ഇസ്ലാമാബാദ്: ചരിത്രം കുറിച്ച തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ജനത സമ്മതിദാനാവകാശം വിനിയോഗിക്കുന്നു. 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യ ജനാധിപത്യ അധികാര കൈമാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് വോട്ടെടുപ്പ് തുടങ്ങി.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന് വെള്ളിയാഴ്ച താലിബാന്‍ ആഹ്വാനം നല്‍കി. ഇതേ തുടര്‍ന്ന് ആറു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് തെരഞ്ഞെടുപ്പ് ദിവസം വിന്യസിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുന്‍പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയിരുന്നു. തെരഞ്ഞെടുപ്പിനിടെ നടന്ന ഭീകരാക്രമണങ്ങളില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇറാന്‍, അഫ്ഗാനിസ്താന്‍ അതിര്‍ത്തികള്‍ അടുത്ത മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്നും പാകിസ്താന്‍ അധികൃതര്‍ അറിയിച്ചു.
ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ സഭകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 342 അംഗ അസംബ്ലിയില്‍ 272 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുന്‍ പ്രധാനമന്ത്രി നയിക്കുന്ന പാകിസ്താന്‍ മുസ്ലിം ലീഗ്, മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹരീക്-ഇ- ഇന്‍സാഫ് എന്നിവയാണ് ദേശീയ തലത്തില്‍ ഏറ്റുമുട്ടുന്ന പ്രമുഖ കക്ഷികള്‍. മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ് തെരഞ്ഞടുപ്പില്‍ പങ്കെടുക്കുന്നതിനായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയെങ്കിലും വിവിധ കേസുകളില്‍ പ്രതിയായ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കോടതി വിലക്കി.