ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഉണ്ടായ കലാപം അന്വേഷിക്കാന്‍ സി.ബി.ഐയോടെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും. 48 പേരുടെ മരണത്തിനിടയാക്കിയ കലാപത്തിന്റെ 20,000 വരുന്ന ഇരകളുടെ പുനരധിവാസത്തിനുള്ള മതിയായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് ബുധനാഴ്ച ജസ്റ്റിസുമാരായ ജി.എസ് സിംഗ്വി, വി. ഗോപാല ഗൌഡ എന്നിവരടങ്ങിയ ബഞ്ച് ബുധനാഴ്ച സമ്മതിച്ചിരുന്നു. കലാപത്തിന് നേരിട്ടിരയായ മുഹമ്മദ് ഹാരൂണ്‍ എന്നയാളും മറ്റ് എട്ടു പേരുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കലാപത്തിന്റെ പിന്നിലുള്ള കാരണങ്ങളും സെപ്തംബര്‍ ഏഴിന് നടന്ന മഹാപഞ്ചായത്തും അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വീടുകള്‍ അഗ്നിക്കിരയായവരുടെ എണ്ണം 20,000 വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കലാപത്തെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് സുരക്ഷിതമായി തിരികെ വരാനുള്ള സാഹചര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.