ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്)യിലെ വിജയ മാനദണ്ഡം പരിഷ്കരിച്ച യുജിസിയുടെ നടപടി സുപ്രീം കോടതി അംഗീകരിച്ചു. പരീക്ഷ പാസാകണമെങ്കില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നതിനുപുറമെ മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന യു.ജി.സി നടപടിയാണ് സുപ്രീം കോടതി ശരിവച്ചത്. യു.ജി.സിക്കെതിരെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്.
പരീക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അവകാശം യു.ജി.സിക്കാണെന്നും യു.ജി.സിയുടെ വിജ്ഞാപനങ്ങളില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതി വ്യക്തമാക്കി. നെറ്റ് പരീക്ഷയിലെ മൂന്നു പേപ്പറുകളില്‍ ഒന്നാം പേപ്പറിന് 40 മാര്‍ക്കും രണ്ടാം പേപ്പറിന് 40 മാര്‍ക്കും മൂന്നാം പേപ്പറില്‍ 50 മാര്‍ക്കും വാങ്ങണമെന്നും ആകെ മാര്‍ക്ക് 65 ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നുമാണ് വിജ്ഞാപനം.
എട്ടു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതികളെ സമീപിച്ചുവെങ്കിലും കേരളമുള്‍പ്പടെയുള്ള ഏഴ് കോടതികളില്‍ നിന്നും അനുകൂല വിധി നേടാന്‍ കഴിഞ്ഞിരുന്നു. ഇതിനെതിരെ യുജിസി സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്ന് ഉദ്യോഗാര്‍ഥികളുടെ അഭിഭാഷകന് അറിയിച്ചു.