റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റതോടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചു വരവ് നടത്തി. ആര്‍.ബി.ഐയുടെ കടുത്ത ഇടപെടലിനെത്തുടര്‍ന്നാണ് രൂപയുടെയും ഓഹരി വിപണിയുടെയും തിരിച്ചു വരവ്.
രാജ്യത്ത് പുതിയ ബാങ്കുകള്‍ക്കു അടുത്ത ജനുവരിയോടെ അനുമതി നല്‍കാന്‍ കഴിയുമെന്ന് രഘു റാം രാജന്‍ സൂചിപ്പിച്ചു. രാജ്യത്ത് ഇപ്പോഴുള്ള സാമ്പത്തികാവസ്ഥ നല്ലതല്ലാത്തതിനാല്‍ തന്റെ ഇപ്പോഴുള്ള ഇടപെടലുകള്‍ പലതും പൊതുജനങ്ങള്‍ക്കു തൃപ്തികരമായിരിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതും രൂപയുടെ തിരിച്ചു വരവിനു കാരണമായി. പുതിയ ഗവര്‍ണറുടെ സ്ഥാനാരോഹണം ഓഹരി വിപണിയെയും കരകയറ്റി. സെന്‍സെക്‌സ് 332 പോയന്റ് ഉയര്‍ന്ന് 18567ലെത്തി. നിഫ്റ്റി 106 പോയന്റ് വര്‍ധിച്ച് 5448ലെത്തി. വിദേശ കമ്പനികൾ ഏറ്റെടുക്കുന്നതിന് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ, ബാങ്കിംഗ് മേഖലയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ എന്നിങ്ങനെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ ഗവര്‍ണര്‍ സ്വീകരിക്കുമെന്നാണ് സൂചന.
ഡോളറിനെതിരെ 68.60 എന്ന നിലയിലായിരുന്ന രൂപ പിന്നീട് ശക്തമായ തിരിച്ചുവരവു നടത്തി. ഡോളറിന് 67.06 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.