നമസ്കാരം

Tue, 26-02-2013 02:45:00 AM ;

ഒരു സംസ്കാരത്തിന്റെ ഉള്ളിലെക്കിറങ്ങാന്‍ ആദ്യം ചെയ്യേണ്ടത് എന്താണ്? ആ സംസ്കാരത്തെ അഭിവാദ്യം ചെയ്യുക എന്നത് തന്നെ. ഏതൊരു സംസ്കാരത്തിന്റെയും തനിമയിലെക്കുള്ള പ്രവേശികയാണ് അഭിവാദന രീതികള്‍. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും കവിളില്‍ ചുംബിച്ചുമെല്ലാം ഒരു വ്യക്തിയെ പടിഞ്ഞാറന്‍ സംസ്കാരം സ്വീകരിക്കുമ്പോള്‍ ആദരവിന്റെതായ ഒരു അകലത്തില്‍ പരസ്പരം തല കുനിച്ചു വണങ്ങുന്നതാണ്  കിഴക്കനേഷ്യയുടെ ശീലം. സാമൂഹിക ജീവിതത്തിലെയും വ്യക്തിബന്ധങ്ങളിലെയും സാംസ്കാരിക സവിശേഷതകള്‍ ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ ഇതിലും നല്ല ഒരു ചൂണ്ടു പലകയില്ല. അതിനാല്‍ മാന്യ വായനക്കാര്‍ക്ക്, ആ പഴയ സ്കൂള്‍ പ്രസ്ന്ഗത്തില്‍ കേട്ട പോലെ, എന്റെ വിനീതമായ കൂപ്പുകൈ.

 

തൊഴുകയ്യോടെയാണ് നാം പരസ്പരം അഭിവാദ്യം ചെയ്യുക. പരസ്പരം മാത്രമല്ല, ദൈവങ്ങളെ വണങ്ങുന്നതും അങ്ങിനെ തന്നെ. ‘അതിഥി ദേവോ ഭവ:’ എന്ന് ആവശ്യപ്പെട്ട നാട്ടില്‍ അതില്‍ അത്ഭുതമില്ല. (ചൈനക്കാരുടെ അത്ര വിനയം ഇല്ലാത്തതു കൊണ്ടോ അല്ലെങ്കില്‍ എല്ലാം ‘ശ്ലോകത്തില്‍ കഴിക്കാന്‍’ താല്‍പര്യപ്പെടുന്നത്‌ കൊണ്ടോ എന്തോ നമസ്കാരം നമ്മള്‍ വാക്കുകളില്‍ ഒതുക്കും.) പക്ഷെ ഈ തൊഴുകയ്യില്‍ ഭാരതീയ സംസ്കാരതിന്റെ തനിമ മാത്രമല്ല, രണ്ടില്ല, ഒന്നേയുള്ളൂ എന്നും ആ ഒന്ന് നിന്നില്‍ തന്നെയാണെന്നും നീ തന്നെയാണെന്നും പറഞ്ഞ അദ്വൈത ദര്‍ശനത്തിന്റെ ഗരിമ മുഴുവന്‍ അടങ്ങിയിരിക്കുന്നു. ചിമിഴിനുള്ളിലെ മുത്തെന്ന പോലെ. കൈ കൂപ്പുന്ന ഓരോ നിമിഷവും നിങ്ങള്‍ ഒരു അദ്വൈതി ആകുകയാണ്.  

 

ഓരോ ആചാരവും ഇതു പോലെ തന്നെയാണ്. ഗഹനമായ ദാര്‍ശനിക തത്വങ്ങള്‍ അടച്ചു വെച്ചിരിക്കുന്ന ചിമിഴുകള്‍. പക്ഷെ ആചാരങ്ങളെ തന്നെ മുത്തുകളായി കണ്ടു അലങ്കാരം പോലെ അണിയുന്നതും പിന്നെ അവയ്ക്ക് വേണ്ടി വാശി പിടിക്കുന്നതുമെല്ലാമാണ് നമ്മുടെ ശീലം. തത്വങ്ങളറിഞ്ഞു ആചരിക്കുമ്പോഴാനു ആചാരങ്ങള്‍ക്ക് അര്‍ഥം ലഭിക്കുന്നത്. തത്വങ്ങളറിഞ്ഞാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ല. നിത്യജീവിതത്തില്‍ അറിഞ്ഞും അറിയാതെയും നാം അനുശീലിക്കുന്ന ആചാരങ്ങളാകുന്ന ചിമിഴുകള്‍ തുറക്കാനുള്ള ഒരു ശ്രമമാണ് ഈ പംക്തി.