ഇന്ത്യക്കാരടക്കമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് പൌരത്വം നല്കുന്ന കുടിയേറ്റ ബില്‍ യു.എസ് സെനറ്റ് വെള്ളിയാഴ്ച പാസ്സാക്കി. എന്നാല്‍ ബില്ലിലെ ചില വ്യവസ്ഥകള്‍ എച്.1 ബി വിസയില്‍ യു.എസ്സിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ഐ.ടി കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണ്. യു.എസ്സില്‍ സ്ഥിരതാമസത്തിന് അവസരം നല്കുന്ന ഗ്രീന്‍ കാര്‍ഡ് നടപടികള്‍ വേഗത്തിലാക്കുന്നതും ഇന്ത്യക്ക് ദോഷകരമായേക്കാം.
ബില്‍ യു.എസ് പ്രതിനിധി സഭ പാസ്സാക്കിയ ശേഷം മാത്രമേ പ്രസിഡന്റ് ബരാക്ക് ഒബാമ ഒപ്പ് വെക്കുകയുള്ളൂ. സമാനമെങ്കിലും വ്യത്യസ്ഥമായ ബില്ലുകളാണ് ഈ വിഷയത്തില്‍ പ്രതിനിധി സഭ പരിഗണിക്കുന്നത്. അതിനാല്‍, നിലവിലെ വ്യവസ്ഥകളില്‍ മാറ്റമുണ്ടായേക്കാം.
ഇൻഫോസിസ്, ടി.സി.എസ്, വിപ്രൊ അടക്കമുള്ള കമ്പനികൾക്കാണ് നിയമം തിരിച്ചടി ആകുക. 2016-ഓടെ എച്.1 ബി വിസയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തുന്നതാണ് ബില്‍. വിദഗ്ദ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നടപടികള്‍ വേഗത്തിലാക്കുന്നതിലൂടെ ഇന്ത്യന്‍ വിദഗ്ദരുടെ യു.എസ്സിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
2011 ഡിസംബര്‍ 31ന് മുമ്പ് യു.എസ്സിലേക്ക് കുടിയേറിപ്പാര്‍ത്ത രേഖകളില്ലാത്തവര്‍ക്ക് പൗരത്വം നല്‍കുക എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദ്ദേശം. ഒരു കോടിയിലേറെ അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ബില്‍ നിയമമായാല്‍ പൌരത്വം ലഭിക്കുക. അതിര്‍ത്തി സുരക്ഷ കര്‍ശനമാക്കുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.