ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എത്ര ഉന്നതാണെങ്കിലും നീതിപീഠത്തിന് അതീതനല്ല. കസ്റ്റഡി തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് തെറ്റെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഉദയഭാനു ഏഴാം പ്രതിയാണ്. മുന്‍കൂര്‍ നോട്ടിസ് നല്കി ചോദ്യം ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് വേണ്ടി നിരവധി കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ഉദയഭാനു.
ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന നിലപാടിലാണ് പോലീസ്. കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉദയഭാനുവിനു കൂടി വേണ്ടിയാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമാക്കിയിരുന്നു. ഉദയഭാനുവും ഒന്നാം പ്രതിയും തമ്മില്‍ കൊലപാതകം നടന്ന ദിവസം ഇരുവരും ഏഴ് തവണ ഫോണില്‍ സംസാരിച്ചിരുന്നു. രാജീവ് അവശനിലയില്‍ കിടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത് ഉദയഭാനുവാണ്. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതായി രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ പോലീസ് കണ്ടെത്തിയിരുന്നു.