വയനാട് കൃഷ്ണഗിരിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിച്ച സ്‌റ്റേഡിയം നവംബർ 15 ന് ഗവർണർ നിഖിൽകുമാർ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയമാണിത്.
രാജ്യാന്തര നിലവാരമുള്ള പിച്ചുകളുള്ള സ്റ്റേഡിയത്തിൽ പുൽത്തകിടിയിൽ ഇരുന്നു കളി കാണാനുള്ള ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ടിന്റ മധ്യ ഭാഗത്ത് നിന്ന് രണ്ടടി ചരിവുള്ളതിനാൽ മഴ പെയ്താൽ വെള്ളം നിമിഷങ്ങൾക്കുള്ളിൽ ഓവുചാലുകളിലേക്കെത്തുന്നു. ഇത് മൂലം മഴതോർന്നാൽ 20 മിനിട്ടുനുള്ളിൽ തന്നെ കളി പുനരാരംഭിക്കാനാകും.
2009 ജനുവരിയിലാണ് സ്‌റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയത്. അഞ്ച് കോടി രൂപ ചിലവിലാണ് പണി പൂര്‍ത്തിയാക്കിയതെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു കൊച്ചിയില്‍ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇത്തവണത്തെ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ കൊച്ചിയിൽ നടക്കുമെന്നും ടി.സി മാത്യു അറിയിച്ചു. ഇതാദ്യമായാണ് കേരളം ദുലീപ് ട്രോഫി ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്നത്. ഒക്ടോബർ 10 മുതൽ 21 വരെകൊച്ചി കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ.