Skip to main content
കൊച്ചി

ഡാറ്റാ സെന്റര്‍ കേസില്‍ ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാര്‍ നിലപാടാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി. ഇക്കാര്യം വ്യക്തമാക്കി രണ്ടു ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നിലപാട് അറിയിച്ചതെന്നാണ് ദണ്ഡപാണി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുക.

 

ഡാറ്റ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കോടതിയെ കളിയാക്കുകയാണോയെന്നും ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.

 

നേരത്തെ ഇതേഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണത്തിന് തീരുമാനിച്ചിട്ടില്ലെന്ന അറ്റോര്‍ണി ജനറല്‍ അറിയിച്ചതും ഇത് തിരുത്തി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചതും കോടതി വിമര്‍ശിച്ചിരുന്നു. സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കേയാണ് എ.ജി സത്യവാങ്മൂലം സമര്‍പ്പിക്കുക.

Tags