ഇസ്ലാമാബാദ്: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ജൂഡിഷ്യല്‍ കസ്റ്റഡിയുടെ കാലാവധി രണ്ടാഴ്ചത്തേക്ക് നീട്ടി. ഇതോടെ മെയ് 11ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുഷറഫ് തടവില്‍ കഴിയേണ്ടി വരും. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക എന്ന ലക്ഷ്യവുമായാണ് സ്വയം പ്രഖ്യാപിത പ്രവാസം അവസാനിപ്പിച്ച് മുഷറഫ് കഴിഞ്ഞ മാസം നാട്ടില്‍ തിരിച്ചെത്തിയത്.
റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് മുഷറഫിന്റെ റിമാന്‍ഡ് കാലാവധി മെയ് 14 വരെ നീട്ടിയത്. 2007ല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തിലടക്കം വിവിധ കേസുകള്‍ മുഷറഫിന്റെ പേരിലുണ്ട്. ജയില്‍ ആയി പ്രഖ്യാപിച്ച തന്റെ വസതിയില്‍ തടങ്കലില്‍ ആണ് മുഷറഫ് ഇപ്പോള്‍.