Skip to main content
ബാന്‍ഗുയി

Catherine Samba-Panza

 

വിഭാഗീയ സംഘര്‍ഷം രൂക്ഷമായ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഇടക്കാല പ്രസിഡന്റായി കാതറിന്‍ സാംബ-പാന്‍സ വ്യാഴാഴ്ച അധികാരമേറ്റു. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായ ഇവര്‍ക്ക് മുസ്ലിം-കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ സമാധാന പ്രക്രിയ വിജയത്തിലെത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്.

 

രാജ്യത്തെ താല്‍ക്കാലിക പാര്‍ലിമെന്റ് ജനുവരി 20-നാണ് തലസ്ഥാനമായ ബാന്‍ഗുയിയുടെ മുന്‍ മേയര്‍ ആയിരുന്ന കാതറിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. മേഖലയിലെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‍ ഇടക്കാല പ്രസിഡന്റ് മൈക്കല്‍ ജോതോഡിയയും ഇടക്കാല പ്രധാനമന്ത്രിയായിരുന്ന നിക്കോളാസ് തിയന്‍ഗയെയും അധികാരം ഒഴിയുകയായിരുന്നു.

 

സെലെക മുസ്ലിം വിമതരും ക്രിസ്ത്യന്‍ വിഭാഗക്കാരും തമ്മില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ സംഘര്‍ഷം കനത്ത ഇവിടെ 22 ലക്ഷം ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്നാണ് യു.എന്‍ കണക്കാക്കുന്നത്. ജനസംഖ്യയുടെ പകുതി വരും ഇത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എത്യോപ്പിയയുടെ തലസ്ഥാനമായ ആഡിസ് അബാബയില്‍ ഫെബ്രുവരി ഒന്നിന് അന്താരാഷ്ട്ര സമ്മേളനം ചേരും.

 

ഫ്രാന്‍സിന്റെ 1,600 അംഗ സേനയും ആഫ്രിക്കന്‍ യൂണിയന്റെ 3,500 സൈനികരും ഉള്‍പ്പെടുന്ന അന്താരാഷ്ട്ര സമാധാന സേനയെ സഹായിക്കാന്‍ സൈനികരെ അയക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.  

 

സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും ഖനിയായ ഈ രാജ്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിഭാഗീയ സംഘര്‍ഷത്തിന്റെ പിടിയിലാണ്. 2012 ഡിസംബറില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരനായ ഫ്രാന്‍സോ ബോസിസേയെ സെലെക മുസ്ലിം വിമതര്‍ അട്ടിമറിച്ചത് മുതല്‍ തുടരുന്ന അക്രമങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തു.

 

കൃസ്ത്യന്‍ വിഭാഗത്തില്‍ പെടുന്നയാളാണെങ്കിലും രാജ്യത്ത് വ്യാപകമായി ബഹുമാനിക്കപ്പെടുന്ന കാതറിന് ഇരുവിഭാഗങ്ങളേയും സമാധാന പാതയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.