വിവാദമായ ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിയ്ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ നടത്തുന്ന സമരത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പങ്കെടുത്തു. ജന്തര്‍ മന്തറിലെ സമരവേദിയിലെത്തിയ കേജ്രിവാള്‍ കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരെപ്പോലെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തി. തിങ്കളാഴ്ചയാണ് അണ്ണാ ഹസാരെ തന്റെ രണ്ട് ദിവസത്തെ പ്രതിഷേധ സമരം ആരംഭിച്ചത്.
കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും എതിരാണ് നിയമ ഭേദഗതിയെന്നും ഡല്‍ഹിയിലെ ഒരു ഇഞ്ച് ഭൂമി പോലും ബലമായി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും കേജ്രിവാള്‍ പറഞ്ഞു. ബലമായി ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഏത് സര്‍ക്കാറിനേയും ജനം നിലംപരിശാക്കുമെന്നും കേജ്രിവാള്‍ മുന്നറിയിപ്പ് നല്‍കി.
2011-12 കാലഘട്ടത്തില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിയ്ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാവായിരുന്നു കേജ്രിവാള്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കേജ്രിവാള്‍ അടക്കമുള്ളവരുടെ തീരുമാനത്തെ തുടര്‍ന്ന്‍ ഇരുവരും വഴി പിരിയുകയായിരുന്നു.
നിയമ ഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന ബില്‍ ഇന്ന്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്നവരുടെ സമ്മതം വേണമെന്ന നിബന്ധന അഞ്ച് വിഭാഗങ്ങളിലെ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിവാക്കിയതാണ് ഭേദഗതിയെ വിവാദ വിഷയമാക്കിയത്.