കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനുള്ള ഏഴാം ശമ്പളക്കമ്മീഷന് രൂപം നല്‍കി. സര്‍ക്കാര്‍ തീരുമാനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചൊവ്വാഴ്ച അംഗീകാരം നല്‍കി. 2016 ജനുവരി ഒന്ന് മുതല് പുതിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
80 ലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്നതാണ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍. കമ്മീഷന്റെ ചെയര്‍മാനെയും അംഗങ്ങളെയും വിവിധ സംഘടനകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം അറിയിച്ചു. 2016 ജനുവരി ഒന്ന് മുതല് പുതിയ കമ്മീഷന്റെ നിര്‍ദേപ്രകാരമുള്ള ശമ്പളം നല്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
പത്ത് വര്‍ഷത്തിലൊരിക്കലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുന്നത്. 2006ലാണ് ഇതിന് മുന്‍പ് ശമ്പളം പരിഷ്ക്കരിച്ചത്. പുതിയ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രണ്ട് വര്‍ഷം സമയം എടുക്കും.