ലോകസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ. അഹമ്മദും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി മത്സരിക്കും. ഇന്ന്‍ കോഴിക്കോട് നടന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്, പ്രവര്‍ത്തക സമിതി യോഗങ്ങളിലാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
മലപ്പുറത്ത് ഇ.അഹമ്മദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കീഴ്ഘടങ്ങള്‍ അഭിപ്രായം പറയുന്നത് സ്വാഭാവിക നടപടിയാണെന്നായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ വരേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന പ്രത്യേക സാഹചര്യത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ അഹമ്മദിന് കഴിയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.