കേരളത്തിലെ മിക്ക വീടുകളിലും മുരിങ്ങ ഒരു സജീവ സാന്നിധ്യമാണ്. മുരിങ്ങാക്കോലിനായിട്ടാണ് പലരും ഈ മരത്തെ നട്ടുവളര്‍ത്തുന്നത്. എന്നാല്‍ മുരിങ്ങയുടെ വേര് മുതല്‍ ഇല വരെ നമുക്ക് ഉപയോഗിക്കാമെന്നതാണ് സത്യം.
മുരിങ്ങയില കഴിച്ചാല്‍ കണ്ണിന് നല്ലതാണെന്ന് മുതിര്‍ന്നവര്‍ പലപ്പോഴും പറയാറുണ്ട്. അത് വെറുതെയല്ല, കാരണം മുരിങ്ങയുടെ ഇലകളില്‍ പ്രോട്ടീന്‍,കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം,ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്,കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം,നിക്കോട്ടിനിക് അമ്ലം തുടങ്ങിയ ഘടകങ്ങളാല്‍ സമൃദ്ധമാണ്.
മുരിങ്ങയുടെ പൂക്കളിലാകട്ടെ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രസംബന്ധമായ രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നതുമാണ്.മുരിങ്ങവേര് നീര്‍ക്കെട്ട്, വേദന എന്നിവയെ അകറ്റുന്നതിനും ഉത്തമമാണ്.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ മുരിങ്ങക്കായയുടെ ഉപയോഗം സഹായിക്കും.
മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍
- മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്ത സമ്മര്‍ദം ശമിക്കും.
- രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
- കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
- അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.
- പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്.