ന്യൂഡല്‍ഹി
1993 മുതല്‍ കല്ക്കരിപ്പാങ്ങള് ഖനനത്തിന് അനുവദിച്ച കമ്മിറ്റികളുടെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിനാണോ സംസ്ഥാനങ്ങള്‍ക്കാണോ കല്‍ക്കാരിപ്പാടം ഖനനത്തിന് അനുവാദം നല്കാന് അധികാരം എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഭാഷകനായ എം.എല്‍ ശര്‍മയും സര്‍ക്കാരേതര സംഘടന കോമണ്‍ കോസും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അനധികൃതമായി അനുവദിച്ച കല്‍ക്കരിപ്പാട ഖനനത്തിനുള്ള ലൈസന്‍സുകള്‍ റദ്ദാക്കണം എന്നാണ് ഹര്‍ജികളിലെ ആവശ്യം. ജസ്റ്റിസുമാരായ ആര്.എം. ലോധ, മദന്‍ ബി. ലോകൂര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ആണ് കേസില്‍ വാദം കേള്‍ക്കുന്നത്. വാദം വ്യാഴാഴ്ചയും തുടരും.