കും ഭാവവും ചിത്രങ്ങളുമുപയോഗിച്ചുകൊണ്ട് മലയാളികളുടെ ജീവിതത്തിൽ വേണ്ടുവോളം ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയാണ്. ആ ഇടപെടലിലൂടെ മലയാളികളുടെ ഇടയിൽ അദ്ദേഹത്തിനു ലഭിച്ച സ്വീകാര്യതയാണ് ഭാഗികമായി അദ്ദേഹത്തിന് അഴീക്കോട് ഇടതുമുന്നണി സ്ഥാനാർഥിയാകാൻ സഹായകമായത്. ജനത്തിന് സ്വീകാര്യമായി എന്നു പറയുമ്പോൾ ജനത്തിന്റെ പ്രതീക്ഷയ്‌ക്കൊത്താണ് നികേഷ് പ്രവർത്തിച്ചത് എന്ന്‍ കാണാം. അതുകൊണ്ടുതന്നെ നികേഷ് ജനങ്ങളുടെ പ്രാതിനിധ്യസ്വഭാവം ഇന്ത്യാവിഷന്റെയും പിന്നീട് റിപ്പോർട്ടർ ചാനലിന്റെയും അധിപനായിരുന്നുകൊണ്ട് വഹിക്കുകയുണ്ടായി. അതുകൊണ്ട് നികേഷിനെ മാറ്റിനിർത്തി നികേഷിന്റെ പ്രവൃത്തികളെ വിശകലനം ചെയ്യുന്നത് ശരിയല്ല. നികേഷിന്റെ പ്രവൃത്തികളെ നോക്കിക്കാണുന്നത് നികേഷിന്റെ പോരായ്മകളായി കാണാനും പാടുള്ളതല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ നടപടികൾ സമൂഹം എന്ന പശ്ചാത്തലഭൂമികയിൽ കാണുമ്പോൾ സമൂഹത്തിന് ദോഷമാകുന്ന വിധം അവ മാറുന്നതു കാണാൻ കഴിയും. അത് നികേഷിന്റെ മാത്രം ഉത്തരവാദിത്വമല്ല. അതേസമയം ഇത്തരം അവസരങ്ങൾ ലഭിക്കുന്ന വ്യക്തികൾ ഉത്തരവാദിത്വത്തോടെ പെരുമാറാനും സമൂഹത്തിന്റെ ഗതിയെ നിർണ്ണയിക്കാനും ബാധ്യസ്ഥപ്പെട്ടവരാണ്. ആ നിലയ്ക്ക് നികേഷിന് ഒരിക്കലും ഉയരാൻ കഴിഞ്ഞില്ല. അദ്ദേഹം ആൾക്കൂട്ടസ്വഭാവമുള്ള സമൂഹത്തിനോട് ചേർന്നു നിന്നുകൊണ്ട് ആൾക്കൂട്ട സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നു.

nikesh kumar
Image Courtesy: M V Nikesh Kumar @ Facebook

 

സമൂഹത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങളാണ് അദ്ദേഹത്തിന് ഒരു ചാനൽ നയിക്കാൻ പ്രാപ്തനാണെന്ന ധാരണ നൽകിയത്. അതേ സമൂഹത്തിന്റെ ചാലകചോദനകളാണ് അത്തരം ചാനൽ സംരഭങ്ങൾക്ക് ഉദയം കൊള്ളാൻ അവസരമൊരുക്കിയതും. അതിനാൽ നികേഷിനെ പഠിക്കുമ്പോൾ ആൾക്കൂട്ട സ്വാധീനത്താൽ പരുവപ്പെട്ട ആൾക്കൂട്ട സ്വഭാവമുള്ള വ്യക്തിത്വമായി നികേഷ് നമ്മുടെ മുന്നിൽ അവതരിക്കുന്നു. ആദ്യം മാദ്ധ്യമ പ്രവർത്തകനായി. ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകനായി. നികേഷിലെ ആൾക്കൂട്ടത്തെ നോക്കുമ്പോൾ നാം, മലയാളി, നമ്മളെ തന്നെ നോക്കുന്നു. അതിനാൽ നികേഷിനെ വിമർശനബുദ്ധിയോടെ നോക്കുമ്പോൾ നാം നമ്മെത്തെന്ന വിമർശനബുദ്ധിയോടെ നോക്കുന്നു. ആൾക്കൂട്ടമായി മാറിയ മലയാളി എന്ന വ്യക്തിയുടെ ഉള്ളിലേക്കു നോക്കാൻ നികേഷിനെ നോക്കിയാൽ മതി. മലയാളിയുടെ ആൾക്കൂട്ട മനസ്ഥിതി എവിടെ നിൽക്കുന്നു എന്നറിയാൻ ചരിത്രത്തിൽ ചില ഒറ്റപ്പെട്ട സംഭവങ്ങൾ മതിയാകും. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ആറ്റിൽ മുങ്ങി ഒരു ശിലയുമായി പൊങ്ങി വന്ന് ശിവപ്രതിഷ്ഠ നടത്തി. ആ ഒരൊറ്റ സംഭവം മാത്രം മതി ഗുരുവിന്റെ അദ്വൈത തത്വവും അതിനെ അടിസ്ഥാനമാക്കി അദ്ദേഹം തുടക്കം കുറിച്ച കേരള നവോത്ഥാനവും അതിന്റെ ഭാഗമായി നടന്ന സാമൂഹിക പരിഷ്കരണവുമൊക്കെ മനസ്സിലാക്കാൻ. അതുപോലെ വർത്തമാന മലയാളിയിലെ ആൾക്കൂട്ട സ്വഭാവത്തെ മനസ്സിലാക്കാൻ നികേഷ് അഴീക്കോട്ട് തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കിണറിലിറങ്ങിയ ഒറ്റ ചരിത്ര സംഭവം മാത്രം മതി. മാദ്ധ്യമപ്രവർത്തനം കേരളത്തിൽ ഇവ്വിധം ആയതെങ്ങനെ, ഇന്ത്യാവിഷനും അതിനു ശേഷം അദ്ദേഹം തുടങ്ങിയ റിപ്പോർട്ടർ ചാനലും എന്തുകൊണ്ട് പരാജയപ്പെട്ടു, കേരള രാഷ്ട്രീയം എവിടെ നിൽക്കുന്നു, ഏതു ദിശയിലേക്കു നീങ്ങുന്നു, സി.പി.ഐ.എമ്മിന്റെ ഇന്നലെ, ഇന്ന്, നാളെ എന്ത്, മലയാളിയുടെ ശ്രദ്ധയില്ലായ്മയും പ്രൊഫഷണലിസമില്ലായ്മയും എന്തുകൊണ്ട്, മലയാളിയുടെ ഔപചാരിക വിദ്യാഭ്യാസവും വിദ്യാഭ്യാസവും തമ്മിലുള്ള അകലമെന്ത്, മലയാളിയുടെ മൂല്യങ്ങളെന്ത്, തങ്ങൾ കേമരാണ് എന്ന മലയാളിയുടെ അഹങ്കാരം ദൗർബല്യത്തിൽ നിന്ന് എങ്ങനെ ഉണ്ടാകുന്നു, സ്വയം തിരിച്ചറിയാൻ കഴിയാത്തവരായി മലയാളി എങ്ങനെ മാറുന്നു, മലയാളി എത്തിപ്പെട്ടിരിക്കുന്ന ആന്തരിക സംഘട്ടനം, ആ സംഘട്ടനത്തിന്റെ ഫലമായി മദ്യാസക്തിയിൽ മലയാളി എന്തുകൊണ്ട് മുങ്ങിത്താഴുന്നു, കുടുംബവ്യവസ്ഥിതി എന്തുകൊണ്ട് ശൈഥില്യത്തെ നേരിടുന്നു എന്നുള്ളതെല്ലാം നികേഷിന്റെ ആ കിണറ്റിലിറക്കത്തിലൂടെ കിണറിന്റെ അരഞ്ഞാൺ തെളിഞ്ഞു കാണുന്നതുപോലെ കാണാൻ കഴിയും. തൊട്ടിയും കയറുമുണ്ടായിരുന്ന കിണറ്റിലിറങ്ങി അടിയിൽ ചെന്ന് അതേ തൊട്ടികൊണ്ട് നികേഷ് കോരി കാണിച്ച മലിനജലം ആൾക്കൂട്ടമലയാളിയുടെ ചവിട്ടിക്കലക്കപ്പെട്ട മനസ്സിന്റെ മാലിന്യമാണെന്ന് മനസ്സിലാകും. ആ മലിനജലത്തെ മാറ്റി ശുദ്ധമാക്കുമെന്ന് നികേഷ് വാഗ്ദാനം നൽകുന്നു. ഇതേപോലെ മാദ്ധ്യമപ്രവർത്തനത്തിലൂടെ നികേഷ് സമൂഹത്തെ ശുദ്ധമാക്കുമെന്ന് വാശി പിടിച്ചു. മാദ്ധ്യമരംഗവും സമൂഹവും കൂടുതൽ മലീമസമായി. അതുപോലെ ആ കിണർവെള്ളവും ശുദ്ധമാക്കാൻ നികേഷിന് കഴിയില്ല. ആ കിണർവെള്ളം നന്നാവണമെങ്കിൽ മലയാളി മാറണം. അതിനാൽ മാദ്ധ്യമരംഗത്തു സംഭവിച്ചതു പോലെ നികേഷിന്റെ സാന്നിദ്ധ്യം അക്ഷരാർഥത്തിലും രൂപകാർഥത്തിലും ആ കിണർവെള്ളം കൂടുതൽ മലിനമാകാനേ ഉപകരിക്കുകയുള്ളു.

 

(തുടരും)


ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.

Tags: