Skip to main content
ന്യൂഡല്‍ഹി

ഡാറ്റാ സെന്റര്‍ കേസില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച  സത്യവാങ്മൂലത്തിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. അഡ്വക്കേറ്റ് ജനറലിന് പകരം ചീഫ് സെക്രട്ടറിയാണോ സത്യവാങ്മൂലം സമർപ്പിക്കേണ്ടതെന്നും കോടതി ചോദിച്ചു. മാത്രമല്ല സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോയെന്നും ജസ്റ്റീസ് എച്ച്.എൽ.ദത്തു, എന്‍.വൈ ഇക്ബാല്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. തുടര്‍ന്ന് എ.ജി തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

 

അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതിക്ക് പകരം മുതിര്‍ന്ന അഭിഭാഷകനായ വി. ഗിരിയാണ് കേരളത്തിന് വേണ്ടി ഹാജരായത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശം. കഴിഞ്ഞ തവണ അറ്റോണി ജനറൽ പറഞ്ഞത് സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ്. എന്നാൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത് കോടതിയെ കളിയാക്കാനാണോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേസ് ഒക്ടോബര്‍ 21-ന് വീണ്ടും പരിഗണിക്കും.

 

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അഭിപ്രായങ്ങൾ ശരിയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ രംഗത്തെത്തി. സർക്കാർ കോടതിയെയും ജനങ്ങളെയും കബളിപ്പിക്കുവാൻ ശ്രമിക്കുകയാണ്. ഡാറ്റാ സെന്റർ കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.