വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഒരേ ഭീഷണി നേരിടുന്നു. ഐക്യജനാധിപത്യ മുന്നണി അടുപ്പിച്ച് രണ്ട് തവണ അധികാരത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ആ മുന്നണിയുടെയും അതിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെയും നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. അതേ അവസ്ഥ തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്. അതിന് നേതൃത്വം നല്കുന്ന സി.പി.ഐ.എമ്മിന്റെ നിലനില്‍പ്പ് പ്രക്ഷോഭത്തിലും സമരത്തിലും അക്രമാസക്തതയിലൂടെയുമുള്ള പ്രതിഷേധത്തിലൂടെയാണ്. അത്തരം നിഷേധാത്മക പ്രതിഷേധത്തിലൂടെ യുവാക്കളെയും ക്യാംപസ് രാഷ്ട്രീയത്തെയും ഉപയോഗിച്ചു കൊണ്ടാണ് സി.പി.എമ്മിന്റെ അണികള്‍ വളരുന്നതും തങ്ങള്‍ പോരാളികളാണ് എന്നുള്ള പ്രതിച്ഛായ സമൂഹത്തിന് നല്‍കുന്നതും. ആ പ്രതിച്ഛായ ഉപയോഗിച്ചു കൊണ്ട് രക്ഷകരായി രംഗപ്രവേശം ചെയ്ത് അടുത്ത തിരഞ്ഞെടുപ്പ് ആവുമ്പോള്‍ അധികാരത്തില്‍ വരികയുമാണ് ചെയ്യുന്നത്. ക്രമാനുഗതമായി ഈ ഒരു പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.
ചില സര്‍വേകളും അതിന് ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമൊക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ നിന്ന് മാറി നിന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവുണ്ടാവില്ല എന്നുള്ള ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തലും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമുള്ള പ്രവൃത്തികളും കോണ്‍ഗ്രസിന് ഒരു മേല്‍ക്കൈ നേടിക്കൊടുത്തിട്ടുണ്ട്. ഊര്ജസ്വലമായിട്ടുള്ള ആശയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കുകയും അപസ്വരങ്ങള്‍ ഒഴിവാക്കി മുന്നോട്ട് നീങ്ങുകയും ചെയ്തു. പ്രൊഫഷണല്‍ ഏജന്‍സികളുടെ നിര്‍ദേശങ്ങള്‍ അതുപോലെ സ്വീകരിക്കുന്നു. മറ്റൊരു വശത്ത് പ്രക്ഷോഭം കത്തിച്ചു കയറ്റുന്നതിന് അവര്‍ വിജയിക്കുകയും ചെയ്തു. സി.പി.ഐ.എം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ എങ്ങനെയാണോ പ്രതിഷേധം അരങ്ങേറുന്നത് അതുപോലെ തന്നെയാണ് റാങ്ക് ഹോള്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് നടക്കുന്ന സമരം. ഈ സമരതീഷ്ണത ഇതിനകം തന്നെ വളരെയധികം ക്ഷീണം ഇടതുപക്ഷ പാര്‍ട്ടിക്കും സര്‍ക്കാരിനും വരുത്തിയിട്ടുണ്ട്.
അധികാരത്തില്‍ തുടര്‍ന്നു കഴിഞ്ഞാല്‍ പാര്‍ട്ടി വെല്ലുവിളി നേരിടും എന്നതുകൊണ്ട് അടുത്ത 5 വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കാമെന്ന തീരുമാനം അവര്‍ എടുത്തുവെന്നാണ് തോന്നുന്നത്. ഇനി അധികാരത്തില്‍ വരില്ല എന്ന നിശ്ചയദാര്‍ഡ്യം സി.പി.എമ്മിന്റെ കഴിഞ്ഞ കുറച്ചു നാളുകളായുള്ള നടപടികളിലൂടെ വ്യക്തമാക്കുന്നു. ചരിത്രത്തില്‍ ഇല്ലാത്തവിധമാണ് ഓരോ വകുപ്പുകളിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത തവണ അധികാരത്തില്‍ വരില്ല എന്ന തോന്നലിലാണ് ഇത് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ ഈ നിലപാട്. പല നേതാക്കളും മല്‍സരരംഗത്ത് നിന്ന് ഒരുതവണ മാറി നില്‍ക്കാമെന്നുള്ള തീരുമാനവും ഇതിനാലാണ് എന്ന് തോന്നുന്നു. മല്‍സരിച്ചാല്‍ വിജയിക്കില്ല എന്ന തോന്നലായിരിക്കാം നേതാക്കളുടെ ഈ തീരുമാനത്തിന് പിന്നില്‍.