ഇമ്രാന്‍ ഖാന്‍ സംരക്ഷിക്കുക ജനായത്തമോ, അതോ സൈനിക-ഭീകര താല്‍പ്പര്യമോ?

Glint Staff
Fri, 27-07-2018 06:34:11 PM ;

 imran-khan

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തന്റെ പുതിയ ഇന്നിംങ്സ് ആരംഭിക്കാന്‍ പോവുകയാണ് ഇമ്രാന്‍ ഖാന്‍. തിരഞ്ഞെടുപ്പിലെ അന്തിമ ഫലം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമായിട്ടില്ലെങ്കിലും, ഔദ്യോഗിക ഫലപ്രഖ്യാപനം വന്ന 250 സീറ്റുകളില്‍ 110 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി മാറിയിരിക്കുകയാണ്. ചെറുപാര്‍ട്ടികളുടെയും മറ്റ് സ്വതന്ത്രന്മാരുടെയും സഹായത്താല്‍ കേവല ഭൂരി പക്ഷമായ 137 തികച്ച് അധികാരത്തിലെത്താന്‍ ഇമ്രാന് ബുദ്ധിമുട്ടുകളൊന്നും നിലവിലില്ല.

 

ക്രിക്കറ്റിനോട് വിടപറഞ്ഞ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് 22 വര്‍ഷമായെങ്കിലും ഇമ്രാന് ഇപ്പോള്‍ മാത്രമാണ് അധികാരത്തിലെത്താന്‍ സാധിച്ചത്. ഇമ്രാന്റെ തലവര തെളിഞ്ഞത് മൂന്നാം വിവാഹത്തിന് ശേഷമാണെന്നുള്ളതും ശ്രദ്ധേയമാണ്. കാരണം ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെ വിവാഹം ചെയ്താല്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലെത്താം എന്ന പ്രവചനം ഉണ്ടായിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.

 

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനെ മുഹമ്മദ് അലി ജിന്ന സ്വപ്നം കണ്ട രാജ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറയുകയുണ്ടായി. ഇന്ത്യയുമായി വ്യാപാരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും സമാധാനത്തിനായി ഇന്ത്യ ഒരു ചുവട് വച്ചാല്‍ താന്‍ രണ്ട് ചുവട് വയ്ക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയുക തന്നെ വേണം. സൈന്യവുമയി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഇമ്രാന്‍. അതുകൊണ്ട് തന്നെ സൈന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരംക്ഷിക്കുന്ന നിലപാടുകളെ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാനും കഴിയുകയുള്ളൂ. വോട്ടെടുപ്പ് നടക്കുമ്പോള്‍ സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കിയതും തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസമായിട്ടും അന്തിമ ഫലം പുറത്ത് വരാത്തതും അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണങ്ങള്‍ ഒരുവശത്തുയരുന്നുണ്ട്.

 

മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അതിന്റെ കൂടി ഫലമായിട്ടാണ് അദ്ദേഹം സൈന്യത്തിന്റെ ശത്രുവായി മാറിയത്. പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ പിന്തുണയില്ലാത്ത ഒരു നേതാവിന് അധികാരത്തില്‍ തുടരുക സാധ്യമല്ല. ഇമ്രാന് ഇപ്പോള്‍ സൈന്യത്തിന്റെ പൂര്‍ണ പിന്തുണയാണുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇമ്രാന്‍ സ്വീകരിച്ച തീവ്ര നിലപാടുകളും ഇന്ത്യാ വിരുദ്ധതയുമാണ് അതിന് കാരണം. ഇമ്രാന്‍ ആ നിലപാടുകള്‍ ഇനിയും തുടരുകയാണെങ്കില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും.

 

തീവ്രവാദസംഘടനകളോട് സൈന്യത്തിന്റെ അതേ നിലപാടാണ് ഇമ്രാന്‍ ഖാന്‍ പിന്തുടരുന്നത്. സൈന്യത്തിന്റെ താല്‍പ്പര്യവും തീവ്രവാദ സംഘടനകളുടെ താല്‍പ്പര്യവും ഒരേ ദിശയില്‍ നീങ്ങുമ്പോള്‍ പാക്കിസ്ഥാനില്‍ ജനായത്ത സര്‍ക്കാരിനെ എത്രമാത്രം ജനായത്തമാക്കിക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുമെന്നുള്ളതാണ് ഇമ്രാന്‍ ഖാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി സൈന്യത്തിന് രുചിക്കാതെ വരുന്ന ഘട്ടത്തില്‍ ഇമ്രാന്റെ ഭാവി എന്താകുമെന്നുള്ളതും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

 

Tags: