1983-ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്രപ്രസിദ്ധമായ ലോകകപ്പ് വിജയത്തോടുകൂടിയാണ് ക്രിക്കറ്റ് കേരളത്തിൽ ജനപ്രിയ കായികരൂപമായി മാറാൻ തുടങ്ങിയത്. 1983-ന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് നിര്‍ണ്ണായക മത്സരങ്ങൾ, ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് മത്സരവും ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് വിജയവും, മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമി എങ്ങനെ റിപ്പോർട്ട് ചെയ്തു എന്ന് താഴെ കൊടുത്തിരിക്കുന്നു.
ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം
അഖില ഇംഗ്ലണ്ട് ടീമിനോടുള്ള കളി
ലണ്ടൻ ജൂണ്‍ 25, 1932
സർവേന്ത്യാ ടീമും ഇംഗ്ലണ്ടിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും കൂടി തിരഞ്ഞെടുത്ത ടീമും തമ്മിൽ ഇന്ന്‍ കളി ആരംഭിച്ചു. 23,000 ജനങ്ങൾ ഉത്കണ്ഠയോടെ കളി കണ്ടു. ഇംഗ്ലണ്ട് ടീം ആദ്യം കളിച്ചു. ഒന്നാമത്തെ കളിയിൽ ഇംഗ്ലണ്ടുകാർ 259 റണ്‍സ് നേടി. ഇന്ത്യക്കാർ കളി തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും വെളിച്ചം മതിയാവാത്തതുകൊണ്ട് നിർത്തിവെച്ചു. നവെലയും, നവോമലും ആണ് ആദ്യം കളിച്ചത്. അവർ രണ്ടുപേരും കൂടി 30 എണ്ണം നേടിയപ്പോഴാണ് അവരുടെ കളി നിർത്തിവെക്കേണ്ടി വന്നത്. (മാതൃഭൂമി, 1932, ജൂണ്‍ 28, ചൊവ്വ)
വൻ പ്രാധാന്യമാണ് മാതൃഭൂമി ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിന് നൽകിയത്. അത് പത്രത്തിലെ ഒന്നാം പേജ് വാർത്തയായിരുന്നു.
സ്‌പോർട്ടിംഗ് (സ്‌പോർട്‌സ് പേജിലെ വാർത്ത)
ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം
മദിരാശി ക്രിക്കറ്റിലെ വമ്പിച്ച നേട്ടം
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ വെറും 153 റണ്‍സിന് പുറത്തായി
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഇന്ന്‍ ലഞ്ചിനുശേഷം മൂന്ന്‍ മണിക്ക് ഒരിന്നിംഗ്‌സിനും 8 റണ്‍സിനും വിജയം നേടി.
ഇംഗ്ലണ്ടുമായോ മറ്റേതെങ്കിലും രാജ്യമായോ ഒരു ഔദ്യോഗിക ടെസ്റ്റിൽ ഇന്ത്യ നേടുന്ന ഒന്നാമത്തെ വിജയമാണിത്. ഈ വിജയത്തോടുകൂടി ഇക്കൊല്ലത്തെ മത്സരപരമ്പര ഡ്രോ ആയി അവസാനിച്ചിരിക്കുന്നു. (മാതൃഭൂമി, 1952 ഫെബ്രുവരി 11, തിങ്കൾ)
വർഷങ്ങൾക്ക് ശേഷം മലയാള മനോരമയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ വാർത്ത ഇന്ത്യയിലെയും കേരളത്തിലെയും ക്രിക്കറ്റിന്റെ ജനപ്രീതിയെ സൂചിപ്പിക്കുന്നു.
''ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ മാച്ച് റഫറി ഏകപക്ഷീയമായി എടുത്ത അച്ചടക്ക നടപടിയെ ഇന്ത്യൻ പാർലമെന്റ് അപലപിച്ചു. ഇന്ത്യൻ ടീം പര്യടനം മതിയാക്കി തിരിച്ചുപോരണമെന്ന്‍ പല അംഗങ്ങളും ആവശ്യപ്പെട്ടു. രാജ്യസഭയിൽ ഡി.എം.കെ അംഗം തിരുനാവകരുശും പ്രശ്‌നം ഉയിച്ചു!''(മലയാള മനോരമ, നവംബർ 23, വെള്ളി, 2001, പേജ് 12)