പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്ക് എട്ടു ശതമാനമായി തുടരും. ബാങ്കുകളില്‍ നിന്ന്‍ റിസര്‍വ് ബാങ്ക് എടുക്കുന്ന വായ്പയുടെ നിരക്കായ റിവേഴ്സ് റിപ്പോ ഏഴു ശതമാനമയും ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം നാലു ശതമാനമായും തുടരും.
പണലഭ്യത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ സ്വര്‍ണ്ണമായോ കടപ്പത്രങ്ങളായോ സൂക്ഷിക്കേണ്ട തുകയുടെ അനുപാതം (സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ – എസ്.എല്‍.ആര്‍) കുറച്ചിട്ടുണ്ട്. എസ്.എല്‍.ആര്‍ അന്‍പത് ബേസിസ് പോയന്റ് കുറച്ച് നിക്ഷേപങ്ങളുടെ 22.5 ശതമാനമാക്കി.
പണപ്പെരുപ്പം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയി കഴിഞ്ഞ സെപ്തംബറില്‍ ചുമതലയേറ്റതിന് ശേഷം പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ റിപ്പോ നിരക്ക് മൂന്ന്‍ തവണയായി 75 ബേസിസ് പോയന്റ് വര്‍ധിപ്പിച്ചിരുന്നു.