പര്‍വേസ് റസൂല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ കശ്മീരി. സിംബാബ്വേയുമായുള്ള അഞ്ച് കളികളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിലാണ് പര്‍വേസ് റസൂലിനെ ഉള്‍പ്പെടുത്തിയത്.
ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിക്കു പരിക്കേറ്റതിനാല്‍ വിരാട് കൊഹ്ലിയായിരിക്കും ടീം ക്യാപ്റ്റന്‍. ജൂലൈ 24 മുതൽ ആഗസ്റ്റ് 3 വരെയാണ് അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നടക്കുന്നത്. റസൂലിനെ കൂടാതെ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, സൗരാഷ്ട്ര പേസ് ബൗളര്‍ ജയ്ദേവ് ഉനദ്കട്ട്, ഹരിയാണ പേസ് ബൗളര്‍ മോഹിത് ശര്‍മ തുടങ്ങിയവരും ടീമിലുണ്ട്.
2008-09 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെ അരങ്ങേറ്റം കുറിച്ച പര്‍വേസ് 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1003 റണ്‍സും 46 വിക്കറ്റുകളും നേടി. ഫെബ്രുവരിയില്‍ ഓസ്ട്രേലിയന്‍ എ ടീമിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ എ ടീമില്‍ റസൂല്‍ അംഗമായിരുന്നു. പൂനെ വാറിയേഴ്സിനു വേണ്ടി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും റസൂല്‍ കളിച്ചിട്ടുണ്ട്.