Skip to main content

സംസ്ഥാനത്ത് മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നുവെന്നും ഇതിന് നാലാഴ്ചയെങ്കിലും സമയം വേണമെന്നും ഹൈക്കോടതി രജിസ്ട്രാര്‍. സുപ്രീം കോടതിയില്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യൂ.ജെ) നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച്‌.

 

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയിൽ വരുന്നതിന് ഇപ്പോൾ തടസ്സങ്ങളില്ലെന്നും എന്നാല്‍ മീഡിയ റൂം തുറക്കുന്നതില്‍ ഇപ്പോഴും ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി സുപ്രീം കോടതിയെ അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. എന്നാല്‍, ഇതിന് കൂടുതല്‍ സമയം വേണം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ പുരോഗതി അറിയിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

കേസില്‍ ഇനി നവംബര്‍ ഏഴിന് വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബലാണ് പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ഹാജരായത്. 

 

ജൂലായ് 19-നാണ് മാദ്ധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് അഭിഭാഷകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തത്. ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മീഡിയാ റൂം അടച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ല.