Skip to main content
യുണൈറ്റഡ് നേഷന്‍സ്

aids campaignലോകത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2013 അവസാനം 21 ലക്ഷം പേരാണ് ഇന്ത്യയില്‍ മാരക വൈറസ് ബാധിച്ച് കഴിയുന്നത്. ഏഷ്യ-പസഫിക് മേഖലയില്‍ പത്ത് എച്ച്.ഐ.വി ബാധിതരില്‍ നാലും ഇന്ത്യാക്കാരാണെന്ന്‍ യു.എന്‍ ഏജന്‍സി യു.എന്‍എയ്ഡ്സ് പുറത്തിറക്കിയ ആദ്യ ഗാപ് റിപ്പോര്‍ട്ട് പറയുന്നു.

 

ലോകത്തെ എച്ച്.ഐ.വി ബാധിതരുടെ സിംഹഭാഗവും അധിവസിക്കുന്ന സബ്-സഹാറന്‍ ആഫ്രിക്ക കഴിഞ്ഞാല്‍ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഏഷ്യ-പസിഫിക് മേഖലയാണ്. 2013 അവസാനം ഇവിടെ 48 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ട്. ഇവരില്‍ 90 ശതമാനവും ഇന്ത്യ, ചൈന, ഇന്തോനേഷ്യ, മ്യാന്മര്‍, തായ്‌ലാന്‍ഡ്, വിയറ്റ്നാം എന്നീ ആറു രാജ്യങ്ങളിലാണ്‌.  

 

ഏഷ്യ-പസിഫിക് മേഖലയിലെ എയ്ഡ്സ് മരണങ്ങളില്‍ 2005-നും 2013-നും ഇടയില്‍ 37 ശതമാനം കുറവുണ്ടായി. ഇന്ത്യയില്‍ ഇത് 38 ശതമാനമാണ്. എന്നാല്‍, മേഖലയിലെ മരണങ്ങളില്‍ 51 ശതമാനവും ഇന്ത്യയിലാണ് നടന്നത്.

 

പുതിയ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് 19 ശതമാനം കുറവുണ്ടെങ്കിലും മേഖലയിലെ പുതിയ വൈറസ് ബാധിതരില്‍ 38 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇവിടെ എച്ച്.ഐ.വി ബാധിതരില്‍ എ.ആര്‍.ടി ചികിത്സ തേടുന്നത് 36 ശതമാനം പേര്‍ മാത്രമാണ്. അതേസമയം, ഇന്ത്യയില്‍ ഈ ചികിത്സ തേടുന്ന 7 ലക്ഷം പേര്‍ ലോകത്ത് രാജ്യത്തിന് രണ്ടാം സ്ഥാനം നല്‍കുന്നു.

 

ഇന്ത്യയില്‍ സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ എച്ച്.ഐ.വി ബാധ 10.3 ശതമാനത്തില്‍ നിന്ന്‍ 2.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, അസ്സം, ബീഹാര്‍, മദ്ധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ ഇത് കൂടുതലാണ്. മുംബൈ 22 (ശതമാനം), വിശാഖപട്ടണം (19 ശതമാനം) എന്നീ പ്രദേശങ്ങളും സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ വര്‍ധിച്ച എച്ച്.ഐ.വി ബാധ രേഖപ്പെടുത്തുന്നു. രാജ്യത്ത് 8.68 ലക്ഷം സ്ത്രീ ലൈംഗിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

 

ഇന്ത്യയില്‍ മയക്കുമരുന്ന് കുത്തിവെച്ച് എച്ച്.ഐ.വി ബാധിതരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ ഇരട്ടിയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Tags