ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ നിന്നും അറസ്റ്റുചെയ്തു. മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2007 മാര്‍ച്ചില്‍ ജഡ്ജിമാരെ വീട്ടു തടങ്കലില്‍ വെക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണു അറസ്റ്റ്.
വിധി വന്ന സമയത്ത് മറ്റൊരു കേസില്‍ ജാമ്യം നീട്ടി നല്കണമെന്നാവശ്യപ്പെട്ട് മുഷറഫ് കോടതി പരിസരത്ത് ഉണ്ടായിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച വൈകീട്ടുമുതല്‍ തന്നെ അദ്ദേഹത്തെ ഫാം ഹൗസില്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹം അധികൃതര്‍ക്കുമുമ്പാകെ കീഴടങ്ങിയശേഷമായിരുന്നു അറസ്റ്റു രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
നാലു വര്‍ഷത്തെ വിദേശവാസത്തിനൊടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാര്‍ച്ച് 24നാണ് മുഷറഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്. എന്നാല്‍ മെയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുഷറഫ് സമര്‍പ്പിച്ച നാല് നാമനിര്‍ദ്ദേശ പത്രികകളും നേരത്തെ തള്ളിയിരുന്നു.