Skip to main content

 

ഒരു ദിവസം കേരളത്തിൽ റോഡപകടങ്ങളിൽ പതിനൊന്നു പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. പരിക്കു പറ്റുന്നവരിൽ നല്ലൊരു ശതമാനം ആൾക്കാർക്ക് ജീവിതത്തിൽ നിന്ന് പിൻവാങ്ങേണ്ടിവരുന്ന വിധം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. എന്നാൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്കും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്കും  മുഖ്യവിഷയം കേരളത്തിലെ തെരുവ് നായ്ക്കളാണ്. അവയെ എങ്ങിനെയെങ്കിലും കൊന്നേ മതിയാവൂ എന്നാണ് ഇവരുടെ പക്ഷം. തെരുവ് നായ്ക്കളോട് മുഖ്യധാരാ മാദ്ധ്യമങ്ങൾ യുദ്ധം പ്രഖ്യാപിച്ചതു പോലെയാണ്.

 

പണ്ടുകാലത്ത് തെരുവിൽ നായ്ക്കൾ കാണിച്ചിരുന്ന സ്വഭാവപ്രകടനത്തോടെയാണ് ഇപ്പോൾ ചാനലുകളിൽ തെരുവു നായ്ക്കളെ കൊല്ലണമെന്ന് വാദിക്കുന്നവരും അതിനെ എതിർക്കുന്നവരും ഏറ്റുമുട്ടുന്നത്. എന്നാൽ നായ്ക്കൾ, മനുഷ്യര്‍ വിദ്യകൊണ്ടു പ്രബുദ്ധരാകുമ്പോൾ സംഘടിക്കുന്നതുപോലെ, കടിപിടിയില്ലാതെ രമ്യതയോടെ സംഘമായി നടക്കുന്നു. ഇത് ഒരു പരിവർത്തനമാണ്. തിരുവനന്തപുരം ജില്ലയിൽ പുല്ലുവിളയിൽ അറുപത്തിയഞ്ചു വയസ്സായ ഒരു സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നുവെന്നത് അങ്ങേയറ്റം ദാരുണമായ സംഭവം തന്നെ.

 

മാദ്ധ്യമ ജാഗ്രതയും സ്ത്രീ വിമോചന പ്രവർത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലവുമായി ഇപ്പോൾ ബസ്സിൽ കയറുന്ന പുരുഷൻമാരിൽ പലർക്കും പേടിയാണ്. അറിയാതെയെങ്ങാനും ഏതെങ്കിലും സ്ത്രീകളുടെ ശരീരത്ത് തട്ടുകയോ ഉരസ്സുകയോ ചെയ്യുകയാണെങ്കിൾ അവിടെ വച്ച് ജീവിതം പാഴേയേക്കും എന്ന പേടി. ജാമ്യമില്ലാ വകുപ്പുകളിട്ട് കേസ്സുണ്ടാകുമെന്നും മാനഹാനിയിൽ കുടുംബ ജീവിതവും സാമൂഹിക ജീവിതവും ഇല്ലാതാകുമെന്നുള്ള ഭീതിയും നിമിത്തം. തെരുവു നായ്ക്കൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനത്തിന്റെ ഭാഗമായി അപസർപ്പക കഥകളെപ്പോലും വെല്ലുന്ന വിധമാണ് നിഷ്പക്ഷതയുടെ അംശം തീരെയില്ലാതെ, ഏകപക്ഷീയമായി മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്. ഒരു മധ്യവയസ്‌കന്റെ നാവിന്റെ നടുഭാഗത്ത് നായ കടിച്ചതിന്റെ പേടിപ്പെടുത്തുന്ന ചിത്രമുൾപ്പടെ പത്രങ്ങളിലും ചാനലുകളിലും വരികയുണ്ടായി. അയാളുടെ ഗുഹ്യ ഭാഗങ്ങളിൽ നായ കടിക്കാതിരുന്നത് പ്രേക്ഷകരുടെയും വായനക്കാരുടെയും ഭാഗ്യമെന്നേ പറയേണ്ടൂ.

 

നായക്കൾക്കെതിരെയുള്ള മാദ്ധ്യമങ്ങളുടെ അതിരു വിട്ട യുദ്ധപ്രഖ്യാപനം പൊതുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക മാനസികാവസ്ഥ  സൃഷ്ടിച്ചിട്ടുണ്ട്. തെരുവിൽ കാണുന്ന നായക്കളും നായക്കൂട്ടങ്ങളും തങ്ങളെ ആക്രമിക്കാൻ കാത്തു നിൽക്കുകയാണെന്ന തോന്നൽ. നായയെ കണ്ട് പേടിച്ചാലോ ഓടിയാലോ നായ ഓടിച്ചിട്ട് കടിക്കുമെന്ന് പരമ്പരാഗതമായി അറിവുള്ളതാണ്. ഇപ്പോൾ പല പൊതുസ്ഥലങ്ങളിലും പെൺകുട്ടികളും സ്ത്രീകളുമൊക്കെ നായയെ കാണുമ്പോൾ പേടിച്ച് ഓടി മാറി നടക്കുന്ന പ്രവണത കാണാറുണ്ട്. ഒരു വിഭാഗം പുരുഷൻമാർ ബസ്സിൽ കയറുമ്പോൾ കാട്ടുന്ന ഭീതി പോലെ. മാദ്ധ്യമങ്ങളുടെ ഈ സമീപനം സമൂഹത്തിൽ പാരനോയിയ അഥവാ താൻ ആക്രമിക്കപ്പെടുമെന്നുള്ള മാനസികാവസ്ഥയെ ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ഒരു ജനതയുടെ പ്രതിരോധ സ്രോതസ്സുകളെ സാംസ്‌കാരികമായും ജൈവമായും ഇല്ലാതാക്കാനായി വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ധാരാളം സംഘടനകൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ട്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ എപ്പോഴും ഉപരിപ്ലവമായി പെട്ടെന്ന് ജനമനസ്സിൽ ശരിയെന്നു തോന്നുന്ന വിധമുള്ളതായിരിക്കും. അതിലൂടെ, നമ്മളിലൂടെ തന്നെയായിരിക്കും നമ്മുടെ ശക്തി സ്രോതസ്സുകളെ ഇല്ലായ്മ ചെയ്യുന്നത്. വെച്ചൂർ പശുവും നമ്മുടെ വിത്തുകളുടെ കാര്യങ്ങളും എന്തിനും ഏതിനും വാക്‌സിനെടുക്കുന്ന മലയാളി അർബുദ-വൃക്കരോഗങ്ങളിൽ വലയുന്നതും നോക്കിയാൽ അതു മനസ്സിലാകും.

 

ഒരു പരിരക്ഷയുമില്ലാതെ തെരുവിൽ ജീവിക്കുന്ന നായ്ക്കൾ കേരളമെന്ന ജൈവഭൂമികയിലെ കുരുത്തുറ്റ ജീനുകളുടെയും മറ്റ് ജൈവാംശങ്ങളുടെയും കണ്ണിയാണ്. ഒരു ജൈവ സമൂഹത്തിൽ എല്ലാ ജീവികളും ചേർന്നാണ് ജൈവ ചങ്ങല സൃഷ്ടിക്കപ്പെടുന്നത്. കേരളത്തിന്റെ ജൈവ ചങ്ങലയിൽ വിളക്കിയാലും ചേരാത്ത വിധമുളള നായ്ക്കളാണ് മനുഷ്യന്റെ കാവലിൽ കേരളത്തിലെ മതിൽക്കെട്ടുകൾക്കകത്തുള്ളത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിലും അത്തരത്തിലുള്ളവയായിരിക്കും ഉണ്ടാവുക. നാടൻ തെരുവു നായ്ക്കളെ ഉന്മൂലം ചെയ്യുക വഴി കേരളത്തിന്റെ ഇപ്പോൾ തന്നെ ദുർബലമായിരിക്കുന്ന ജൈവ ചങ്ങലയിലെ കരുത്തുറ്റ ഒരു കണ്ണിയെയാണ് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. കണ്ണി പൊട്ടിയാൽ ചങ്ങല ദുർബലമാകും. ലോക രാജ്യങ്ങളിലെ ഉദാഹരണങ്ങൾ എടുത്തു കാട്ടുന്ന ചിറ്റിലപ്പള്ളി ലോക രാജ്യങ്ങളിൽ അവരുടെ ഏതെങ്കിലും തനതു മൃഗങ്ങളെ കൊല്ലുന്നതോ സസ്യങ്ങൾക്ക് നാശം വരുന്നതോ ആയ തീരുമാനമെടുക്കാറുണ്ടോ എന്ന കാര്യം ആലോചിക്കുന്നില്ല. അവിടെയൊക്കെ ഏതെങ്കിലും വ്യവസായി ഇത്തരത്തിൽ പൊതുവായി അഭിപ്രായം പറയാനും അതു പ്രചരിപ്പിക്കാനും ധൈര്യം കാട്ടുമോ എന്നും ആലോചിച്ചു നോക്കാവുന്നതാണ്.

 

തെരുവു നായ്ക്കൾ സംഘം കൂടി നടക്കാനുള്ള കാരണം മനുഷ്യസ്‌നേഹികളായ മലയാളികൾ നിരത്തോരങ്ങളിൽ കൂട്ടിയിടുന്ന വേസ്റ്റാണ്. നായപ്പേടിയുണ്ടാക്കുന്നതും മനുഷ്യർ തന്നെ. ഇതിനർഥം ഉപദ്രവകാരികളായ നായ്ക്കളെ തെരുവിൽ അഴിച്ചു വിടണമെന്നല്ല. തെരുവു നായ്ക്കൾ ശല്യമുണ്ടാകുന്ന പക്ഷം അവയെ സംരക്ഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. അതുപോലെ നായപ്പേടി ഇല്ലാതാക്കാൻ ശ്രമിച്ചില്ലെങ്കിലും ഇനിയും അതു വർധിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഏവരും പിൻമാറുകയും വേണം.  മൂന്നേകാൽ കോടി ജനങ്ങളുടെ ഇടയിൽ നായ്ക്കൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വെറുമൊരു ചെറിയ ശതമാനമാണ്. വിശേഷിച്ചും മനുഷ്യൻ സൃഷ്ടിക്കുന്ന ആൾനാശവും ദുരന്തങ്ങളും തട്ടിച്ചു നോക്കിയാൽ. ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ സൃഷ്ടിക്കുന്ന പരിക്കുകളും മൃതദേഹങ്ങളുമായിപ്പോലും തട്ടിച്ചു നോക്കാവുന്നതാണ്.

Related

എ ബി സി ഡി അറിയാത്തവര്‍ എടുത്ത തീരുമാനം

ജെ.ബി കോശിക്ക് മനുഷ്യാവകാശം എന്തെന്നറിയില്ല

നായയെ കല്ലെറിയുമ്പോൾ

 

സുരക്ഷിതമായ റോഡുകൾക്കും സുരക്ഷിതമായ ഡ്രൈവിംഗ് ശീലത്തിനും വേണ്ടി ഈ നായ്ക്കൾക്കെതിരെയുള്ള യുദ്ധത്തിനു ചെലവഴിക്കുന്ന പകുതി ശ്രമം ബന്ധപ്പെട്ടവർ നടത്തുകയാണെങ്കിൽ പതിനൊന്നു പേർ ദിവസം മരിക്കുന്നതു ചുരുങ്ങിയത് പത്തെങ്കിലുമാക്കി ചുരുക്കാവുന്നതാണ്. അങ്ങിനെയായാൽ ഒരു മാസം മുപ്പതു പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും. മുഖ്യ വിഷയങ്ങളിലേക്ക് അലസതയും നിസ്സാര വിഷയങ്ങളിലൂടെ മനുഷ്യനിൽ മാനസിക വിഭ്രാന്തിയുടെ അടുക്കലേക്കും എത്തിക്കുന്ന പ്രവൃത്തികൾക്ക് പിന്നിലെ ശക്തികളെ തിരിച്ചറിയേണ്ടതും ജാഗ്രത പുലർത്തേണ്ടതും മാദ്ധ്യമങ്ങളാണ്. എന്നാൽ ഇത്തരം പ്രവൃത്തികളിൽ മാദ്ധ്യമങ്ങൾ നേതൃത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ.


അഭിപ്രായങ്ങള്‍ എഴുതാം: mail@lifeglint.com


Summary

The concerted effort to create stray dogs scare in Kerala by the media along with a section of influential people and government officials ends up in the formation of a paranoid psyche in the general public, particularly among the women. The media are in fact waging a unilateral war against stray dogs by disproportionately highlighting the isolated incidents of attack by stray dogs from different parts of the state. The 65 year old lady mauled to death by a pack of stray dogs in Thiruvananthapuram recently provided extra energy to the stray dog fighters to take their war forward. The present scenario made the local bodies to take a call on this issue mainly by killing the stray dogs which used to be watchdogs of the Malayalees in yesteryears.

  

The fear psychosis being created by the media tend the women folk to behave nervously when they pass by stray dogs in public places and that results in the provocation for the latter to attack as it is the behavioral pattern of dogs. In the fight against stray dogs by the media the real issues faced by the state which warrant urgent attention get neglected. Death due to road accidents is one of such issues. Eleven persons die and 120 persons are badly injured in road accidents in Kerala daily. The bad conditions of the roads, undisciplined and haphazard driving are attributed to be the reasons for this daily tragedy. Except some occasional stories on this subject, the mainstream media so far have not shown any genuine interest in terms of highlighting the issue, considering its grave nature.