കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ കാലണ അംഗമാണ്. ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്. ഉമ്മന്‍ ചാണ്ടിയോട് ചര്‍ച്ച ചെയ്യാന്‍ ബാധ്യതയുണ്ട്, ചെന്നിത്തല പറഞ്ഞു. കോട്ടയം ഡി.സി.സി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതല എടുക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
താന്‍ സ്ഥാനത്തിരുന്നപ്പോള്‍ ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. ധാര്‍ഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വര്‍ഷം. അച്ചടക്കത്തെ കുറിച്ച് പറയുന്നവരുടെ മുന്‍കാല പ്രാബല്യം നോക്കിയാല്‍ ആരൊക്കെ കോണ്‍ഗ്രസില്‍ കാണുമെന്ന് ആലോചിക്കണം. ഈ ഘട്ടത്തില്‍ പാര്‍ട്ടി ഒരുമിച്ച് നിര്‍ത്താനുള്ള ബാധ്യതയാണ് നേതൃത്വത്തില്‍ നിന്നുണ്ടാകേണ്ടത്. 64 വയസുള്ള തന്നെ മുതിര്‍ന്ന നേതാവായി എന്ന് പറയുമ്പോള്‍, പറയുന്നവര്‍ക്ക് 75 വയസുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.