Skip to main content
കളിലോകം – വിശകലനം

2013 മെയ്-ജൂലായ് മാസങ്ങള്‍ക്കിടയില്‍ നിരവധി കായിക സംഭവങ്ങൾ അരങ്ങേറി. ഇന്ത്യൻ പറ്റിക്കൽ ലീഗെന്ന്‍ വിശേഷിപ്പിക്കപ്പെട്ട ഐ.പി.എൽ, അവസാനത്തെ ചാമ്പ്യന്മാരുടെ ചാമ്പ്യനെ നിർണ്ണയിക്കുന്ന ഐ.സി.സി.യുടെ ചാമ്പ്യൻസ് ട്രോഫി, ഭൂഖണ്ഡങ്ങളിലെ ഫുട്‌ബോൾ ചാമ്പ്യൻമാർ മാറ്റുരച്ച കോണ്‍ഫെഡറേഷൻ കപ്പ്, ലോക ടെന്നീസിലെ പതിവ് ആചാരങ്ങളായ ഫ്രഞ്ച് ഓപ്പണും പിന്നെ വിംബിൾഡണും.  കൂടാതെ ഇന്ത്യ ആതിഥേയത്വം വഹിച്ച പൂനെയിലെ ഏഷ്യൻ അതിലറ്റിക്ക് ചാമ്പ്യൻഷിപ്പ്.

 

2013 മെയ് 16 ന് ഉണ്ടായ ശ്രീശാന്തിന്റെ നാടകീയമായ അറസ്റ്റ്,  ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ പിടിച്ചു കൂലുക്കി. പത്ര-ദൃശ്യ മാധ്യമങ്ങൾ ശരിക്കും അത് ആഘോഷിക്കുകയും ചെയ്തു.  എന്നാൽ ഒരു മാസത്തിനകം മാധ്യമങ്ങളുടെ പിന്തുണയോട് കൂടി തന്നെ ശ്രീശാന്ത് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു. ഇരയിൽ നിന്ന്‍ വാഴ്ത്തപ്പെട്ടവനിലേക്കും, വാഴ്ത്തപ്പെട്ടവനിൽ നിന്ന്‍ ഇരയിലേക്കുമുള്ള ദൂരം വളരെക്കുറവാണെന്ന്‍ ഒരിക്കൽകൂടി മാധ്യമങ്ങൾ നമുക്ക് കാണിച്ചു തന്നു.

 

Neymar wins golden ball in 2013 Confed Cupകോണ്‍ഫെഡറേഷൻ കപ്പ് മുമ്പത്തേക്കാളേറെ ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റി. 2014 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീൽ ഒരിക്കൽ കൂടി ലോകത്തെ സുന്ദരമായ കളിയുടെ ചക്രവർത്തിമാർ തങ്ങള്‍ തന്നെയാണെ് തെളിയിച്ചു. കോണ്‍ഫെഡറേഷൻ കപ്പിന്റെ സമയത്ത് ബ്രസീലിയൻ നഗരങ്ങളിലുണ്ടായ ജനകീയ സമരങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. 2014 ലെ ലോകകപ്പിനും 2016 ലെ ഒളിമ്പിക്‌സിനും ബ്രസീലിയൻ ഭരണകൂടം ക്രമാതീതമായി പണം ചെലവഴിക്കുകയും, ബ്രസീലിയൻ ജനതയുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നു എന്നതായിരുന്നു ജനരോഷത്തിന് കാരണം. ഫുട്ബാളല്ല ഞങ്ങൾക്ക് വലുതെന്നും, 2014 ലോകകപ്പ് കാണാൻ ബ്രസീലിലേക്ക് വരരുതെന്നും ഫേസ്ബുക്കിലൂടെ ബ്രസീലിയൻ സുഹൃത്തുക്കൾ നിരന്തരമായ അഭ്യർത്ഥന നടത്തി.

 

ഐ.പി.എലിന്റെ ആറാം സീസണ്‍ ക്രിക്കറ്റിനും ബി.സി.സി.ഐക്കും ഏൽപ്പിച്ച പ്രഹരം ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫിയിലേയും, വെസ്റ്റിൻഡീസിലെ ത്രിരാഷ്ട്ര പരമ്പരയിലേയും വിജയം മായ്ച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ പ്രകടനം എല്ലാ മത്സരത്തിലും ആധികാരികമായിരുന്നു. കളിയുടെ സർവ മേഖലകളിലും അവർ എതിരാളികളുടെ മേൽ ആധിപത്യം പുലർത്തി. ദക്ഷിണാഫ്രിക്കയും, വെസ്റ്റിൻഡീസും, പാകിസ്ഥാനും, ശ്രീലങ്കയും, ഇംഗ്ലണ്ടും ഇന്ത്യയുടെ കരുത്തിന് മുന്നിൽ കീഴടങ്ങി. ജൂണ്‍ പതിനഞ്ചാം തീയതി നല്ല അയൽക്കാരുടെ മത്സരത്തിൽ (ഇന്ത്യ-പാകിസ്ഥാൻ മത്സരം) പ്രതീക്ഷിച്ച തീപ്പൊരിയുണ്ടായില്ല. പലപ്രാവശ്യം ക്ഷണിക്കാത്ത അതിഥിയായെത്തിയ മഴ രാഷ്ട്രീയ കാരണങ്ങളാൽ എപ്പോഴും ശ്രദ്ധേയമാവാറുള്ള ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ തീവ്രതയില്ലാതാക്കി. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കരുതെന്ന്‍ പറയുന്നത് രാഷ്ട്രീയ കാരണങ്ങളാണെങ്കിൽ, ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കണമെന്ന്‍ പറയുന്നതിന്റെ പിന്നിൽ താല്പര്യം തികച്ചും സാമ്പത്തികമാണ്.

India Wins ICC Champions Trophy 2013

ചാമ്പ്യൻസ് ട്രോഫി ശിഖർ ധിവാൻ എന്ന മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാനെ ഇന്ത്യക്ക് സമ്മാനിച്ചു. വി.വി.എസ്. ലക്ഷ്മണിന്റെ പിൻഗാമിയെന്ന്‍ വിശേഷിപ്പിക്കപ്പെടുന്ന രോഹിത് ശർമ്മ മികച്ച ഫോമിലേക്ക് ഉയർന്നത് ഇന്ത്യയുടെ ബാറ്റിംഗ് നിരക്ക് ശക്തി പകർന്നു. വെസ്റ്റിൻഡീസിലെ ത്രിരാഷ്ട്ര ടൂർണ്ണമെന്റിലെ മഴ നിയമങ്ങൾ ക്രിക്കറ്റിനെ തന്നെ പരിഹസിക്കുന്ന രീതിയിലായിരുന്നു. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു അവസാനത്തെ ഇന്ത്യ-ശ്രീലങ്ക ലീഗ് മത്സരം. രണ്ട് പ്രധാന ഏകദിന ടൂർണ്ണമെന്റ് വിജയങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം സിംബാബ്‌വേ സന്ദർശനത്തിന് ഒരുങ്ങുകയാണ്. ആഗോളവൽക്കരണത്തെ പ്രണയിച്ചതിന്റെ കെടുതിയിൽ അകപ്പെട്ട സിംബാബ്‌വേ എന്ന  രാജ്യത്തിനും അവിടുത്തെ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സന്ദർശനം സാമ്പത്തികമായി ഏറെ ഗുണം ചെയ്യും. സിംബാബ്‌വേ സന്ദർശനത്തിനുള്ള ഇന്ത്യൻ ടീമിൽ കാശ്മീരിൽ നിന്നുള്ള ആദ്യത്തെ കളിക്കാരൻ പർവേസ് റസൂൽ തിരഞ്ഞെടുക്കപ്പെട്ടത് മാധ്യമങ്ങൾക്ക് പ്രധാന വാർത്തയായി.  ഇന്ത്യയുടെ അഖണ്ഡതയുടെ, ഐക്യത്തിന്റെ, മതനിരപേക്ഷതയുടെ ഉജ്ജ്വലപ്രതീകമായി റസൂൽ മാറി.

 

Andy Murray wins Wimbeldon 20132013-ലെ വിംബിൾഡണിൽ ദേശസ്‌നേഹികളായ ഇംഗ്ലീഷുകാരെ സന്തോഷിപ്പിച്ചുകൊണ്ട് പുരുഷ വിഭാഗത്തിൽ ആന്‍ഡി മുറേ കിരീടം നേടി. കഴിഞ്ഞവർഷത്തെ പുരുഷ-വനിതാ ചാമ്പ്യന്മാരായ റോജർ ഫെഡറർക്കും സെറീന വില്യംസിനും വിജയം ആവർത്തിക്കാൻ സാധിച്ചില്ല. ട്യൂഡർ രാജവംശത്തിന്റെ (1485 എ.ഡി-1603) കാലത്ത് ശക്തിപ്പെട്ട ഇംഗ്ലണ്ടുകാരുടെ ദേശീയ ബോധമാണ് 1689 ലെ രക്തരഹിത വിപ്ലവത്തിലേക്ക് നയിച്ചത്. ട്യൂഡർമാർക്ക് ശേഷം 1603 ൽ അധികാരത്തിൽ എത്തിയ സ്‌കോട്‌ലാൻഡുകാരായ സ്റ്റുവേർട്ട് രാജാക്കന്മാർക്ക് ഒരിക്കലും ഇംഗ്ലീഷുകാരുടെ മനസിനെ കീഴടക്കാൻ സാധിച്ചില്ല. ഈ വിരോധം അവരുടെ ദേശീയ ബോധത്തെ ദൃഢപ്പെടുത്തി. ഒടുവിൽ അത് രക്തരഹിത വിപ്ലവത്തിലേക്ക് നയിക്കുകയും ചെയ്തു. ഇംഗ്ലീഷ് ദേശീയ ബോധം ഇനിയുള്ള നാളുകളിൽ ആഷസ് പോരാട്ടത്തിലൂടെ  (ഇംഗ്ലണ്ട്-ആസ്‌ട്രേലിയ മത്സരങ്ങൾ) ശക്തിപ്പെടും. വിംബിൾഡണിലെ വനിതാ വിജയിയായ ബർത്തോലിയെ അവരുടെ കായിക മികവിന് വാഴ്ത്തുതിന് പകരം അവരുടെ ഗ്ലാമറിനെ കുറിച്ച് ചർച്ച ചെയ്യാനാണ് നമ്മുടെ ഇംഗ്ലീഷ് പത്രങ്ങൾ ശ്രമിക്കുന്നത്. ഇത് തികച്ചും നിർഭാഗ്യകരമാണ്. ഒപ്പം അപലപനീയവും.

 

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ചരിത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ് വസിഷ്ഠ്.