Skip to main content

Stray dogs, ABCD

 

എ ബി സി ഡി. എന്തിന്റേയും പ്രാഥമിക കാര്യങ്ങളെ ദ്യോതിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണിത്. ചുരിക്കിപ്പറഞ്ഞാല്‍ ബാലപാഠം. ഇപ്പോള്‍ കൊച്ചി നഗരസഭയും ഒരു എ ബി സി ഡി ആരംഭിച്ചിരിക്കുന്നു. അതിനായി ഒരു കോടി ഇരുപതു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ഫോര്‍ ഡോഗ്‌സ് എന്നാണ് എ ബി സി ഡി കൊണ്ടുദ്ദേശിക്കുന്നത്. തെരുവുനായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനായി നഗരസഭ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി. ഇതു പ്രകാരം തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളെ പിടിച്ച് അവയെ വന്ധ്യം കരിക്കും. ഏതാനും വര്‍ഷം കഴിയുമ്പോള്‍ ഈ തെരുവു നായ്ക്കളുടെ വംശം അപ്പാടെ നിന്നു പോകും. പുരോഗമനത്തിന്റേയും മനുഷ്യസുരക്ഷയേയും മുന്‍നിര്‍ത്തി പരോക്ഷമായി മനുഷ്യന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന വിദേശ പദ്ധതിയുടെ പിന്‍ബലം ഈ തീരുമാനത്തിന്റെ ഉറവിടം അന്വേഷിച്ചാല്‍ കിട്ടുമെന്ന് ഉറപ്പാണ്.     

 

ഒരു പരിരക്ഷയുമില്ലാതെ ആവാസകേന്ദ്രമില്ലാതെ തെരുവില്‍ വെയിലത്തും മഴയത്തും മഞ്ഞിലുമൊക്കെ ജീവിച്ചിട്ടും ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്ന വിഭാഗമാണ് ഇവിടുത്തെ തെരുവ് നായ്ക്കള്‍. അതേസമയം മനുഷ്യനേക്കാള്‍ പരിചരണം വേണ്ടതാണ് ഇപ്പോള്‍ ഓമനയായി വീടുകളില്‍ വളര്‍ത്തപ്പെടുന്ന നായ്ക്കള്‍. ഈ വിദേശികളുടെ വരവോടെയാണ് വീടിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്ന നാടന്‍ നായ്ക്കള്‍ പടിക്കുപുറത്തായത്. ഇതേ പ്രക്രിയയാണ് കന്നുകാലികളുടെ കാര്യത്തിലും നടന്നത്. ആവാസ വ്യവസ്ഥയിലെ മുഖ്യകണ്ണിയായിരുന്ന നാടന്‍ പശുക്കളുടെ വംശത്തെ നാം ആധുനികതയുടേയും വികസനത്തിന്റേയും പേരില്‍ ഇല്ലാതാക്കി. കൃത്രിമ കാലികള്‍ പകരം വന്നു. അതിന്റെ പാലുപയോഗിക്കുന്നവരുടെ ആരോഗ്യവും അതേ അവസ്ഥയിലേക്കായി. ഒടുവില്‍ തിരിച്ചറിഞ്ഞു, ഈ നാടിന്റെ ആത്മാവും ആരോഗ്യവും പേറുന്ന നാടന്‍ പശുക്കളെയാണ് ഇല്ലായ്മ ചെയ്തതെന്ന്. അതിന്റെ ജീനുകള്‍ ആരോഗ്യത്തിന്റേതായിരുന്നുവെങ്കില്‍ ആധുനിക കന്നുകാലികളുടേത് അനാരോഗ്യത്തിന്റേതാണ്. അനാരോഗ്യം വരുമ്പോള്‍ വികസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടേയും ആശുപത്രികളുടേയും വൈദ്യശാസ്ത്ര ഉപകരണങ്ങളുടേയും കമ്പോളം ഊഹിക്കാവുന്നതാണ്. അതിനുദാഹരണം കേരളം തന്നെയാണ്. ഇന്നിപ്പോള്‍ മെഡിക്കല്‍ കോളേജ് ഓരോ ജില്ലയിലും സ്ഥാപിക്കുന്നത് വികസനത്തിന്റെ മുദ്രയായി കാണുന്ന മാനസികാവസ്ഥയിലേക്കും മലയാളി മാറിക്കഴിഞ്ഞു. എന്നുവെച്ചാല്‍ രോഗികളുടം ആധിക്യത്തെ സ്വപ്‌നം കാണുന്ന സമൂഹം.

 

രോഗാതുരമായ മാനസികാവസ്ഥയാണ് അടിമത്തത്തിന് അനുകൂലമായ കാലാവസ്ഥ. എന്തിനും ഏതിനും ആ സമൂഹത്തെ ഉപയോഗിക്കാം. എന്തും അടിച്ചേല്‍പ്പിക്കാം. ഓരോ പദ്ധതികള്‍ പുരോഗമനത്തിന്റേയും ആധുനികതയുടേയും പേരില്‍ കൊണ്ടുവരുമ്പോള്‍ അത് തങ്ങള്‍ക്ക് ആവശ്യമുള്ളതാണോ എന്ന് ചിന്തിക്കാനും തീരുമാനമെടുക്കുന്നവരെക്കൊണ്ട് പുനരാലോചന നടത്തിക്കാനും ആരോഗ്യമുള്ള സമൂഹത്തിനു മാത്രമേ കഴിയുകയുള്ളു. അതിന് ബോധവും അവബോധവും അനിവാര്യമാണ്. ഈ മണ്ണില്‍ ഏതു പ്രതികൂല കാലവാസ്ഥയേയും അതിജീവിക്കാന്‍ കഴിവുള്ള ജീവിയുണ്ടെങ്കില്‍ അത്  ഇവിടുത്തെ മണ്ണിന്റേയും പ്രകൃതിയുടേയും ഗുണമാണ് സൂചിപ്പിക്കുന്നത്. ആ ജീവിയുടെ ജീനുകള്‍ക്ക് മൊത്തം ആവാസവ്യവസ്ഥയില്‍ നിര്‍ണ്ണായകമായ പങ്കുണ്ട്. ഒന്ന് മറ്റൊന്നിന്റെ നിലനില്‍പ്പിന് ഉപോല്‍ബലകമാണ്. അതൊരു കണ്ണിയാണ്. ആ കണ്ണിയാണ് നാടന്‍ പശുക്കളുടെ വംശനശീകരണത്തോടെ സംജാതമായത്. പ്രകൃതിയുടെ നൈസര്‍ഗികതയില്‍ ഇടപെടുമ്പോള്‍ അതീവ ശ്രദ്ധ വേണം. അതാണ് അധികാരികള്‍ അറിഞ്ഞിരിക്കേണ്ട തീരുമാനമെടുക്കലിന്റെ എ ബി സി ഡി. അധികാരത്തിലെത്തുവര്‍ക്ക് ഈ എ ബി സി ഡി അറിയാന്‍ കഴിയാതെ പോയതിന്റെ കൊടിയ ദുരന്തങ്ങളാണ് ഇന്ന് വര്‍ധിതമായ തോതില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍. ഈ നാടന്‍ നായ്ക്കള്‍( തെരുവ് നായ്ക്കള്‍ എന്നു വിളിക്കുന്നതില്‍ സ്വയം ലജ്ജ തോന്നേണ്ടതാണ്) ഇവിടുത്തെ ജൈവ നൈസര്‍ഗികതയുടെ ഭാഗമാണ്. ഇവയുടെ വംശത്തെ നശിപ്പിക്കുമ്പോള്‍ ജനിതക കണ്ണിയില്‍ വിടവ് വരുത്തുകയാണ്. ആ വിടവ് മനുഷ്യനേയും ബാധിക്കും. സംശയമില്ല. അവയുടെ വംശം നശിച്ചുകഴിയുമ്പോള്‍ നാശത്തിന് വഴിവച്ചവര്‍ തന്നെ ഇവയുടെ ജൈവപ്രാധാന്യവും കൊട്ടിഘോഷിച്ചുകൊണ്ട് രംഗത്തെത്തും. അപ്പോള്‍ നാടന്‍ നായയുടെ ചിത്രങ്ങളും പൈങ്കിളിക്കഥകളുമായി മാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്യും.

 

അധികാരികളെപ്പോലെ ചില എ ബി സി ഡി കള്‍ മാധ്യമപ്രവര്‍ത്തകരും അറിയാതെ പോയതാണ് ഇപ്പോള്‍ നാടന്‍ നായ്ക്കളുടെ വംശനാശത്തിന് കാരണമായിരിക്കുന്നത്. പൈങ്കിളി മാധ്യമപ്രവര്‍ത്തനത്തിന്റെ ലക്ഷണമാണ് കിട്ടുന്നതിനെ വില്‍പ്പനയ്ക്ക് ഒരുക്കി വില്‍ക്കുക എന്നത്. അതിന്റെ വാര്‍ത്താ പ്രാധാന്യമോ അതിലെ യഥാര്‍ഥ വാര്‍ത്ത എന്താണെന്നുള്ളതോ ഒന്നും പൈങ്കിളി മാധ്യമപ്രവര്‍ത്തന സംസ്‌കാരത്തില്‍ വിഷയമല്ല. ഒരു  ദിവസം കൊച്ചി നഗരത്തില്‍ വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണവുമായി തട്ടിച്ചുനോക്കുമ്പോള്‍ തെരുവില്‍ അലയുന്ന നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവം വിരളമാണ്. എവിടെയെങ്കിലും ആരെയെങ്കിലും ഒരു നായ കടിച്ചാല്‍ അത് വന്‍ വാര്‍ത്തയാകുന്നു. എന്നിട്ട് തെരുവ് നായ്ക്കളുടെ ശല്യം വന്‍ വാര്‍ത്തയും. വാഹനാപകടങ്ങളില്‍ അനേകര്‍ മരിക്കുമ്പോള്‍ ഈ തെരുവ് നായ കടിച്ച് ആരും തന്നെ മരിക്കുന്നില്ല എന്നുള്ളതും ഓര്‍ക്കേണ്ടതാണ്. കൊച്ചി നഗരസഭ എ ബി സി ഡിയുമായി മുന്നിട്ടിറങ്ങുന്ന വാര്‍ത്ത കോര്‍പ്പറേഷന്റെ വലിയ ജനനന്മ സംരംഭമായി ചിത്രീകരിച്ചുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ പത്രത്തില്‍ തെരുവുനായ്ക്കളുടെ ശല്യം വെണ്ടക്ക അക്ഷരത്തില്‍ വന്നിട്ടുണ്ടാകും. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇതിനേയും കൈകാര്യം ചെയ്തിരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ ഇതിനെല്ലാം തിരക്കഥയെഴുതിയവര്‍ ഗുപ്തമായി ചിരിക്കുന്നുണ്ടാകും. സ്വയം നാശത്തിന് ചൂട്ട് പിടിക്കുന്നവരെ കാണുമ്പോള്‍ എങ്ങനെ ചിരിക്കാതിരിക്കാനാകും.

 

എടുത്തുപറയേണ്ട മറ്റൊന്ന് പണ്ടത്തെ തെരുവുനായ്ക്കളെപോലയല്ല ഇപ്പോഴത്തവ. അവ തമ്മില്‍ പണ്ടത്തെപ്പോലെ പരസ്പരം കടിപിടി കൂടുന്ന കാഴ്ച കാണാനേ ഇല്ല. എന്തിന് ഒരു ടെലിവിഷന്‍ ചര്‍ച്ചയുടെ ബഹളവും ആക്രോശവും പോലും ഇവ പൊതുസ്ഥലങ്ങളില്‍ ഉണ്ടാക്കുന്നില്ല. മാത്രവുമല്ല മനുഷ്യരെ അവര്‍ പേടിക്കുകയും അവരെ അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. മനുഷ്യന് മനസ്സിലാകാത്ത പലതും മനസ്സിലാക്കാനുള്ള ശേഷി മൃഗങ്ങള്‍ക്കുണ്ട്. വിശേഷിച്ചും നായ്ക്കള്‍ക്ക്. അതുകൊണ്ടുകൂടിയാകാം സ്വയരക്ഷയോര്‍ത്ത് അവ മിണ്ടാതെ, മുരളാതെ ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും. ഇതിനുപരി രാത്രികാലങ്ങളില്‍ ക്രമസമാധാന പാലനത്തില്‍ ഇവറ്റകള്‍ വഹിക്കുന്ന പങ്കും വിസ്മരിക്കാവുന്നതല്ല. അതുപോലെ മനുഷ്യന് ഉപകാരപ്രദമായ പല സാമൂഹ്യകാര്യങ്ങളിലും വേസ്റ്റ് നിര്‍മാജനത്തിലുമൊക്കെ ഈ നായ്ക്കള്‍ പങ്ക് വഹിക്കുന്നുണ്ട്. തീരുമാനമെടുക്കുന്നതിന്റെ 'എ ബി സി ഡി' അറിയാത്തവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മാനവരാശിക്കു തന്നെ ഭീഷണിയാണ്.

Ad Image