തിരൂരില്‍ മംഗലത്ത് പട്ടാപ്പകല്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നിയമം കൈയില്‍ എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഇന്നലെ നടന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ നിന്ന് സി.പി.ഐ.എം മൂന്നു സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി നടന്ന ആഹ്‌ളാദ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടി.
തിരിച്ചെത്തിയ ഇവര്‍ പ്രകടനം കഴിഞ്ഞ് മടങ്ങിപ്പോയ സി.പി.ഐ.എം പ്രവര്‍ത്തകരായ രണ്ടു പ്രവര്‍ത്തകരുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കൈകാലുകളില്‍ മാരകമായി വെട്ടേറ്റ പ്രവര്‍ത്തകരെ റോഡിലിട്ട് വീണ്ടും വെട്ടി ആക്രമിക്കുന്നവരെ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.
സി.പി.ഐ.എം പ്രവര്‍ത്തകരായ മജീദ്, അര്‍ഷാദ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ അപകടനില തരണം ചെയ്തു.
മുസ്ലിംലീഗ്-എന്‍.ഡി.എഫ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പിണറായി വിജയന്‍ ആരോപിച്ചു. അതേസമയം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.