ഹിമാൻഷിയുടെയും ചേതനയറ്റ ഭർത്താവിൻ്റെയും ചിത്രം ഒരമ്മയിൽ ഉയർത്തിയ ചോദ്യം

പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയുന്ന നവ വധുവായ യുവതി. ഹിമാൻഷി . ഭീകരവാദത്തിന്റെ ഭീകരമുഖം മുന്നോട്ടുവയ്ക്കുന്നതിന് ഇത്രയധികം ഹൃദയസ്പർശിയായ ഒരു ചിത്രം ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ഈ ചിത്രം കണ്ട് ഹിമാൻഷിയുടെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീ പറയുന്നു," ഇതൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത മരവിപ്പ്. ഒന്നും തോന്നാത്ത അവസ്ഥ. നമ്മളൊക്കെ മനുഷ്യർ തന്നെയോ?" അത്രയും ചോദിച്ചപ്പോഴേക്കും ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ആ ചിത്രം അവരിൽ ഏൽപ്പിച്ച വേദനയും അതിൽ നിന്നുണ്ടായ നിസ്സഹായത. എന്തുകൊണ്ട് മനുഷ്യൻ ഇത്ര ക്രൂരനാകുന്നു?, എങ്ങനെ മനുഷ്യന് ഇങ്ങനെ ക്രൂരനാകാൻ പറ്റുന്നു?, മനുഷ്യരൂപത്തിൽ മാനുഷികത പൂർണമായും നശിച്ചു പോയോ?, നമ്മളിലും ഇങ്ങനെ ഒരു അവസ്ഥ സംഭാവ്യമോ? ഈ ചിത്രം കണ്ടിട്ട് താൻ ഇങ്ങനെ അവശേഷിക്കുന്നത് മരവിപ്പ് കൊണ്ടല്ലേ?, ഇതേ മരവിപ്പാണോ ഇത് ചെയ്ത ഭീകരരെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്? തുടങ്ങിയ അനേകം ചോദ്യങ്ങൾ ആ അമ്മയുടെ ആത്മഗതത്തിൽ നിറഞ്ഞിരുന്നു.
ആ അമ്മയുടെ ആത്മഗതത്തിൽ ചില വസ്തുതകൾ ഉണ്ട്. ഒരുതരം മരവിപ്പ് അവരെയും ബാധിച്ചിരിക്കുന്നു. കാരണം നിരന്തരമായ ഇത്തരം വാർത്തകളും ദൃശ്യങ്ങളും കണ്ടിട്ട് . അത് കേരളത്തിൽ ദിനംപ്രതി കേൾക്കുന്ന, കാണുന്ന അസുഖകരമായ വാർത്തകൾ ദൃശ്യങ്ങൾ' അതുപോലെ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും എത്തുന്ന അത്തരം ദൃശ്യങ്ങളും വാർത്തകളും . ഇതെല്ലാം കണ്ടുകണ്ട് അസ്വാഭാവികത മാറുമ്പോൾ ഒരുതരം സ്വാഭാവികത സംഭവിക്കുന്നു. എന്നുവച്ചാൽ സാമാന്യവൽക്കരണം . ആംഗലയത്തിൽ നോർമലൈസേഷൻ എന്നു പറയുന്നു. ഈ അവസ്ഥയിൽ ഒരു സംഭവത്തെ അതിൻറെ സൂക്ഷ്മതലത്തിൽ തിരിച്ചറിയുന്നതിന് പലപ്പോഴും കഴിയാതെ വരും.
നിഷ്ഠൂര കൊലകൾ ചെയ്യാൻ ഭീകരരെ പ്രാപ്തരാക്കുന്നതും ഇത്തരത്തിലുള്ള പരിശീലനങ്ങളിലൂടെയാണ് . അതും സൃഷ്ടിക്കുന്നത് മരവിപ്പ് തന്നെ . ചെയ്യുന്ന വ്യക്തിക്ക് കൊടും ക്രൂരത കാട്ടാൻ ഒട്ടും വൈഷമ്യമില്ലാത്ത അവസ്ഥ. എന്നാൽ ഈ അമ്മയെ തനിക്കും മരവിപ്പ് അനുഭവപ്പെട്ടുവെന്ന സംശയത്തിലേക്ക് ഹിമാനിഷയുടെയും അവളുടെയടുത്ത് ചേതനയറ്റുകിടക്കുന്ന ഭർത്താവിൻ്റെയും ചിത്രം തോന്നിപ്പിക്കുന്നു. സ്വയം മരവിപ്പു തോന്നുന്നുവോ എന്ന സംശയം. ആ സംശയം മരവിപ്പിൽ നിന്നുണ്ടാകുന്നതല്ല. മറിച്ച് അപരൻ്റെ വേദനയെ സ്വന്തം വേദനയായി ഒരു നിമിഷം ഹൃദയം കൊണ്ടറിയുന്നതിൻ്റെയാണ്. അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ഗതികേടു മനുഷ്യനനുഭവിക്കുമ്പോഴുണാകുന്ന മാനുഷികവികാരമാണ് ഈ അമ്മയിലൂടെ പ്രകാമായത്. ഈ വൈകാരികതയിലേക്ക് മനുഷ്യൻ ഉയരുമ്പോൾ മാത്രമേ മനുഷ്യഗുണം പ്രകടമാവുകയുള്ളു. വർത്തമാനകാലത്തിൽ ഈ ഗുണം കൂടുന്നതിന് പകരം കുറയുന്നു എന്നതാണ് ഈ അമ്മയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.