കാഴ്ചയിൽ അച്ഛനും മകളും. രാവിലെ രണ്ടുപേരും കൂടി നഗരവീഥിയുടെ പ്രാന്തപ്രദേശത്തുള്ള വിജനമായ റോഡിലൂടെ നടക്കുന്നു. രണ്ടുപേരും എവിടേയ്ക്കോ ഉള്ള യാത്രയിലാണ്. പ്രഭാതനടത്തക്കാർ അങ്ങിങ്ങുണ്ട്. അച്ഛനും മകളും നടക്കുന്നതിനിടയിൽ അവർക്കു കുറച്ചുമുന്നിലായി ഒരു നായ. കണ്ടാൽ കേമൻ. ഏതോ വിദേശപിതാവിനുണ്ടായ സന്തതി. ചെമ്പു-ചാരനിറത്തിലുള്ള സമൃദ്ധമായ രോമം. കുറുക്കന്റെ കണക്കുള്ള മോന്തായം. കണ്ടാൽ ശൗര്യമൊക്കെ തോന്നും. എങ്ങിനെയോ ഏതോ വീട്ടിൽ നിന്ന് പുറത്തായതോ ഭ്രഷ്ടാക്കപ്പെട്ടതോ ആണ് ടിയാൻ. ഈ നായ ഒന്നു തിരിഞ്ഞു നിന്നു. അച്ഛനും മകളും വരുന്നത് കണ്ട് പേടിച്ച് എപ്പോഴോടണമെന്നാലോചിച്ചിട്ടെന്നപോലെയാണ് നിൽപ്പ്. അച്ഛനും മകളും നടത്ത ഒന്നു മെല്ലെയാക്കി. അച്ഛൻ റോഡരികിൽ നിന്ന് ഒരു കല്ലെടുത്ത് നായയെ ആഞ്ഞെറിഞ്ഞു. അതു നായയുടെ ദേഹത്ത് കൊണ്ടില്ലെങ്കിലും നായ ഓട്ടത്തോട് ഓട്ടം. അൽപ്പം കയറ്റവുമുള്ള സ്ഥലമാണ്. മൂപ്പര് ഏതാണ്ട് കുഴഞ്ഞപ്പോൾ നിന്നു തിരിഞ്ഞുനോക്കി. അച്ചനും മകളും വരുന്നേരം വരെയെങ്കിലും നിന്നണയ്ക്കാമെന്നപോലെ. അച്ഛനും മകളും കയറ്റം കയറി പകുതിയായപ്പോൾ റോഡ് മദ്ധ്യത്തിൽ തന്നെ നിന്നു. വലതുവശത്തുള്ള ശാസ്താക്ഷേത്രത്തിന്റെ ദീപാലംകൃതമായ ശ്രീകോവിലേക്കുനോക്കി ചെരുപ്പൂരി രണ്ടുപേരും അൽപ്പനേരം പ്രാർഥിച്ചു.
ഇത്തരക്കാർക്ക് ആരാധാനാലയങ്ങൾ അനിവാര്യം തന്നെ. അല്ലെങ്കിൽ അവർ അവർക്കുതന്നെയും സമൂഹത്തിനും അപകടകരമാം വിധം പ്രവര്‍ത്തിച്ചെന്നിരിക്കും. കാരണം ഇവരെ ക്ഷേത്രങ്ങളിലേക്കും ഈശ്വരചിന്തയിലേക്കും നയിക്കുന്നത് പേടിയാണ്. അതുകൊണ്ടുതന്നെ ദൈവത്തേയും പേടിക്കുന്നു. അങ്ങിനെ ഒരു പ്രയോഗം തന്നെയുണ്ട്. ഗോഡ് ഫിയറിംഗ് അഥവാ ദൈവപ്പേടിയുള്ളവർ. പലരും തങ്ങളുടെ മഹത്വമോ അല്ലെങ്കിൽ ഗുണമോ ഉയർത്തിക്കാണിക്കാനായി സ്വയം വിശേഷിപ്പിക്കുന്നതു തന്നെ ഇങ്ങനെയാണ്. ഇങ്ങനെ ദൈവത്തിൽ വിശ്വസിക്കുന്നവരും അവരുടെ വിദ്യാഭ്യാസമോ പദവികളോ തമ്മിൽ ഒരു ബന്ധവുമില്ല. ഈ വിഭാഗത്തിൽ പെടുന്നവരെയാണ് രാഷ്ട്രീയക്കാർക്കൊക്കെ ഇഷ്ടം. കാരണം ഇവരുടെ പേടിയെ നന്നായി മുതലെടുക്കാൻ കഴിയുന്നു. ഇവർ തെറ്റിദ്ധാരണയിലൂടെ ദൈവത്തെ സമീപിക്കുന്നു. അടിസ്ഥാനപരമായി തെറ്റിദ്ധാരണയിൽ ജീവിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനും തങ്ങൾക്കിഷ്ടമുള്ള വിധം നയിക്കുന്നതിനും മറ്റുള്ളവർക്ക് എളുപ്പമാകുന്നു. ഒരു ശരാശരി ദൈവവിശ്വാസിയെയാണ് ഈ അച്ഛനിലൂടെ വ്യക്തമാകുന്നുത്. അതു കണ്ട് അതേറ്റുവാങ്ങുന്ന അദ്ദേഹത്തിന്റെ മകൾ. തലമുറകളായി അതങ്ങിനെ കൈമാറുന്നു.
തെരുവുനായ്ക്കൾ ഇന്നു വളരെക്കൂടുതലാണ്. അതിൽ കൂടുതലും നാടൻ നായ്ക്കൾ. നാടൻ നായ്ക്കളുടെ യജമാനനാകാൻ നാട്ടുകാർ തയ്യാറല്ലാതായതിനെത്തുടർന്നാണ് ഇക്കൂട്ടർ വഴിയാധാരമായത്. വല്ലപ്പോഴും എവിടെയെങ്കിലും ചില നായ്ക്കൾ ആരെയെങ്കിലും കടിച്ചെന്നിരിക്കും. അതും വളരെ വിളരമാണ്. നായ്ക്കൾ തമ്മിൽ കടികൂടുന്നതുപോലെ എന്നൊരു പ്രയോഗം മലയാളത്തിലുണ്ടായിരുന്നു. ഇന്നിപ്പോൾ ആ പ്രയോഗം അത്ര ഉപയോഗിക്കപ്പെടാറില്ല. വസ്തുത മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. എന്തുതന്നെയായാലും ഇപ്പോഴത്തെ തെരുവുനായ്ക്കൾ തല്ലുകൂടാറില്ല. അവർ മിക്കപ്പോഴും ഒന്നിച്ചാണ് സവാരികൾ നടത്താറുള്ളത്. കൂട്ടമായി ചിലയിടങ്ങളിൽ കിടന്ന് ഉറങ്ങാറുള്ളതും സാധാരണ കാഴ്ചയാണ്. ഇവർ തമ്മിൽ വർഗ്ഗസമരവുമില്ല. കാരണം വിദേശിയേയും ഈ തെരുവുനായ്ക്കൾ വാഴ്ത്താറും വേൾക്കാറുമുണ്ട്. അവർക്കിടയിൽ ഭേദങ്ങളൊന്നുമില്ല. ഈ വിഭാഗത്തിന്റെ എണ്ണം കുറയുന്നത് പാഞ്ഞുപോകുന്ന വാഹനങ്ങൾക്കടിയിൽ പെട്ടാണ്. ചോരകുടിച്ചു ശീലിച്ച ഹൈവേകളുടെ ദാഹം തീർക്കാൻ വേണ്ടിയെന്നോണമാണ് മിക്ക പ്രഭാതങ്ങളിലും വൻവേഗത്തിൽ വാഹനങ്ങൾ പോകുന്ന നിരത്തുകളിൽ ഇവ ആന്തരികാവയങ്ങളെല്ലാം പുറത്തുവന്ന് തേഞ്ഞരഞ്ഞ അവസ്ഥയിൽ കാണപ്പെടുക. മനുഷ്യൻ മനുഷ്യനെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെയത്ര ഇവർ ഒരു കാരണവശാലും മനുഷ്യരെ ഉപദ്രവിക്കാറുമില്ല. പത്രവാർത്തകളിൽ കണ്ണോടിച്ചാൽ അതറിയാം.
ഇവിടെ അച്ഛൻ നായയെ എറിഞ്ഞ ആ കൈ ഒന്ന് ശ്രദ്ധിക്കാം. വശങ്ങളിൽ അൽപ്പം ജലകണങ്ങളേയും പേറിനിന്ന പുല്ലിൽ പിടിച്ച് കല്ലെടുത്തപ്പോൾ കൈയ്യിൽ പറ്റിയ മണ്ണും കളഞ്ഞിട്ടാണ് ചെരിപ്പൂരി ശാസ്താവിനെ പ്രാർഥിച്ചത്. ആ നായ തന്റെ നേരേ യാതൊരു ഭാവഭേദവും കാണിക്കാതെ നിന്നപ്പോഴാണ് അതിനെ കല്ലെടുത്തെറിഞ്ഞത്. അതൊരുപക്ഷേ കടിക്കുമോ എന്ന പേടി ആ അച്ഛനേയും അദ്ദേഹത്തിലൂടെ മകളേയും കീഴടക്കി. പേടിയാണ് അച്ഛന്റേയും മകളുടെയും നടത്തത്തിന്റെ വേഗതയെ കുറപ്പിച്ചത്. ആ പേടി ഉയർത്തിയ ഭീതിയിൽ നിന്ന് രക്ഷപ്പെടുക. അച്ഛൻ കല്ലെടുത്ത് നിരുപദ്രകാരിയായി നിന്ന നായയെ എറിഞ്ഞു. എല്ലാ അക്രമങ്ങളും ഈ രീതിയിൽ തന്നെയാണ് സംഭവിക്കുന്നത്. ഈ കല്ലെറിയലിനെയാണ് ചിലർ ധൈര്യമായി കാണുന്നുത്. അതുകൊണ്ട് അവർ കല്ലെറിഞ്ഞ് ധൈര്യശാലികളാണെന്ന് സ്വയം ധരിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുകയും ചെയ്യുന്നു. കൂട്ടത്തിൽ കല്ലെറിയുന്ന മറ്റുള്ളവരെക്കണ്ട് ധൈര്യശാലികളെന്ന് വിളിക്കുകയും ചെയ്യുന്നു. ഇങ്ങിനെയുള്ള പേടിയിൽ നിന്നാണ് മനുഷ്യൻ മനുഷ്യന്റെ ഗുണമല്ലാത്ത അക്രമസ്വഭാവത്തിലേക്കു തിരിയുന്നത്. അതു വാക്കുകൊണ്ടായാലും പ്രവൃത്തികൊണ്ടായാലും. അത്തരം പേടിയിൽ നിന്ന് അവനവന്റെ യഥാർഥ സ്വത്വത്തിലേക്കുയർത്തുന്നതിനുള്ള ചൂണ്ടുപലകകളാണ് ക്ഷേത്രങ്ങൾ. മറ്റൊരു ആലങ്കാരികതയിൽ പറഞ്ഞാൽ ബേബിവാക്കറുകൾ. എന്നാൽ അവിടെ വച്ച് പലരും യാത്രയും നടത്തവും അവസാനിപ്പിക്കുന്നു. ചൂണ്ടുന്നിടത്തേക്കു നോക്കാത. പേടി വർധിപ്പിച്ചുകൊണ്ട്. പേടിയിലേക്കു നോക്കാൻ തന്നെ പേടിയാണ്. നമ്മിലോരോരുത്തരിലും അതുപോലെ ആ അച്ഛനിലും പേടി ആ നായയുടെ രൂപത്തിൽ വസിക്കുന്നു. ആ നായയെ നാം പേടിക്കുകയും ചെയ്യുന്നു. ആ നായ പേടിച്ചുനോക്കിയാലും നാം പേടിക്കുന്നു. അപ്പോൾ ആ നായയേക്കാൾ പേടിയിലാണ് നാം ജീവിക്കുന്നത്. അച്ഛന്റെ ഏറുകൊണ്ട് തിരിഞ്ഞുനോക്കാതെ പേടിച്ചോടിയ നായയേയാണ് അദ്ദേഹം പേടിച്ചതെന്നോർക്കുമ്പോൾ അദ്ദേഹത്തിനുള്ളിലെ പേടിയുടെ തോത് എന്താവുമെന്ന് ഊഹിക്കാവുന്നതാണ്.
ആ നായയെ എറിഞ്ഞ കൈയ്യ് താഴേക്കുവരേണ്ട സമയമേ എടുത്തുള്ള മണ്ണ് തട്ടിക്കളഞ്ഞ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നേർക്ക് നോക്കി തൊഴാൻ. ആരെയാണ് തൊഴുന്നതെന്ന് ഒരുനിമിഷമാലോചിച്ചാൽ തന്നെ വേണമെങ്കിൽ പേടി അകന്നുനിൽക്കാവുന്നതേയുള്ളു. വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിലേക്ക് ധൈര്യത്തോടെ പോയ കുമാരൻ. പുലിയുടെ പുറത്തുകയറി അതിനേയും നിയന്ത്രിച്ച് തന്റെ കൊട്ടാരത്തിലെത്തുന്നു. ധൈര്യമുണ്ടെങ്കിൽ പുലിപോലും മനുഷ്യന്റെ മുന്നിൽ വിധേയനായി തലകുനിച്ചുനിൽക്കുമെന്ന് ആ ഐതിഹ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. അങ്ങിനെ ധൈര്യമുള്ളവന്റെ സാന്നിദ്ധ്യത്തിൽ മൃഗങ്ങളും സുരക്ഷിതരായിരിക്കും. അവർക്ക് അന്തരീക്ഷത്തിലെ ഊർജതരംഗങ്ങളിൽ വരുന്ന ചെറിയ വ്യതിയാനങ്ങൾ പോലും അറിയാൻ കഴിയും. ചില അർപ്പിതമനസ്കരായ വനം ഉദ്യോഗസ്ഥരും വന്യജീവി ഫോട്ടോഗ്രാഫർമാരുമൊക്കെ അതൊക്കെ ഇപ്പോഴും സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്നിൽ നിന്ന് മറ്റൊന്ന് അന്യമല്ല എന്നു തിരിച്ചറിവുണ്ടാവുമ്പോഴാണ് പേടി അകലുന്നത്. അതാണ് അദ്വൈതം ഉത്‌ഘോഷിക്കുന്നത്. രണ്ടുണ്ട് എന്ന തോന്നലിൽ നിന്നുമാത്രമേ പേടി ഉണ്ടാവുകയുള്ളു. വർഗ്ഗീകരണത്തിലും വർഗ്ഗസമരത്തിലുമൊക്കെ അതാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അതുമൊക്കെ ബന്ധപ്പെട്ട് അക്രമങ്ങളും കൊലപാതകങ്ങളും കൂട്ടക്കൊലകളും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും.
തന്നെ പേടിക്കുന്നതിനെ പേടിക്കുന്ന അവസ്ഥയിലാണ് ഇന്ന് പരമ്പരാഗത ദൈവവിശ്വാസികൾ എന്നാണ് ഈ അച്ഛൻ ഓർമ്മിപ്പിക്കുന്നത്. ഐതിഹ്യങ്ങളും കഥയുമൊക്കെ ആശയം ശരാശരി മനുഷ്യന്റെ ഉപബോധതലത്തിലേക്ക് കടത്തിവിടാനുള്ള സങ്കേതങ്ങളാണ്. അവിടെയാണ് അവ ചൂണ്ടുപലകകളാവുന്നത്. ആ കഥയെ അഥവാ ചൂണ്ടുപലകയെ അതായിക്കണ്ട് അഥവാ ലക്ഷ്യമായി കണ്ടുപോകുന്നതാണ് ഇവിടുത്തെ ഗുരുതരമായ പ്രശ്നം. വ്യക്തിയിലായാലും സമൂഹത്തിലായാലും പേടി കൂടുന്നതിനനുസരിച്ച് അക്രമവും (നായയെ ഏറ്)വർധിക്കും. മനുഷ്യരിലുള്ള ആ രൂപങ്ങൾ തമ്മിൽ കല്ലെറിയുന്നതിന്റെ വൃത്താന്തങ്ങളാണ് എപ്പോഴും ഇപ്പോൾ മാധ്യമങ്ങളിലൂടെ നാം കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. നായയെ എറിഞ്ഞ കൈകൊണ്ട് തന്നെ കൂപ്പി പുലിപ്പുറത്തുകയറിവന്ന ശാസ്താവിനെ തൊഴുന്ന ഭക്തർ അവിടെത്തന്നെ തളച്ചിടപ്പെടുന്ന വിധമാണ് ഇന്ന് ആദ്ധ്യാത്മികതയുടെ പേരിൽ നടക്കുന്ന മിക്കവാറും എല്ലാ വ്യവസ്ഥാപിത സംരംഭങ്ങളും. പൊതുസമൂഹവും സർക്കാരുമൊക്കെ ആ ദൃഷ്ടിയിലൂടെ ദൈവത്തേയും മതത്തേയുമൊക്കെ കാണുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു. രാഷ്ട്രീയപാർട്ടികൾ അതനുസരിച്ച് നീക്കങ്ങൾ നടത്തുന്നു. അപ്പോൾ കല്ലേറ് കൂടും സംശയമില്ല.
ക്ഷേത്രങ്ങളും വിശ്വാസങ്ങളും തകർത്തതുകൊണ്ട് ഈ പ്രതിഭാസത്തിനു മാറ്റം വരില്ല. മാത്രമല്ല, തകർക്കൽ അഥവാ അതിനെ നിഷേധിക്കുന്നത് അജ്ഞതയുടെ മറ്റൊരു മുഖമായതിനാൽ കൂടതൽ തെറ്റിദ്ധാരണകള്‍ വ്യാപിക്കുക മാത്രമായിരിക്കും ഫലം. അവിടെയാണ് വിശ്വാസികളുടെ വിശ്വാസത്തിലൂടെ സഞ്ചരിച്ച് അവരെ വിശ്വാസത്തിൽ നിന്നും അറിവിന്റെ കാഴ്ചയിലേക്കുയർത്തേണ്ടത്. ചുരുങ്ങിയ പക്ഷം ഒരു പാവം നായയെ കണ്ടാൽ അതിനെ സ്‌നേഹത്തോടെ നോക്കിയില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള മനസ്സ് കൈവന്നാൽ അത് ക്ഷേത്രമോ മറ്റ് ആരാധനാലയങ്ങളോ വിരൽ ചൂണ്ടുന്നിടത്തേക്കുള്ള നോട്ടമായിരിക്കും. പേടിയിൽനിന്നകലുമ്പോൾ അടുക്കുക ധൈര്യത്തിലേക്കായിരിക്കും. ധൈര്യത്തിന്റെ സാന്നിദ്ധ്യത്തിൽ മാത്രമേ വ്യക്തിയിലും സമൂഹത്തിലും അക്രമം അകന്നുനിൽക്കുകയുള്ളു.