2 ജി സ്‌പെക്ട്രം കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ടെലികോം മന്ത്രി എ.രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് പ്രതികള്‍ ഡല്‍ഹി വിചാരണ കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി 28-ന് പരിഗണിക്കും. ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരുടെ ജാമ്യക്കാലാവധി അവസാനിക്കാറായാതിനാലാണ് ഇപ്പോള്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചത്.
സ്വാന്‍ ടെലികോം പ്രോമോട്ടോര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബാല്‍വ, വിനോദ് ഗോയേങ്ക, കുസേഗണ്‍ ഫ്രൂട്ട്‌സ് സ്റ്റാള്‍ ഡയറക്ടര്‍മാരായ അസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, ബോളിവുഡ് നിര്‍മ്മാതാവ് കരീം മോറാനി, കലൈഞ്ജര്‍ ടിവി എം.ഡി ശരദ് കുമാര്‍, പി.അമൃതം എന്നിവരും ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരായി. മറ്റു പ്രതികള്‍ നേരിട്ടെത്തിയപ്പോള്‍ ദയാലു അമ്മാളിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കാണിച്ച് അവരുടെ അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുന്നതിന് സ്വാന്‍ ടെലികോം ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടിവിയ്ക്ക് 200 കോടി നല്‍കിയെന്നാണ് എന്‍ഫോഴ്‌സമെന്റിന്റെ പ്രധാന കണ്ടെത്തല്‍. എന്‍ഫോഴ്‌സമെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 10 വ്യക്തികളും ഒന്‍പതു കമ്പനികളുമാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.